മീശ മുളക്കാത്ത പിളേളരും, ആവശ്യത്തിലധികം പുകവലിയും, ലോജിക്കില്ലാത്ത കഥാഗതിയും; തിരക്കഥയില്‍ പാളിപ്പോയ കാട്ടാളന്‍
Malayalam Cinema
മീശ മുളക്കാത്ത പിളേളരും, ആവശ്യത്തിലധികം പുകവലിയും, ലോജിക്കില്ലാത്ത കഥാഗതിയും; തിരക്കഥയില്‍ പാളിപ്പോയ കാട്ടാളന്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 30th May 2026, 8:46 pm

ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി 2024ല്‍ പുറത്തിറങ്ങി തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോ. ബിഹാറില്‍ നിന്നുമടക്കം വലിയ കളക്ഷന്‍ നേടിയ മാര്‍ക്കോ, വയലന്‍സ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വലിയ മാര്‍ക്കറ്റാണ് മോളിവുഡില്‍ തുറന്ന് നല്‍കിയത്. ഇതേ പാറ്റേണില്‍ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സ് പുറത്തിറക്കിയ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ കാട്ടാളന്‍.

നവാഗതനായ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ആക്ഷന്‍ ചിത്രങ്ങളിലൂടെ പേരെടുത്ത ആന്റണി വര്‍ഗീസ് പെപെ നായകനായെത്തിയ ചിത്രം മാര്‍ക്കോയെ പോലെ തന്നെ മറ്റൊരു ക്ലീന്‍ എ സര്‍ട്ടിഫിക്കറ്റുമായിട്ടായിരുന്നു തിയേറ്ററുകളിലെത്തിയത്. ഇതിനൊപ്പം സംഗീത സംവിധായകനായി കെ.ജി.എഫിലൂടെ ശ്രദ്ധിക്കപ്പെട്ട രവി ബാസുര്‍, വില്ലനായി പുഷ്പയിലെ മംഗളം ശ്രീനുവായി ശ്രദ്ധിക്കപ്പെട്ട സുനില്‍, ആക്ഷന്‍ കൊറിയോഗ്രാഫറായി ബാഹുബലിയിലൂടെ ശ്രദ്ധിക്കപ്പെട്ട കെച്ച കെംപഗ്‌ദെ തുടങ്ങിയവരും എത്തിയതോടെ ചിത്രത്തിന് ഹൈപ്പ് വര്‍ധിക്കുകയായിരുന്നു.

കാട്ടാളന്‍. Photo: X.com

എന്നാല്‍ മറ്റൊരു മാര്‍ക്കോ പ്രതീക്ഷിച്ച് തിയേറ്ററുകളിലെത്തിയ പ്രേക്ഷകര്‍ക്ക് കാട്ടാളന്‍ നിരാശയായി മാറുന്ന കാഴ്ച്ചയ്ക്കായിരുന്നു സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. കാട്ടുകൊല്ലി എന്ന സാങ്കല്പിക സ്ഥലത്തെയും ആനക്കൊമ്പ് കാര്‍ട്ടലിനെയും ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിന് പ്രേക്ഷകരില്‍ കാര്യമായി സ്വാധീനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോകുകയായിരുന്നു. പോള്‍ ജോര്‍ജ് തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ ഒരു തരത്തിലും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാതെ അനാവശ്യമായ മാസ് സീനുകള്‍ കൊണ്ടും ആക്ഷന്‍ സീനുകള്‍ കൊണ്ടും കാട്ടാളന്‍ പ്രേക്ഷകര്‍ക്ക് നിര്‍വികാരത മാത്രമാണ് സമ്മാനിച്ചത്.

വലിയ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും കാട്ടുകൊല്ലിയും അതിന്റെ ചുറ്റുപാടും പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യാന്‍ സംവിധായകന് സാധിച്ചിട്ടില്ല, എണ്ണിയാലൊടുങ്ങാത്ത ഗുണ്ടകള്‍ അനുചരന്മാരായിട്ടുള്ള കള്ളക്കടത്ത് നേതാവായ മാരി തന്റെ കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പ് കടത്താനുള്ള ചുമതലയേല്‍പ്പിക്കുന്നത് കൂട്ടത്തില്‍ ഏറ്റവും പ്രായം ചെന്ന ജഗദീഷിന്റെ കഥാപാത്രമായ അലിയെ ആണെന്ന് കാണാം.

ഇത്തരത്തില്‍ മറ്റൊരു തരത്തില്‍ ചിത്രത്തില്‍ ലോജിക്ക് അനുഭവപ്പെടാത്ത ഭാഗമായിരുന്നു തന്റെ മകളുടെ ചികിത്സയ്ക്ക് വേണ്ടി അലിയും നായകനായ ആന്റണിയും ചേര്‍ന്ന് ആനക്കൊമ്പ് വേട്ടയാടുന്ന രംഗം. വളരെയധികം റിസ്‌ക് എടുത്ത് മാരിയുടെ അധീനതയിലുള്ള കാട്ടില്‍ നിന്നും ആനയെ കൊന്ന് കൊമ്പെടുക്കുകയും അത് വില്‍ക്കാനായി ആന്റണി ശ്രീലങ്കയിലേക്ക് പോകുന്നതും കാണാം. എന്നാല്‍ പണവുമായി വരുന്നതിന് മുമ്പ് തന്നെ അലിയുടെ വീട്ടിലെത്തി അപകടം പറ്റിയ മകളെ മാരി കൊലപ്പെടുത്തുന്നു. കാട്ടില്‍ ചത്തുകിടക്കുന്ന ആനയുടെ ജഡം കണ്ടിട്ടാണ് അലിയും ആന്റണിയും ചേര്‍ന്ന് ആനക്കൊമ്പ് കടത്തിയ വിവരം മാരി അറിയുന്നത്.

എന്നാല്‍ തൊട്ടടുത്ത സീനില്‍ പ്രതികാരം ചെയ്യാനായി മാരി ആനക്കൊമ്പുകള്‍ സൂക്ഷിച്ചുവെച്ച സ്ഥലം അലി ആന്റണിയ്ക്ക് കാണിച്ചുകൊടുക്കുന്നുണ്ട്. നൂറ് കണക്കിന് ആനക്കൊമ്പുകളാണ് ഇവിടെ മാരി ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും കാവലില്ലാത്തതുമായ സ്ഥലത്താണ് മാരി ആനക്കൊമ്പ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. ഇത് നേരത്തേ അറിയാവുന്ന അലിയ്ക്ക് തന്റെ മകളുടെ ചികിത്സയ്ക്കായി ഒന്നോ രണ്ട് ആനക്കൊമ്പ് വില്ലനറിയാതെ എടുത്ത് വിറ്റിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ തന്റെ മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താമായിരുന്നു. ഇത്തരത്തില്‍ ലൂപ് ഹോള്‍സുള്ള സ്ഥലങ്ങള്‍ കാട്ടാളനില്‍ പലയിടങ്ങളിലായി കാണാന്‍ സാധിക്കും.

ചിത്രത്തില്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന മറ്റൊരു കഥാപാത്രമായിരുന്നു ഗായകനും ഇന്‍ഫ്‌ളുവന്‍സറുമായ ഹനാന്‍ ഷായുടെത്. ചിത്രത്തില്‍ ഒട്ടനവധി സീനുകളില്‍ താരം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഒരു സ്ഥലത്ത് പോലും താരത്തിന് ഡയലോഗ് പറയാനുള്ള അവസരം സംവിധായകന്‍ നല്‍കുന്നില്ല. കാട്ടാളനില്‍ പല കഥാപാത്രങ്ങള്‍ ഇത്തരത്തില്‍ വേണ്ടത്ര സ്‌പേസ് കിട്ടാതെ സൈഡായി പോകുന്നതും തിരക്കഥയിലെ പാളിച്ചകളെയാണ് പ്രതിഫലിപ്പിക്കുന്നത്.

അതേസമയം ആക്ഷന്‍ ചിത്രങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത പുകവലി കാട്ടാളനില്‍ പലയിടത്തും അരോചകരമായി തോന്നിപ്പിക്കുന്നതായിരുന്നു. സുനില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമായ മാരിയുടെ ഇന്‍ട്രോ സീന്‍ മുതല്‍ പലയിടങ്ങളിലായി പുകവലിയുടെ അതിപ്രസരം കാണാന്‍ സാധിക്കും. ചിത്രത്തില്‍ പലയിടങ്ങളിലായി വരുന്നവരും പോകുന്നവരുമെല്ലാം ചുണ്ടില്‍ ഒരു സിഗററ്റുമായാണ് പ്രത്യക്ഷപ്പെട്ടത്.

കാട്ടാളന്‍. Photo: X.com

ഒ.ടി.ടിയില്‍ ഇറങ്ങുമ്പോള്‍ ചിത്രത്തില്‍ നിന്നും മറ്റൊരു ട്രോള്‍ മെറ്റീരിയലായി മാറാന്‍ സാധ്യതയുള്ള കാര്യമാണ് അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിച്ച മെന്‍ഡിസിന്റെ ഗ്യാങ്ങിലെ അംഗങ്ങള്‍. പതിനഞ്ച് വയസിന് താഴെ മാത്രം പ്രായം തോന്നിപ്പിക്കുന്ന കുട്ടികളെ കൊണ്ടുവന്ന് അവരെക്കാള്‍ വലിപ്പമുള്ള തോക്ക് പിടിപ്പിച്ചത് മാസിനെക്കാള്‍ തിയേറ്ററില്‍ ചിരിയാണുണര്‍ത്തിയത്. ഹൈ വോള്‍ട്ടില്‍ ചിത്രം അവസാനിപ്പിക്കുന്നതിനായി കൊണ്ടുവന്ന ലോകേഷ് കനകരാജും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറിയതോടെ ഒരുപാട് ചര്‍ച്ചകള്‍ ചിത്രവുമായി ബന്ധപ്പെട്ട് നടക്കുമെന്നുറപ്പാണ്.

 

Content Highlight: Loop Holes in the script of Kattalan Movie starring Antony Varghese Pepe

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.