'ഓസീസും ന്യൂസിലാന്‍ഡും കഴിഞ്ഞു ലൂക് റോഞ്ചി ഇനി പാകിസ്താനില്‍?'; റോഞ്ചി പാകിസ്താന്‍ ദേശീയ ടീമില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
Pakistan Cricket
'ഓസീസും ന്യൂസിലാന്‍ഡും കഴിഞ്ഞു ലൂക് റോഞ്ചി ഇനി പാകിസ്താനില്‍?'; റോഞ്ചി പാകിസ്താന്‍ ദേശീയ ടീമില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th March 2018, 10:17 am

ഇസ്‌ലാമാബാദ്: ഓസീസ് ദേശീയ ടീമിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് കടന്നുവരികയും പിന്നീട് ന്യൂസിാന്‍ഡിന്റെ വിക്കറ്റ് കീപ്പിങ്ങ് ബാറ്റ്‌സ്മാനായി തിളങ്ങുകയും ചെയ്ത താരമാണ് ലൂക് റോഞ്ചി. കഴിഞ്ഞ വര്‍ഷത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച താരം ഇപ്പോള്‍ വിവിധ ലീഗുകളില്‍ ട്വന്റി-20 ടൂര്‍ണ്ണമെന്റുകളില്‍ തിളങ്ങുകയാണ്.

കഴിഞ്ഞദിവസം അവസാനിച്ച പാകിസ്താന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ഇസ്‌ലാമാബാദ് യുണൈറ്റഡിനെ ഫൈനലില്‍ ഉള്‍പ്പെടെ മുന്നില്‍ നിന്നു നയിച്ചത് 36 കാരനായ റോഞ്ചിയായിരുന്നു.എന്നാല്‍ ലീഗ് അവസാനിച്ചതിനു പിന്നാലെ മുന്‍ താരവും കമന്റേറ്ററുമായ റമീസ് രാജ റോഞ്ചിയെ പാക് ദേശീയ ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.

റോഞ്ചിക്ക് പാകിസ്താന്‍ പൗരത്വം നല്‍കണമെന്നും താരത്തിന്റെ സാന്നിധ്യം ദേശീയ ടീമിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് റമീസ് രാജ പറഞ്ഞിരിക്കുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ റോഞ്ചി ഓസീസിനും ന്യൂസിലാന്‍ഡിനുമായാണ് കളത്തിലിറങ്ങിയിട്ടുള്ളത്. ഓസീസിനായി നാല് ഏകദിന മത്സരങ്ങളും മൂന്ന് ടി-20 മത്സരങ്ങളും 2008-2009 കാലഘട്ടത്തിലാണ് റോഞ്ചി കളിച്ചത്.

അതിന് ശേഷമാണ് ജന്മനാടായ ന്യൂസിലാന്‍ഡ് ദേശീയ ടീമിലേക്ക് താരം മടങ്ങുന്നത്. 2013 ല്‍ കിവീസ് ക്രിക്കറ്റ് ടീമിനായി കളിച്ച താരം. ന്യൂസിലാന്‍ഡിനായി നാല് ടെസ്റ്റുകള്‍, 85 ഏകദിനങ്ങള്‍, 32 ടി-20 മത്സരങ്ങളും റോഞ്ചി കളിച്ചു. കഴിഞ്ഞ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും ന്യൂസിലാന്‍ഡിനായി കളിക്കാനിറങ്ങിയിരുന്നു.

റമീസ് രാജ റോഞ്ചിക്കായി രംഗത്തെത്തിയതോടെയാണ് താരം പാകിസ്താന്‍ ടീമിനായും ഇറങ്ങാന്‍ പോകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. “റോഞ്ചി ലീഗ് മത്സരങ്ങളെല്ലാം കളിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം ഒരു രാജ്യകത്തെയും പ്രതിനിധീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ കരുതുന്നത് അഹേത്തിനു പാകിസ്താന്‍ പൗരത്വം നല്‍കുകയും നമുക്കായി കളിക്കാന് ആവശ്യപ്പെടുകയും വേണമെന്നാണ്. അല്ലെങ്കില്‍ ലീഗ് മത്സരങ്ങള്‍ക്ക് മാത്രമായി അയാളെ നഷ്ടപ്പെടുത്തും.” റമീസ് രാജ പറഞ്ഞു.