യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി പാരീസ് സെന്റ് ജെര്‍മെയ്ന്‍ കിരീടമണിഞ്ഞിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ററിനെ ചുരുട്ടിക്കെട്ടിയാണ് പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയത്.
പി.എസ്.ജി എന്ന ടീമിന്റെ മാത്രമല്ല ലൂയീസ് എൻറിക്വ് എന്ന പരിശീലകന്റെ കൂടി വിജയമായിരുന്നു മ്യൂണിക്കില്‍ ആരാധകര്‍ കണ്ടത്. 2014/15ല്‍ ബാഴ്‌സലോണയ്‌ക്കൊപ്പം സ്വന്തമാക്കിയ യൂറോപ്യന്‍ കിരീടം ചരിത്രത്തിലാദ്യമായി ലൂച്ചോ പാരീസിലുമെത്തിക്കുകയായിരുന്നു.
ഇതോടെ ഒരു ചരിത്ര നേട്ടത്തിലേക്കാണ് എൻറിക്വ് കാലെടുത്ത് വെച്ചത്. രണ്ട് വിവിധ ടീമുകള്‍ക്കൊപ്പം ട്രെബിള്‍ പൂര്‍ത്തിയാക്കുന്ന പരിശീലകന്‍ എന്ന ഐതിഹാസിക നേട്ടമാണ് എൻറിക്വ് സ്വന്തമാക്കിയത്. ബാഴ്‌സയിലെ തന്റെ മുന്‍ സഹതാരവും ഇതിഹാസ പരിശീലകനുമായ പെപ് ഗ്വാര്‍ഡിയോള മാത്രമാണ് ഇതിന് മുമ്പ് ഈ ചരിത്ര നേട്ടത്തിലെത്തിയത്.
2014/15 സീസണിലാണ് ലൂച്ചോ ആദ്യമായി ട്രെബിള്‍ കിരീടത്തിന്റെ മധുരമറിഞ്ഞത്. 94 പോയിന്റുമായി അന്ന് ലാ ലിഗ കിരീമറിഞ്ഞ കറ്റാലന്‍മാര്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി കോപ്പ ഡെല്‍ റേ കിരീടവും സ്വന്തമാക്കി.
ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ പരാജയപ്പെടുത്തിയാണ് ബാഴ്‌സ തങ്ങളുടെ ട്രെബിള്‍ പൂര്‍ത്തിയാക്കിയത്. ബെര്‍ലിനില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു കറ്റാലന്‍മാരുടെ വിജയം. ബാഴ്‌സയ്ക്കായി ഇവാന്‍ റാക്കിട്ടിച്ച്, ലൂയീസ് സുവാരസ്, നെയ്മര്‍ ജൂനിയര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ആല്‍വെരോ മൊറാട്ടയാണ് യുവന്റസിന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
ഈ സീസണില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലീഗ് വണ്‍ കിരീടമണിഞ്ഞ പി.എസ്.ജി ഫ്രഞ്ച് കപ്പും സ്വന്തമാക്കിയിരുന്നു. സ്റ്റേഡ് ഡെ ഫ്രാന്‍സില്‍ നടന്ന മത്സരത്തില്‍ റെമിസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് പി.എസ്.ജി കിരീടമണിഞ്ഞത്. ബ്രാഡ് ലി ബ്രാക്കോളയുടെ ഇരട്ട ഗോളും അഷ്‌റഫ് ഹാക്കിമിയുടെ ഗോളുമാണ് പാരീസിയന്‍സ് വിജയം സമ്മാനിച്ചത്.
ഫ്രഞ്ച് കപ്പുമായി എൻറിക്വ്
ഗ്വാര്‍ഡിയോളയുടെ ആദ്യ ട്രെബിള്‍ പിറവിയെടുത്തതും ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു. 2009ല്‍ റയലിനെ ഒമ്പത് പോയിന്റിന് പിന്നിലാക്കി ലീഗ് കിരീടം സ്വന്തമാക്കിയ ബാഴ്‌സ അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തി കോപ്പ ഡെല്‍ റേ കിരീടവും കൂളേഴ്‌സിന് സമ്മാനിച്ചു.
യു.സി.എല്ലിന്റെ കലാശപ്പോരാട്ടത്തില്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് പെപ്പിന്റെ കുട്ടികള്‍ക്ക് നേരിടാനുണ്ടായിരുന്നു. റോം വേദിയായ ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സ കിരീടമണിഞ്ഞു. സാമുവല്‍ ഏറ്റുവും ലയണല്‍ മെസിയുമാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്.
ചിത്രത്തിന് കടപ്പാട്: മുണ്ടോ ഡിപ്പോര്‍ട്ടീവോ
2022-23 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പവും പെപ് ട്രെബിള്‍ നേടി. ആഴ്‌സണിലിനേക്കാള്‍ അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ ലീഗ് കിരീടമണിഞ്ഞ സിറ്റി എഫ്.എ കപ്പും സ്വന്തമാക്കി.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ചിരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് സിറ്റി പരാജയപ്പെടുത്തിയത്. ഇല്‍കൈ ഗുണ്ടോഗാന്‍ സിറ്റിക്കായി ഇരട്ട ഗോള്‍ കണ്ടെത്തിയപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് റെഡ് ഡെവിള്‍സിന്റെ ആശ്വാസ ഗോളും സ്വന്തമാക്കി.
യു.സി.എല്‍ ഫൈനലില്‍ എതിരിലാത്ത ഒരു ഗോളിന് ഇന്റര്‍ മിലാനെ പരാജയപ്പെടുത്തിയാണ് സിറ്റി ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയത്. സീസണില്‍ യുവേഫ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും സ്വന്തമാക്കിയ സിറ്റി ക്വിന്റിപ്പിളും പൂര്‍ത്തിയാക്കി ചരിത്രമെഴുതിയിരുന്നു.
Content Highlight: Luis Enrique joins Pep Guardiola in the elite list of coaches winning treble with 2 different teams