നട്ടം തിരിയുമോ കോട്ടയം
D' Election 2019
നട്ടം തിരിയുമോ കോട്ടയം
രാധേയന്‍
Thursday, 11th April 2019, 2:29 pm

പ്രതീക്ഷമായി കാലത്ത് മത്സരത്തിലെ ഒരു സാഹചര്യത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കോട്ടയം. യു.ഡി.എഫിന്റെ ഏറ്റവും ഉറച്ച കോട്ടകളില്‍ ഒന്നാമതായി ഞാന്‍ എണ്ണുക വയനാട് അല്ല കോട്ടയം ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തരംഗം ഇടതുമുന്നണിക്ക് അനുകൂലമായി ഉണ്ടായ സാഹചര്യത്തില്‍പോലും പരമ്പരാഗതമായ ഇടത് ശക്തികേന്ദ്രമായ വൈക്കം, സുരേഷ് കുറുപ്പിന്റെ വ്യക്തിഗത പദവികളില്‍ ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കുവാന്‍ കഴിഞ്ഞത്.

കടുത്ത അഴിമതി ആരോപണങ്ങളുടെ നിഴലില്‍ നിന്നിട്ടും പാലായില്‍ കെ.എം മാണി ജയിച്ചുകയറി. കടുത്തുരുത്തി, പുതുപ്പള്ളി, കോട്ടയം എന്നിവയാണ് ഈ പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റ് അസംബ്ലി സെഗ്മെന്റുകള്‍.

കെ.എം മാണി

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും നി  ലവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വലിയ ആശങ്കയിലാണ്. താരതമ്യേനെ ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയാണ് തോമസ് ചാഴികാടന്‍ എന്നൊരഭിപ്രായം പൊതുവില്‍ യു.ഡി.എഫ് ക്യാമ്പില്‍ ഉണ്ട്.

അതിലുമുപരി കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തോടും, മാണി വിഭാഗത്തിന് ഉള്ളില്‍ ജോസഫ് വിഭാഗത്തിന് ജോസ് കെ മാണി വിഭാഗത്തോടും ഉള്ള തീര്‍ത്താല്‍ തീരാത്ത കലിപ്പ് വലിയ പ്രശ്‌നമായി യു.ഡി.എഫിന് മുന്‍പില്‍ വന്നിട്ടുണ്ട്.

തോമസ് ചാഴികാടന്‍

സാധാരണഗതിയില്‍ ഇത്തരം പടലപ്പിണക്കങ്ങള്‍ യു.ഡി.എഫിന്റെ അന്തിമഫലത്തെ ബാധിക്കാറില്ല. പക്ഷേ ഇത്തവണ കാര്യങ്ങള്‍ കുറച്ചു വ്യത്യസ്തമാണ്. പ്രതിഷേധം ഉള്ളവര്‍ക്ക് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുവാന്‍ ഒരു ഓപ്ഷന്‍ ഇത്തവണ ഉണ്ട്. അവരെ സംബന്ധിച്ച് പി.സി തോമസ് എന്നത് ബി.ജെ.പി മുന്നണിയുടെ സ്ഥാനാര്‍ഥിയല്ല. മറിച്ച് കോണ്‍ഗ്രസുകാര്‍ക്കും കേരള കോണ്‍ഗ്രസുകാര്‍ക്കും ഒരുപോലെ പ്രിയങ്കരനായ വിമോചന സമര നായകന്‍ ചാക്കോച്ചന്റെ (പി.ടി ചാക്കോ) മകനാണ്.

കോണ്‍ഗ്രസുകാരെ സംബന്ധിച്ച് മരിക്കുന്നതുവരെ കോണ്‍ഗ്രസുകാരനായിരുന്നു ചാക്കോച്ചന്‍. കേരളാ കോണ്‍ഗ്രസുകാരെ സംബന്ധിച്ച് ചാക്കോച്ചന്റെ മരണമാണ് കേരള കോണ്‍ഗ്രസിന്റെ ജനനത്തിന് നിദാനമായത്.

രണ്ടുവിധത്തില്‍ രണ്ടുകൂട്ടര്‍ക്കും ചാക്കോച്ചന്‍ മകന്‍ തോമാച്ചന് വോട്ടു ചെയ്യുന്നതില്‍ വൈക്ലഭ്യം ഉണ്ടാകേണ്ട കാര്യമില്ല. എത്രത്തോളം വോട്ടുകള്‍ ചാഴിക്കാടന്റെ പെട്ടിയില്‍ നിന്നും ചോര്‍ത്താന്‍ തോമസിന് കഴിയും എന്നതാണ് ഈ സമസ്യ നിര്‍ദ്ധാരണം ചെയ്യുന്നതില്‍ പ്രാധാന്യമുള്ളത്.

പി.സി തോമസ്

 

പിന്നെ മുസ്‌ലിം സമുദായത്തെ പോലെ രാഷ്ട്രീയപരമായ എതിര്‍പ്പ് സംഘപരിവാറിനോട് ക്രിസ്ത്യന്‍ സഭകള്‍ പ്രകടിപ്പിക്കുന്നില്ല. കിടക്കട്ടെ നമ്മുടെ ഒരു കുഞ്ഞാട് ആ ആലയിലും എന്നൊരു കച്ചവടതന്ത്രം പള്ളി ആലോചിച്ചാലും അല്‍ഭുതം വേണ്ടതില്ല.

ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സി.പി.ഐ.എം കരുനീക്കിയത്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ വോട്ട് ഭിന്നിപ്പ് ഉണ്ടായാല്‍ രണ്ടാമത്തെ പ്രബല വിഭാഗമായ ഈഴവ സമുദായത്തിലെ വോട്ട് നിര്‍ണായകമായി മാറും. സ്വതവേ സി.പി.ഐ.എമ്മിന് അനുകൂലമായി വോട്ട് ചെയ്യുന്ന ഈ വിഭാഗത്തിലേക്ക് കടന്നു കയറുവാന്‍ കാര്യമായി ബി.ജെ.പിക്ക് ആയിട്ടില്ല. അതുകൊണ്ടുതന്നെ വൈക്കം ഏറ്റുമാനൂരിലെ പടിഞ്ഞാറുഭാഗം കോട്ടയത്തിന് പടിഞ്ഞാറുഭാഗം തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്നതാവും ഇടതുമുന്നണിയുടെ ഇലക്ഷന്‍ സ്ട്രാറ്റജി.

ഈ തന്ത്രം നടപ്പാക്കുവാന്‍ ഇടതുമുന്നണിക്ക് കിട്ടുവാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് വി.എന്‍ വാസവന്‍. കോട്ടയത്തിന്റെ ജനജീവിതവുമായി വളരെയധികം ഇഴുകി ചേര്‍ന്ന് ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആര്‍ക്കും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന വ്യക്തിയാണ് വാസവന്‍.

വി.എന്‍ വാസവന്‍

പല തവണ ഏറ്റുമാനൂരില്‍ നിന്ന് എം.എല്‍.എ ആയ തോമസ് ചാഴിക്കാടന്‍ മാണി കുടുംബത്തോട് അചഞ്ചലമായ കൂറ് പുലര്‍ത്തുന്ന ആളാണ്. സഹോദരന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് തോമസ് രാഷ്ട്രീയക്കളത്തില്‍ ഇറങ്ങുന്നത്.

ഒരു കാലത്ത് മാണിക്ക് പുത്രന്‍ തന്നെ ആയിരുന്നു പി.സി തോമസ്. പക്ഷെ സ്വന്തം മകന്‍ മുതിര്‍ന്നപ്പോള്‍ ആലിംഗനം ധൃതരാഷ്ട്രാലിംഗനം ആണെന്ന് മനസ്സിലാക്കി തോമസ് തടി കഴിച്ചിലാക്കി. അതിന് ശേഷം അശ്വത്ഥാമാവിനെ പോലെ അലയുകയാണ് ഈ ഗുരു പുത്രനും

ജോസ് മോന്‍ മുതല്‍ ജോസ് മോന്‍ വരെ എന്ന മാണിയന്‍ രാഷ്ട്രീയ സിദ്ധാന്തം കോട്ടയത്ത് വെല്ലുവിളിക്കപ്പെടുന്നുണ്ട്. മാണി അത് അറിയുന്നുമുണ്ട്. അതുകൊണ്ടാണ് മകനെ സുരക്ഷിതനാക്കി രാജ്യസഭയില്‍ എത്തിച്ച ശേഷം ഒരു കാലാളിനെ മുന്‍നിര്‍ത്തി കരുനീക്കുന്നത്. യു.പി.എ വന്നാല്‍ ഒരു കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് ജോസ് മോന്റെ പേര് വരണം.

അതു നടന്നില്ലെങ്കില്‍ അടുത്ത തവണ പാലായില്‍ നിര്‍ത്തി സംസ്ഥാന രാഷ്ട്രീയത്തില്‍ ഉറപ്പിച്ച് നിര്‍ത്തുക. അതു വരെ ലൈവ് പൊളിടിക്‌സില്‍ നിര്‍ത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ജോസിന് കിട്ടിയാല്‍ പോര എന്നത് ഒരു കൊല്ലം മുന്‍പേ മണത്തറിഞ്ഞതാണ് മാണി.

അത്ഭുതങ്ങള്‍ പൊട്ടി വിരിഞ്ഞാല്‍ അത്ഭുതമില്ലാത്ത മണ്ഡലമായി മാറി കഴിഞ്ഞു കോട്ടയം.

(കെ.എം മാണിയുടെ മരണത്തിന് മുന്‍പ് എഴുതിയത്)