| Wednesday, 21st May 2025, 3:43 pm

വലിയ ഹിറ്റായില്ലെങ്കിലും രജിനി സാറിന്റെ ആ സിനിമ തമിഴിലെ മികച്ച ചിത്രങ്ങളിലൊന്നായാണ് ഞാന്‍ കാണുന്നത്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വെറും അഞ്ച് സിനിമകള്‍ കൊണ്ട് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനഗരം എന്ന ആദ്യചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയില്‍ പേര് പിടിച്ചുപറ്റിയ ലോകേഷ് രണ്ടാമത്തെ ചിത്രമായ കൈതിയിലൂടെ 100 കോടി ക്ലബ്ബെന്ന നേട്ടവും സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളൊരുക്കി തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറാനും ലോകേഷിന് സാധിച്ചു.

രജിനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ലോകേഷിന്റെ അടുത്ത ചിത്രം. ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ കൂലിയില്‍ വേഷമിടുന്നുണ്ട്. രജിനികാന്തിന്റെ ഇഷ്ടസിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. പലരും അധികം പറഞ്ഞ് കേട്ടിട്ടില്ലാത്ത സിനിമയാണ് കാലയെന്നും തനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമാണെന്നും ലോകേഷ് പറഞ്ഞു.

തിയേറ്ററില്‍ പരാജയമാണെങ്കിലും ആ സിനിമ പറയുന്ന രാഷ്ട്രീയം വളരെ ശക്തമാണെന്നും പാ. രഞ്ജിത് ആ സിനിമ വളരെ നല്ല രീതിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സിനിമയില്‍ രജിനിയുടെ അഭിനയം തനിക്ക് പ്രിയപ്പെട്ടതാണെന്നും ആക്ഷനും ഇമോഷനും എല്ലാം ഒരുപോലെ കവര്‍ ചെയ്ത സിനിമയാണെന്നും ലോകേഷ് പറയുന്നു.

തമിഴിലെ മികച്ച സിനിമകളിലൊന്നായാണ് താന്‍ കാലയെ കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ സിനിമയില്‍ രജിനിയുടെ ഫണ്ണിയായിട്ടുള്ള സൈഡ് കവര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് സ്റ്റേഷനില്‍ വെച്ചുള്ള സീന്‍ താന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘കാല എന്ന സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വേണ്ടത്ര ഹിറ്റായിട്ടില്ലെങ്കിലും എന്റെ ഫേവറെറ്റ് ലിസ്റ്റില്‍ ആ സിനിമയുണ്ട്. ആ സിനിമയും അതിലൂടെ പാ. രഞ്ജിത് പറയാനുദ്ദേശിച്ച രാഷ്ട്രീയവും ശക്തമായിട്ടുള്ള ഒന്നാണ്. രജിനി സാര്‍ ആ സിനിമയില്‍ നല്ല പെര്‍ഫോമന്‍സായിരുന്നു. എന്റെ അഭിപ്രായത്തില്‍ തമിഴ് ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് കാല.

രജിനി സാറിന്റെ എല്ലാ സൈഡും കവര്‍ ചെയ്തിട്ടുണ്ട്. ആക്ഷന്‍, ഇമോഷന്‍സ് എല്ലാം നല്ലതാണ്. അതിലും എടുത്ത് പറയേണ്ടത് അദ്ദേഹത്തിന്റെ ഫണ്ണിയായിട്ടുള്ള സൈഡ് കവര്‍ ചെയ്തതാണ്. സീരിയസായിട്ടുള്ള സീനില്‍ ചില കോമഡികളുണ്ട്. പൊലീസ് സ്റ്റേഷന്‍ സീനില്‍ ‘കുമാറ്.. യാരിവര്’ എന്ന ഡയലോഗ് നാലഞ്ച് തവണ പറയുന്നുണ്ട്. ഞാന്‍ ഒരുപാട് ആസ്വദിച്ച് കണ്ട സീനാണ് അത്,’ ലോകേഷ് കനകരാജ് പറഞ്ഞു.

Content Highlight: Lokesh Kanagaraj says he considering Kaala movie is one of the best movie in Tamil Industry

We use cookies to give you the best possible experience. Learn more