ചെന്നൈ: തമിഴ്നാടിന്റെ നികുതി വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം സാമ്പത്തികമായി സമ്മർദം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
കേന്ദ്ര പദ്ധതികൾക്കുപോലും ബി.ജെ.പി സർക്കാർ പണം നൽകുന്നില്ലെന്നും ജി.എസ്.ടി പരിഷ്കരണത്തിലൂടെ വലിയ സാമ്പത്തിക സമ്മർദമാണ് തമിഴ്‌നാടിന് മുകളിൽ ചുമത്തുന്നതെന്നും സ്റ്റാലിൻ ചെന്നൈയിൽ പറഞ്ഞു.
ഈ സാമ്പത്തിക പ്രതിസന്ധി കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സംസ്ഥാനം ഈ പ്രതിസന്ധിയെ മറികടക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
പഴയ പെൻഷൻ പദ്ധതിയെക്കുറിച്ച് പറഞ്ഞ സ്റ്റാലിൻ, ഈ പെൻഷൻ നിർത്തലാക്കിയത് എ.ഐ.ഡി.എം.കെ ആണെന്നും സർക്കാർ പദ്ധതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദി ന്യൂസ് മിനുറ്റിനോട് പറഞ്ഞു.
സർക്കാർ ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിന്നതിനുവേണ്ടി സർക്കാർ തമിഴ്‌നാട് അഷ്വേർഡ് പെൻഷൻ പദ്ധതി കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതിപ്രകാരം സർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കുമെന്നും 10 ശതമാനം മാത്രമാണ് ജീവനക്കാർ നൽകേണ്ടതെന്നും ബാക്കി വിഹിതം സർക്കാർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
‘കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനുള്ള മുഴുവൻ ചെലവും തമിഴ്‌നാട് സർക്കാർ വഹിക്കും,’ അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ പദ്ധതിക്ക് 13000 കോടിരൂപ അധികച്ചെലവ് വരുമെന്നും അതിൽ 11000 കോടിരൂപ സംസ്ഥാന സർക്കാർ നൽകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.