| Thursday, 17th July 2025, 7:04 pm

ലോട്ടറി വരുമാനം സംസ്ഥാനബജറ്റിന്റെ അരശതമാനം മാത്രം; വിശദീകരണവുമായി ധനകാര്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോട്ടറിയില്‍ നിന്നുള്ള വരുമാനം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമാണെന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന് വിശദീകരിക്കുന്ന വീഡിയോയുമായി ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കുകയും അവയെ കുറിച്ച് പൊതുജനത്തിനറിയാത്ത കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതാണ് കെ.എന്‍. ബാലഗോപാല്‍ പങ്കുവെച്ച വീഡിയോ.

മന്ത്രി തന്റെ ഫേസ്ബുക്ക്/ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ ലോട്ടറി വകുപ്പില്‍ നിന്നുള്ള വരവ്-ചെലവ് കണക്കുകളും അതില്‍ നിന്നുള്ള യഥാര്‍ത്ഥ ലാഭവും വിശദീകരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ലോട്ടറിയില്‍ നിന്നുള്ള വരുമാനമായി ബജറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 13,244 കോടി രൂപയാണ്. എന്നാൽ ഇത് സാമ്പത്തിക വര്‍ഷത്തിലെ ലോട്ടറി ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവാണ്.

ഇക്കാലയളവിലെ ടിക്കറ്റിന്റെ സമ്മാനത്തുകകള്‍, വില്‍പ്പനക്കാര്‍ക്കുള്ള കമ്മീഷന്‍, ഏജന്റുമാര്‍ക്കുള്ള ശതമാനവിഹിതം, പരസ്യചെലവുകള്‍ കൂടാതെ ജീവനക്കാരുടെ ശമ്പളം എന്നിങ്ങനെ ലോട്ടറി വകുപ്പിന്റെ നടത്തിപ്പ് ചെലവ് ഏകദേശം 12,222 കോടി രൂപയാണ്.

ഈ ചെലവ് കഴിച്ചാല്‍ ഇതില്‍ നിന്നും സര്‍ക്കാരിന് ലഭിക്കുന്ന ലാഭം വെറും 1022 കോടി രൂപയാണെന്നും ഇത് സംസ്ഥാനത്തിന്റെ ആകെ തനത് വരുമാനത്തിന്റെ ഒരു ശതമാനവും സംസ്ഥാന ബജറ്റിന്റെ അരശതമാനവുമേ ആകുന്നുള്ളൂ എന്നുമാണ് വീഡിയോ വിശദീകരിക്കുന്നത്. ലോട്ടറി മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലെ ഒരു സ്വതന്ത്ര സ്ഥാപനമല്ല, മറിച്ച് ഒരു സര്‍ക്കാര്‍ വകുപ്പാണ്. അതിനാല്‍ അതിന്റെ വരവും ചെലവും ബജറ്റില്‍ രേഖപ്പെടുത്തുമെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.

പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ഹൃദ്രോഗം പോലെയുള്ള സാഹചര്യം കൊണ്ട് കഠിനജോലികള്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്നിങ്ങനെ സമൂഹത്തിലെ ഏറ്റവും അശരണരും നിരാലംബരുമായ ഒരുലക്ഷത്തോളം മനുഷ്യര്‍ക്ക് അന്തസോടെ ജീവിക്കാന്‍ മാര്‍ഗമൊരുക്കുന്ന ഒരു സംവിധാനം കൂടിയാണ് ലോട്ടറിയെന്നും മന്ത്രി പറയുന്നു.


കാരുണ്യ ലോട്ടറിയുടെ വരുമാനം ഉപയോഗിച്ച് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുമായി ചേര്‍ന്ന് ലോട്ടറിവകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം, ഹീമോഫീലിയ എന്നിങ്ങനെയുള്ള ഗുരുതര രോഗാവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ (2020-2025) 237986 ഡയാലിസിസുകള്‍, 83216 കീമോതെറാപ്പികള്‍, 16525 ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകള്‍ എന്നിവ സൗജന്യമായി നടത്തിയിട്ടുണ്ട്. ഇതുവരെ ഈ പദ്ധതിയിലൂടെ 236 (2,360,498,942.00) കോടിരൂപയുടെ സൗജന്യ ചികിത്സയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടുള്ളത്.

Content Highlight: Lottery revenue is only half a percent of the state budget; Finance Minister explains

We use cookies to give you the best possible experience. Learn more