റിയോ ഡി ജനീറോ: തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് (ഒക്ടോബര്‍ 25, ഞായര്‍) നടക്കാനിരിക്കുന്ന ബ്രസീലില്‍ നിലവിലെ പ്രസിഡന്റും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെ അനുകൂലിച്ചുള്ള റാലിയില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു. തീവ്ര വലത് സ്ഥാനാര്‍ത്ഥിയായ ഫ്‌ളാവിയോ ബോള്‍സോനാരോയ്ക്കെതിരായ തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് വ റിയോ ഡി ജനീറോയില്‍ നടന്ന റാലിയില്‍ ലുല പറഞ്ഞതായി ടെലിസര്‍ റിപ്പോര്‍ട്ട് ചെയ്തു.

‘നമ്മള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാളെ ഞാന്‍ വീണ്ടും റിപ്പബ്ലിക്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും, ഇത് കുറിച്ചുവെച്ചോളൂ,’ ശനിയാഴ്ച വൈകിട്ട് നടന്ന റാലി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ലുല മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യവും സ്വാതന്ത്ര്യവും, നല്ല മനസ്സുള്ള ജനങ്ങളും ഈ രാജ്യത്ത് നേരിടുന്ന അപകടത്തെക്കുറിച്ച് ബ്രസീലിയന്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ നമുക്ക് പരാജയപ്പെടാന്‍ കഴിയില്ലെന്നും ലുല പറഞ്ഞു. തീവ്ര വലത് സ്ഥാനാര്‍ത്ഥിയായ ഫ്‌ളാവിയോയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമര്‍ശം.

‘നമ്മള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു എന്നത് സത്യമാണ്, എന്നാല്‍ അത് മെച്ചപ്പെട്ട, മുന്നോട്ടുള്ള മാറ്റമായിരിക്കണം. ജനങ്ങള്‍ പിന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല,’ ലുല പറഞ്ഞു.

തനിക്ക് ചൈനീസ്, അമേരിക്കന്‍ സൈന്യത്തേക്കാള്‍ വലിയൊരു സൈന്യമുണ്ടെന്നും അത് ലുലയുടെ സൈന്യമാണെന്നും അദ്ദേഹം റാലിയില്‍ പ്രസംഗിക്കവെ പറഞ്ഞു. ‘ജനാധിപത്യത്തിന്റെ സൈനികര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന, ഒരു കോടിയിലധികം ഉപയോക്താക്കളുള്ള ഒരു വാട്സ്ആപ്പ് ചാനലിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

എതിര്‍ സ്ഥാനാര്‍ത്ഥി ഫ്‌ലാവിയോ ബോള്‍സോനാരോയെ ഒരു സായുധസംഘടനക്കാരന്‍ എന്നും ലുല വിശേഷിപ്പച്ചു. റിയോ ഡീ ജനീറോയിലെ സായുധ ഗ്രൂപ്പുകളുടെ അടുത്ത വ്യക്തികളുമായി ഫ്‌ളാവിയോ ബോള്‍സോനാരോയ്ക്ക് ബന്ധമുണ്ടെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു ഈ വിശേഷണം.

ഇടത് പക്ഷത്തുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ലുലയും തീവ്ര വലത് പക്ഷത്തുള്ള ലിബറല്‍ പാര്‍ട്ടി നേതാവും ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സോനാരോയുടെ മകന്‍ ഫ്‌ലാവിയോ ബോള്‍സോനാരോയും ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പായാണ് വിലയിരുത്തപ്പെടുന്നത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് നാലാം ഊഴം തേടിയാണ് ലുല ഇന്ന് ഇറങ്ങുന്നത്. ഫ്‌ലാവിയോ ബോള്‍സോനാരോ ഇത് ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ബ്രസീലില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം അഞ്ചിന് നടന്ന ഒന്നാം ഘട്ടത്തില്‍ ഫ്‌ലാവിയോ ബോള്‍സോനാരോക്ക് 47 ശതമാനം വോട്ട് നേടി മുന്നിലെത്തിയിരുന്നു. 45 ശതമാനം വോട്ടോടെ രണ്ടാമതായിരുന്നു ലുല. ആര്‍ക്കും 50 ശതമാനത്തിന് മുകളില്‍ ആദ്യ ഘട്ടത്തില്‍ വോട്ട് ലഭിക്കാത്ത സാഹചര്യങ്ങളിലാണ് ബ്രസീല്‍ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങാറ്.

ആകെ 12 സ്ഥാനാര്‍ത്ഥികളായിരുന്നു ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റവും മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളായ ലുലയും ഫ്‌ലാവിയോ ബോള്‍സോനാരോയും രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുകയായിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയാണ് ഫ്‌ളാവിയോ ബോള്‍സോനാരോ. തെരഞ്ഞെടുപ്പില്‍ ബോള്‍സോനാരോയ്ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ അവരുടെ അല്‍ഗോരിതത്തിലും എ.ഐ സംവിധാനങ്ങളിലും മാറ്റം വരുത്തി എന്ന ആരോപണം ഉയര്‍ന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ മെറ്റെ ഇടപെട്ടുവെന്നാരോപിച്ച്, ബോള്‍സോനാരോയെ അയോഗ്യനാക്കണമെന്ന് ലുലയുടെ പ്രചാരണ വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഈ കാര്യം ആവശ്യപ്പെട്ട് അവര്‍ രാജ്യത്തെ പരമോന്നത തിരഞ്ഞെടുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ, വാട്‌സാപ്പിലൂടെ സര്‍ക്കാര്‍ അനുകൂല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചുവെന്നാരോപിച്ച്, ലുലയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബോള്‍സോനാരോയും കോടതിയെ സമീപിച്ചു.

Content Highlight: Lula Rallies Millions in Rio and is Confident of Victory Over Far-Right Bolsonaro