കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ യു.ഡി.എഫിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ‘ലൂസിഫര്‍ തിരക്കഥാ ബ്രില്യന്‍സ്’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് മന്ത്രിയുടെ പരിഹാസം.
2018ലെ പ്രളയത്തിന് ശേഷം വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ‘പുനര്‍ജനി’. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ലൂസിഫര്‍ എന്ന സിനിമയിലെ പ്രധാന രാഷ്ട്രീയകക്ഷിയായ ഐ.യു.എഫിന് ഫണ്ട് നല്‍കുന്നത് ‘മണപ്പാട്ട് അച്ചായന്‍’ എന്നയാളാണ്. മണപ്പാട്ടില്‍ ചാണ്ടി, മണപ്പാട്ടില്‍ ഫിനാന്‍സസ് എന്നീ പേരുകളിലാണ് ഐ.യു.എഫിനുള്ള ഫണ്ട് സിനിമയില്‍ റൈസ് ചെയ്യുന്നത്.
സ്റ്റീല്‍, ഗോള്‍ഡ്, ഫിനാന്‍സ് എന്നീ ബിസിനസുകളാണ് മണപ്പാട്ടില്‍ ഫിനാന്‍സസ് നടത്തുന്നതെന്നും സര്‍ക്കാരിന്റെ ഖജനാവിലുള്ളതിനേക്കാള്‍ പണം ഐ.യു.എഫിന്റെ അക്കൗണ്ടിലുണ്ടെന്നും സിനിമയില്‍ പറയുന്നുണ്ട്. ഇതിനെ മുന്‍നിര്‍ത്തിയാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ പരിഹാസമെന്നാണ് വിലയിരുത്തല്‍.
നേരത്തെ പുറത്തുവന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച്, പുനര്‍ജനി പദ്ധതിക്കുവേണ്ടി മണപ്പാട്ട് ഫൗണ്ടേഷന്‍ ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് എട്ട് വരെ പ്രത്യേക അക്കൗണ്ടില്‍ പണവിനിമയം നടത്തിയെന്നും പുനര്‍ജനി പദ്ധതിക്കായി 1.27 കോടി രൂപ പിരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുനര്‍ജനിയുടെ പേരിലുള്ള സ്പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയും പണം ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, വി.ഡി. സതീശന്‍ യു.കെയിലേക്ക് പോയത് ഒമാന്‍ എയര്‍വേയ്സിന്റെ കോംപ്ലിമെന്ററി ടിക്കറ്റ് ഉപയോഗിച്ചാണെന്നും ഈ ടിക്കറ്റ് കൈമാറിയത് മണപ്പാട്ട് ഫൗണ്ടേഷനാണെന്നും കണ്ടെത്തലുണ്ട്.
കൂടാതെ യു.കെയില്‍ സതീശന് താമസ സൗകര്യം ഒരുക്കിയതും മണപ്പാട്ട് ഫൗണ്ടേഷനാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ്തുത വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വി. ശിവന്‍കുട്ടി പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം യു.ഡി.എഫിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ ശിവന്‍കുട്ടിയെ വിമര്‍ശിച്ച് കമന്റുകള്‍ ഉയരുന്നുണ്ട്.
‘ശിവന്‍കുട്ടിയോട് നാളെ ഏതെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ ബ്രില്യന്‍സ് എന്താണെന്ന് ഒന്ന് ചോദിക്കണം. കൂലിക്കാരെ കൊണ്ട് പോസ്റ്റ് ഇടുന്നതും ലൈക്ക് വാങ്ങുന്നതും ഒന്നും ഇവിടെ ആരും മുഖവിലക്ക് പോലും എടുക്കുന്നില്ല,’ എന്നാണ് തട്ടുകട ടോക്‌സ് എന്ന ഐ.ഡിയില്‍ നിന്നുള്ള കമന്റ്.
‘എനിക്കതല്ല. ഇതുപോലുള്ള പോസ്റ്റ് ഇടുന്നതിന് മുന്‍പ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലറും മിനിസ്റ്ററും തമ്മിലുള്ള സംഭാഷണം എന്തായിരിക്കും,’ എന്നാണ് മറ്റൊരാളുടെ ചോദ്യം.
Content Highlight: ‘Lucifer script brilliance’; V.Sivankutty mocks the opposition in Punarjani