എല്‍.പി.ജി വിതരണ ക്ഷാമം; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.വൈ.സി നിര്‍ബന്ധമാക്കി കേന്ദ്രം
India
എല്‍.പി.ജി വിതരണ ക്ഷാമം; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.വൈ.സി നിര്‍ബന്ധമാക്കി കേന്ദ്രം
നിഷാന. വി.വി
Monday, 16th March 2026, 8:17 am

ന്യൂദല്‍ഹി: രാജ്യത്ത് എല്‍.പി.ജി സിലിണ്ടര്‍ ക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഗാര്‍ഹിക എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് ഇ-കെ.വൈ.സി നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍.

കൈ.വൈ.സി അപ്‌ഡേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.

അതത് കമ്പനികളുടെ ആപ്പുകള്‍ ആധാര്‍ ഫേസ് ആര്‍.ഡി വഴി ഇത് ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളോട് എല്‍.പി.ജി വിതരണക്കാരുമായി ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
കൂടാതെ സഹായത്തിനായി ടോള്‍ ഫ്രീ നമ്പറും നല്‍കിയിട്ടുണ്ട്.

യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാനും സബ്‌സിഡി തുക ശരിയായ ആളുകള്‍ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാര്‍ഹിക സിലിണ്ടറുകള്‍ ഹോട്ടലുകളിലും മറ്റും ദുരുപയോഗം ചെയ്യുന്നത് തടയാനും ഇത് ലക്ഷ്യമിടുന്നു.

എന്നാല്‍ പുതിയ നിര്‍ദേശം ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശയകുഴപ്പത്തിന് കാരണമായിട്ടുണ്ട്.
നിലവില്‍ എല്‍.പി.ജി ക്ഷാമം നേരിടുന്നതിനാല്‍ കെ.വൈ.സി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഗ്യാസ് വിതരണം തടഞ്ഞേക്കുമെന്ന ആശങ്കയുമുണ്ട്.

ഗ്യാസ് ഏജന്‍സികളില്‍ സിലിണ്ടറിനായുളള തിരക്കിനൊപ്പം കെ.വൈ.സി അപ്‌ഡേറ്റിനായുള്ള തിരക്കും വര്‍ധിച്ചത് വിതരണ ശൃംഖലയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

കെ.വൈ.സി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കുന്നതിനായി സര്‍ക്കാര്‍ അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഗ്യാസ് ഏജന്‍സികള്‍ ഇത് വേഗത്തിലാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

എല്‍.പി.ജി പ്രതിസന്ധി രണ്ടാഴ്ച കടന്ന സാഹചര്യത്തില്‍ രാജ്യം വലിയ ക്ഷാമമാണ് നേരിടുന്നത്.

പൂട്ടുവീഴാതെ പിടിച്ച് നില്‍ക്കുന്ന ഹോട്ടലുകളില്‍ വിഭവങ്ങളുടെ വില കുത്തനെ ഉയരുകയാണ്.
ദല്‍ഹിയിലടക്കം പലയിടത്തും ചായയ്ക്ക് 25 രൂപവരെ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഏഴായിരം രൂപവരെ മുടക്കി കരിഞ്ചന്തയില്‍ നിന്നാണ് സിലിണ്ടറുകള്‍ എത്തിക്കുന്നതെന്നും വില കൂട്ടാതെ വേറെ വഴിയില്ലെന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

റെസ്റ്റോറന്റ് മേഖല പ്രതിദിനം 1300 കോടി രൂപ നഷ്ടം നേരിടുകയാണെന്ന് നാഷണല്‍ റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു.

70 ശതമാനം റസ്‌റ്റോറന്റുകളും എല്‍.പി.ജിയെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ലഭ്യത കുത്തനെ കുറഞ്ഞെന്നും സംഘടന വ്യക്തമാക്കി.

എല്‍.പി.ജി പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ വിദേശ നയത്തിന്റെ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാല്‍ രാജ്യത്ത് എണ്ണ പ്രതിസന്ധിയില്ലെന്നും ആളുകള്‍ ഭീതി കാരണം കൂടുതല്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതാണ് പ്രതിസന്ധിക്ക് കാരണെമന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

Content Highlight: LPG supply shortage; Center makes KYC mandatory for domestic consumers

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.