കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്ജന്റേഴ്‌സിനെ മര്‍ദ്ധിച്ച സംഭവത്തില്‍ കസബ എസ്.ഐക്കെതിരെ കേസെടുത്തു. കോഴിക്കോട് ഡി.സി.പി മെറിന്‍ ജോസഫിനാണ് കേസിന്റെ അന്വേഷണ ചുമതല.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയാണ് കസബ എസ്.ഐക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തിലെ ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത സുസ്മി, മമത ജാസ്മിന്‍, എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റിരുന്നത്.
കലോത്സവത്തില്‍ പങ്കെടുത്ത് താമസസ്ഥലത്തേയ്ക്ക് മടങ്ങവെ കോട്ടപറമ്പ് ആശുപത്രിക്ക് സമീപം വച്ചാണ് പൊലീസ് ഇവരെ മര്‍ദ്ദിച്ചത്. ലാത്തി കൊണ്ട് അടിയേറ്റ് മുറിഞ്ഞതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് പരിക്കേറ്റ ഇരുവരും ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
രാജ്യത്ത് ആദ്യമായി ട്രാന്‍സ് ജെന്റര്‍ പോളിസി രൂപീകരിക്കുകയും അവരെ പൊതുധാരയുടെ ഭാഗമാക്കുന്നതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരികയും ചെയ്യുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും ട്രാന്‍സ്‌ജെന്റേഴ്‌സിന് നേരെ പൊലീസ് അതിക്രമം നടന്നത്. ഏതാനും മാസം മുമ്പ് തൃശൂരിലും ട്രാന്‍സ്‌ജെന്റേഴ്‌സിനെ പൊലീസ് അക്രമിച്ചിരുന്നു.