| Wednesday, 10th June 2026, 7:54 am

ലവ് ജിഹാദ് ആരോപണം; നിരപരാധികളായ രണ്ട് മുസ്‌ലിം യുവാക്കളെ അപമാനിച്ച് തെരുവിലൂടെ നടത്തിച്ച് ഹിന്ദുത്വര്‍

നിഷാന. വി.വി

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ലവ് ജിഹാദ് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ പരസ്യമായി അപമാനിച്ച് തെരുവിലൂടെ നടത്തിച്ച് ഹിന്ദുത്വര്‍. സഞ്ജൗലിയില്‍ വി.എച്ച്.പിയുമായി ബന്ധപ്പെട്ട സംഘടനയായ ദേവഭൂമി സംഘര്‍ഷ് സമിതിയിലെ അംഗങ്ങളാണ് യുവാക്കളെ ആക്രമിച്ചത്.

ജൂണ്‍ 6ന് പ്രദേശത്തുള്ള 22 വയസുകാരനായ തയ്യല്‍ക്കാരനെതിരെ 16 വയസുള്ള പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കുടുംബം പോക്‌സോ കേസ് നല്‍കിയിരുന്നു.

എന്നാല്‍ ഈ കേസുമായി ഒരു ബന്ധവുമില്ലാത്ത രണ്ട് യുവാക്കളെ ഇതേ വിഷയം ആരോപിച്ച് ഹിന്ദുത്വര്‍ അപമാനിക്കുകയും മര്‍ദിക്കുകയുമായിരുന്നു. തെരുവിലൂടെ വലിച്ചിഴച്ച് നടത്തിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

തങ്ങള്‍ക്കെതിരായ തെളിവ് നശിപ്പിക്കാനായി ഹിന്ദുത്വര്‍ സി.സി.ടി.വിയടക്കം നശിപ്പിക്കുന്നതായും വീഡിയോയില്‍ കാണാം. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട യുവാവിനെ നേരത്തെ തന്നെ അറസ്റ്റ് ചെയതതായും ആക്രമിക്കപ്പെട്ട യുവാക്കള്‍ക്ക് കേസുമായി യാതൊരു വിധ ബന്ധവുമില്ലെന്നും പൊലീസ് അറിയിച്ചു.

പരാതിക്കാരിയോ കുടുംബമോ ഇവരുടെ പേര് പറഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ദേവഭൂമി സംഘര്‍ഷ് സമിതി സഹകണ്‍വീനര്‍മാരായ മദന്‍ താക്കൂര്‍, വിജയ് ശര്‍മ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എന്നാല്‍ പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘടനയുടെ അനുയായികള്‍ സഞ്ജൗലി- ഷിംല റോഡ് ഉപരോധിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള നടപടികളുടെ പേരില്‍ സംഘടന മുമ്പും വിവിവാദത്തിലായിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലുടനീളം പള്ളികള്‍ പൊളിക്കണമെന്നും വഖഫ് ബോര്‍ഡ് നിര്‍ത്തണമെന്നുമാവശ്യപ്പെട്ട് സംഘം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

സഞ്ജൗലി പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌ക്കാരം തടസപ്പെടുത്തിയതിനെ തുടര്‍ന്ന് താക്കൂറും ശര്‍മയും അറസ്റ്റിലാവുകയും ചെയ്തിരുന്നു.

Content Highlight: Love Jihad allegations: Hindus insult two innocent Muslim youths and parade them through the streets

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more