ദാസ് സാർ ‘സ’ എന്ന് മാത്രം പാടിയാലും അത് പാൽപ്പായസം പോലെയായിരിക്കും, അതി മധുരമാണ്: എം. ജയചന്ദ്രൻ
Malayalam Cinema
ദാസ് സാർ ‘സ’ എന്ന് മാത്രം പാടിയാലും അത് പാൽപ്പായസം പോലെയായിരിക്കും, അതി മധുരമാണ്: എം. ജയചന്ദ്രൻ
നന്ദന എം.സി
Sunday, 7th June 2026, 10:16 am

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് കെ. ജെ. യേശുദാസ്. മലയാള സംഗീതലോകത്തിന്റെ അഭിമാനമായി മാറിയ അദ്ദേഹം ഇന്ത്യൻ സിനിമാ സംഗീത രംഗത്തും അതുല്യമായ സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.

തലമുറകൾ കടന്നും തന്റെ സ്വരമാധുര്യം കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുദാസിനെ കുറിച്ച് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു യേശുദാസിനെക്കുറിച്ചുള്ള തന്റെ ആരാധനയും അനുഭവങ്ങളും എം. ജയചന്ദ്രൻ പങ്കുവെച്ചത്. സംഗീത ലോകത്ത് യേശുദാസിന് പകരം വയ്ക്കാൻ മറ്റൊരാളില്ലെന്നും അദ്ദേഹത്തെ കുറിച്ച് സംസാരിക്കാൻ പോലും വാക്കുകൾ മതിയാകില്ലെന്നുമാണ് ജയചന്ദ്രൻ പറയുന്നത്.

എം. ജയചന്ദ്രൻ, Photo: X.com

‘ദാസ് സാർ എന്ന് പറഞ്ഞാൽ ദി അൾട്ടിമേറ്റ്. നോ വേർഡ്സ്. അവിടെയൊക്കെ സൈലൻസാണ്. കാരണം ഒരു മരം ഒരിക്കലും അതിന്റെ തണലിനെ കുറിച്ച് സംസാരിക്കാറില്ല. അല്ലെങ്കിൽ ചന്ദ്രൻ അതിന്റെ നിലാവിനെ കുറിച്ച് സംസാരിക്കാറില്ല.

അതുകൊണ്ട് ദാസ് സാറിനെ കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല. അദ്ദേഹം ലോകം മൊത്തം പരക്കുന്ന നിത്യമായിട്ടുള്ള ഒരു നിലാവാണ്. സംഗീതത്തിന്റെ നിലാവാണ്. അതുപോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല,’ എന്നാണ് എം. ജയചന്ദ്രൻ പറഞ്ഞത്.

യേശുദാസിനെ നേരിൽ കാണുന്നത് പോലും ഒരുകാലത്ത് വലിയ ഭാഗ്യമായി കരുതിയിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ‘ദാസ് സാറിനെയൊന്ന് നേരിട്ട് കണ്ടാൽ അത് തന്നെ വലിയ ഭാഗ്യം എന്ന് വിചാരിച്ചു നിന്ന ഒരാളാണ് ഞാൻ. വയലാർ സാർ എഴുതിയ പാട്ട്, ദേവരാജൻ മാസ്റ്ററുടെ സംഗീതം, ദാസ് സാർ പാടുന്നു.

കെ. ജെ. യേശുദാസ് Photo: X.com

ഞാൻ ഈ ചെകുത്താതെയും കടലിന്റെയും നടുക്ക് നിൽക്കുന്ന ഒരു അവസ്ഥ. ഒന്നുമറിയാത്ത ഞാൻ. അന്നാണ് ഞാൻ ആദ്യമായിട്ട് ദാസ് സാറിന്റെ ശബ്ദം ഹെഡ്‌ഫോണിൽ കേൾക്കുന്നത്,’ എന്നും അദ്ദേഹം പറഞ്ഞു.

യേശുദാസിന്റെ ശബ്ദത്തിന്റെ പ്രത്യേകതയെ കുറിച്ചും ജയചന്ദ്രൻ സംസാരിച്ചു. ‘ദാസ് സാർ വെറും ‘സ’ എന്ന് പാടിക്കഴിഞ്ഞാൽ അത് പാൽപ്പായസം പോലെയായിരിക്കും. അതി മധുരമാണ്. ചില ഫ്രെയ്സസ് ഒക്കെ അദ്ദേഹം പാടുമ്പോൾ നമുക്ക് അറിയാതെ രോമാഞ്ചം സംഭവിക്കും,’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരു സംഗീത സംവിധായകനെന്ന നിലയിൽ യേശുദാസിന്റെ പാട്ടുകൾ സ്റ്റുഡിയോയിൽ നേരിട്ട് കേൾക്കാനും ആ അനുഭവം ആസ്വദിക്കാനും കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നാണെന്നും എം. ജയചന്ദ്രൻ കൂട്ടിച്ചേർത്തു.

Content Highlight: M Jayachandran talks about K. J. Yesudas

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.