സഞ്ജുവിനും രാജസ്ഥാനും മുമ്പേ മുംബൈ; ചാമ്പ്യമാര്‍ക്കൊപ്പം ലോര്‍ഡ് താക്കൂര്‍
DSport
സഞ്ജുവിനും രാജസ്ഥാനും മുമ്പേ മുംബൈ; ചാമ്പ്യമാര്‍ക്കൊപ്പം ലോര്‍ഡ് താക്കൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th November 2025, 6:04 pm

ഐ.പി.എല്‍ 2026ന് മുന്നോടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഷര്‍ദുല്‍ താക്കൂറിനെ ടീമിലെത്തിച്ച് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. താരത്തെ രണ്ട് കോടി ബേസ് വിലക്കാണ് മുംബൈ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍.എസ്.ജി) വേണ്ടിയാണ് താരം കളിച്ചിരുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് താരത്തിന്റെ വരവ് ആരാധകരെ അറിയിച്ചത്. ലോര്‍ഡ് താക്കൂര്‍ ഇന്‍കമിങ് എന്ന അടികുറിപ്പോടെ ഒരു വീഡിയോ പങ്കുവെച്ചാണ് ട്രേഡിന്റെ ഔദ്യോഗികമായി അറിയിപ്പ്.

കഴിഞ്ഞ ദിവസം, ക്രിക്ബസ് ഷര്‍ദുല്‍ താക്കൂറിനെയും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെയും ട്രേഡ് ചെയ്യുന്നതിന് മുംബൈയും എല്‍.എസ്.ജിയും ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും ടീം മാറിയേക്കുമെന്നും എന്നാല്‍, സ്വാപ്പ് ഡീല്‍ തന്നെയാവണമെന്നുമില്ലെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

താക്കൂറിനെ ടീമിലെത്തിച്ചെങ്കിലും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ കാര്യത്തില്‍ ഒരു വിവരവും ലഭ്യമല്ല.

അതേസമയം, ഐ.പി.എൽ 2025ൽ എൽ.എസ്.ജിക്കായി താക്കൂർ പത്ത് മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകളും 18 റൺസും സ്കോർ ചെയ്തിരുന്നു. സീസണിന് മുന്നോടിയായി നടന്ന താരലേലത്തിൽ അൺസോൾഡായ ഓൾറൗണ്ടറെ എൽ.എസ്.ജി മൊഹ്‌സിൻ ഖാന്റെ ഇഞ്ചുറി റീപ്ലേസ്‌മെന്റായാണ് ടീമിൽ എത്തിച്ചത്.


2015 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന താക്കൂർ 105 മത്സരങ്ങളിൽ നിന്നായി 107 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഒപ്പം, 3244 റൺസും സ്കോർ ചെയ്തു. ടൂർണമെന്റിൽ ആർ ടീമുകൾക്കായി താരം ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടുണ്ട്.

പഞ്ചാബ് കിങ്‌സിലൂടെ ടൂർണമെന്റിൽ ഇറങ്ങിയ താരം എൽ.എസ്.ജിക്ക് പുറമെ, റൈസിങ് പൂനെ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്‌സ്, ദൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നെ ടീമുകൾക്കായാണ് കളിച്ചത്. ഇത് ആദ്യമായാണ് താക്കൂർ തന്റെ സംസ്ഥാന ടീമിന്റെ ഭാഗമാവുന്നത്. താരം രഞ്ജി ട്രോഫിയിൽ മുംബൈ ടീമിന്റെ നായകനായിരുന്നു.

Content Highlight: Lucknow Super Giants player Shardul Thakur traded to Mumbai Indians ahead of IPL 2026