ഒറ്റക്കായത് ഹാഷിറാണെങ്കിലും ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞത് അലനും വിനായകുമൊക്കെയാ, വാഴയില്‍ കാണിച്ച യുവാക്കളുടെ തനിച്ചാകല്‍
Malayalam Cinema
ഒറ്റക്കായത് ഹാഷിറാണെങ്കിലും ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞത് അലനും വിനായകുമൊക്കെയാ, വാഴയില്‍ കാണിച്ച യുവാക്കളുടെ തനിച്ചാകല്‍
അമര്‍നാഥ് എം.
Thursday, 23rd April 2026, 7:11 am

സമാനതകളില്ലാത്ത ചരിത്രവിജയത്തിലേക്ക് കുതിക്കുകയാണ് വാഴ 2. പുതുമുഖ സംവിധായകനായ സവിന്‍ സാ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്ത് നടക്കുന്ന ഒരുകൂട്ടം യുവാക്കളെ അണിനിരത്തി ഒരുക്കിയ ചിത്രം കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റാകാനുള്ള സാധ്യതകളേറെയാണ്. ബോക്‌സ് ഓഫീസില്‍ 200 കോടിയും കടന്ന് കുതിക്കുന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം നടത്തുകയാണ്.

ആദ്യഭാഗത്തില്‍ കേട്ട വിമര്‍ശനങ്ങളെല്ലാം തിരുത്തിക്കൊണ്ട് വിപിന്‍ ദാസും സവിന്‍ സായും ചിത്രം ഒരുക്കിയിട്ടുണ്ട്. കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് വാഴ 2 ഒരുക്കിയത്. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ റിലേറ്റാകുന്ന ചിത്രമാണ് വാഴ 2. ഇന്നത്തെ യുവാക്കള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും ചിത്രത്തില്‍ അഡ്രസ് ചെയ്തിട്ടുണ്ട്.

ഹാഷിര്‍ Photo: Screen grab/ Think Music India

അത്തരത്തിലൊന്നാണ് യുവാക്കളുടെ ഒറ്റപ്പെടല്‍. നാട്ടില്‍ ഒന്നിച്ച് നടക്കുന്ന യുവാക്കള്‍ ഒരുഘട്ടത്തില്‍ വിദേശത്തേക്ക് പഠനത്തിനായി പോകുന്നതും നാട്ടിലുള്ള സുഹൃത്തുക്കളെ കാണാതെ ഒറ്റപ്പെട്ട് പോകുന്നതുമെല്ലാം കൃത്യമായി വരച്ചിടുന്നുണ്ട്. അതുവരെ ഒന്നിച്ച് നില്‍ക്കുന്ന ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരില്‍ ഹാഷിര്‍ മാത്രം നാട്ടില്‍ നില്‍ക്കുകയും മറ്റ് മൂന്ന് പേരും നാടുവിടുകയുമാണ്.

പെട്ടെന്ന് കാണുമ്പോള്‍ ഹാഷിര്‍ ഒറ്റപ്പെട്ട് പോയെന്നാണ് പലരും കരുതുക. അതുവരെ കൂടെയുണ്ടായിരുന്ന കൂട്ടുകാരെല്ലാം ഓരോരോ നാട്ടിലേക്ക് പോകുമ്പോള്‍ സംസാരിക്കാന്‍ ആരുമില്ലാതെ ഹാഷിര്‍ തനിച്ചാവുകയാണ്. എന്നാല്‍ അയാള്‍ക്ക് എപ്പോഴും അമ്മയും അനിയനുമെല്ലാം കൂടെയുണ്ട്. എന്നാല്‍ മറ്റ് മൂന്നുപേരുടെയും കാര്യം അങ്ങനെയല്ലെന്ന് പിന്നീട് മനസിലാകും.

അലന്‍ Photo: Screen grab/ Think Music India

അലനും വിനായകും ഒരേ നാട്ടിലാണെങ്കിലും ഇരുവരുടെയും കോളേജുകള്‍ തമ്മില്‍ 12 മൈലിന്റെ ദൂരമുണ്ട്. ആദ്യമെല്ലാം ഇടക്കിടെ ഇരുവരും കാണുമെങ്കിലും പിന്നീട് തമ്മില്‍ കാണുന്നത് തന്നെ കുറഞ്ഞുവരികയാണ്. പാര്‍ട് ടൈം ജോലിയും പഠിത്തവും ഒരുമിച്ച് കൊണ്ടുപോവുന്നതിനിടയില്‍ കൂട്ടുകാരുമൊത്ത് സമയം പങ്കുവെക്കുന്നത് കുറയുന്നുണ്ട്.

അജിന്റെ അവസ്ഥ അതിലും കഷ്ടമാണ്. ദുബായില്‍ ചേട്ടന്റെ കൂടെ ജോലി ചെയ്യാനെത്തുന്ന അജിന്റെ റൂമിലുള്ളവരെല്ലാം പ്രായമായവരാണ്. തന്റെ പ്രായത്തിലുള്ള, തനിക്ക് സംസാരിക്കാന്‍ കഴിയുന്ന ആരുമില്ലാത്ത അവസ്ഥയാണ് അജിന്. ഏകാന്തതയുടെ അങ്ങേയറ്റമാണ് അജിന്‍ നേരിടുന്നത്. ഒടുവില്‍ ചേട്ടനോട് മനസുതുറന്ന് സംസാരിക്കുന്നിടത്താണ് അയാള്‍ കുറച്ചെങ്കിലും ആശ്വസിക്കുന്നത്. ആണ്‍കുട്ടികളുടെ ഏകാന്തതയെയും അതിന്റെ നിരാശയുമെല്ലാം അത്ര കൃത്യമായി വരച്ചിട്ട സിനിമ വേറെയില്ലെന്ന് തന്നെ പറയാം.

Content Highlight: Loneliness of Alan and Vinayak portrayed in Vaazha 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം