| Saturday, 17th May 2025, 9:56 am

ബാബരി മസ്ജിദ് പൊളിച്ച രാത്രിയിലാണ് ആ പാട്ടെഴുതിയത്; രാമന് പോലും സഹിക്കാന്‍ പറ്റില്ലെന്ന് തോന്നി: കൈതപ്രം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വാത്സല്യം എന്ന ചിത്രത്തിലെ ഗാനങ്ങളെ കുറിച്ചും അതിലെ ചില വരികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.

അലയും കാറ്റിന്‍ ഹൃദയം എന്ന തുടങ്ങുന്ന ഗാനത്തെ കുറിച്ചും ആ പാട്ട് എഴുതിയ രാത്രിയെ കുറിച്ചുമൊക്കെയാണ് കൈതപ്രം സംസാരിക്കുന്നത്.

വാത്സല്യം സീതാരാമന്‍മാരുടെ കഥയാണെന്നും കൈതപ്രം പറയുന്നു. ബാബരി മസ്ജിദ് പൊളിച്ച ദിവസമാണ് താന്‍ ആ പാട്ടെഴുതിയതെന്നും കൈതപ്രം പറയുന്നു.

വളരെ വിഷമം തോന്നിയ ഒരു ദിവസമായിരുന്നു അതെന്നും രാമന് പോലും സഹിക്കാന്‍ പറ്റാത്ത കാര്യമായിട്ടാണ് തനിക്ക് അതിനെ തോന്നിയതെന്നും കൈതപ്രം പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൈതപ്രം.

‘ വാത്സല്യത്തിലെ ‘അലയും കാറ്റിന്‍ ഹൃദയം’ എന്ന് തുടങ്ങുന്ന ഗാനം. അത് ശരിക്കും ആ കഥയിലുള്ള വരികളാണ്. രാമനാണ് ഏട്ടന്‍. സീതാരാമന്‍മാരുടെ കഥയാണ് അത് ശരിക്കും.

അത് മാത്രമല്ല. ആ പാട്ടെഴുതുന്ന ദിവസമാണ് ബാബരി മസ്ജിദ് പള്ളി പൊളിക്കുന്നത്. അപ്പോഴാണ് ഞാന്‍ ഇതെഴുതുന്നത്. ‘രാമായണം കേള്‍ക്കാതെയായ് പൊന്‍ മൈനകള്‍ മിണ്ടാതെയായ്’ എന്ന് ഞാനെഴുതി. അറിയാതെ ഈ വരികള്‍ വന്നു.

അതും ഒരു വിഷയമായിരുന്നു. എനിക്കത് ഭയങ്കര സങ്കടമായിപ്പോയി. എന്തൊക്കെ ന്യായം പറഞ്ഞാലും. അത് രാമന് പോലും സഹിക്കാന്‍ പറ്റാത്ത ഒന്നാണെന്ന തോന്നലാണ് എനിക്ക് ഉണ്ടായത്.

ഞാന്‍ രാഷ്ട്രീയം പറയുകയല്ല. എനിക്ക് പേഴ്‌സണലായി തോന്നിയ ഒരു കാര്യം പറയുകയാണ്. പള്ളി പൊളിച്ച ആ രാത്രിയാണ് ഞാന്‍ ആ പാട്ട് എഴുതുന്നത്,’ കൈതപ്രം പറയുന്നു.

Content Highlight: Lyricist Kaithapram Damodaran Namboothiri about demolition of Babri Masjid and his Lyrics

We use cookies to give you the best possible experience. Learn more