| Wednesday, 8th July 2026, 12:22 pm

ബി.ജെ.പിയില്‍ നിന്നും ശ്രീരാമനെ രക്ഷിക്കണം; മഹാരാഷ്ട്രയിലുടനീളം പ്രക്ഷോഭം ശക്തമാക്കാന്‍ ശിവസേന

ആദർശ് എം.കെ.

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി, ശിവസേന (യു.ബി.ടി) അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ‘രാം രക്ഷാ ആന്ദോളന്‍’ പ്രക്ഷോഭം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

പ്രാദേശിക തലങ്ങളില്‍ നിന്ന് ഈ പ്രക്ഷോഭം വലിയ പ്രാദേശങ്ങളിലേക്കും പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ട് മുംബൈ ബാന്ദ്രയിലെ ഉദ്ധവ് താക്കറെയുടെ വസതിയായ ‘മാതോശ്രീ’യില്‍ വെച്ചാണ് ശിവസേന (യു.ബി.ടി) എം.എല്‍.എമാരുടെയും എം.എല്‍.സിമാരുടെയും നിര്‍ണായക യോഗത്തിലാണ് തീരുമാനം.

നാഗ്പൂര്‍, ഛത്രപതി സംഭാജിനഗര്‍, രത്നഗിരി തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലേക്കും രാം രക്ഷാ അന്ദോളന്‍ എത്രയും വേഗം എത്തിക്കണമെന്ന് യോഗത്തില്‍ താക്കറെ നേതാക്കളോട് ആവശ്യപ്പെട്ടു.

പ്രക്ഷോഭത്തെ ജില്ലാ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ വിവിധ ഭൂമിശാസ്ത്രപരമായ മേഖലകളില്‍ നിന്നുള്ള ജനങ്ങളുടെ വിപുലമായ പിന്തുണ സമാഹരിക്കാനാണ് പാര്‍ട്ടി നേതൃത്വം പദ്ധതിയിടുന്നത്.

യോഗത്തില്‍ പ്രക്ഷോഭത്തിന്റെ ഭാവി പരിപാടികളെക്കുറിച്ചും നിലവിലെ മറ്റ് രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടന്നു.

സംസ്ഥാനത്ത് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ രാഷ്ട്രീയ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും ശക്തമാക്കാനുള്ള ഉദ്ധവ് താക്കറെയുടെ വലിയൊരു നീക്കമായാണ് ഈ പുതിയ തന്ത്രം വിലയിരുത്തപ്പെടുന്നത്.

ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തര്‍ നല്‍കിയ സംഭാവനകളില്‍ വലിയ തോതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ ഈ പ്രക്ഷോഭം പ്രഖ്യാപിച്ചത്. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ അന്വേഷണവും നടപടിയും വേണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു.

ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ ആയുധമായ ‘ഹിന്ദുത്വ’, ‘രാമക്ഷേത്രം’ എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി അവരെത്തന്നെ പ്രതിരോധത്തിലാക്കുക എന്നതാണ് രാം രക്ഷാ ആന്ദോളനിന്റെ പ്രധാന ലക്ഷ്യം.

ബി.ജെ.പി ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, ശ്രീരാമനെ ബി.ജെ.പിയില്‍ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നുമാണ് പ്രക്ഷോഭത്തെ കുറിച്ച് ഉദ്ധവ് താക്കറെ പറഞ്ഞത്.

Content highlight: Lord Rama must be saved from the BJP; Shiv Sena to intensify protests across Maharashtra.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more