| Saturday, 17th May 2025, 4:49 pm

കൂലിയില്‍ രജിനി സാറിന് ദേവ എന്ന് പേര് വെക്കാന്‍ കാരണം മമ്മൂട്ടി സാറിന്റെ ആ കഥാപാത്രം, എനിക്ക് ആ പേര് വളരെ ഇഷ്ടമാണ്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം സത്യരാജ്, തെലുങ്ക് താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്റെ സാന്നിധ്യവും കൂലിയെ വ്യത്യസ്തമാക്കുന്നു.

ദേവ എന്ന കഥാപാത്രമായാണ് രജിനികാന്ത് കൂലിയില്‍ വേഷമിടുന്നത്. രജിനിയുടെ കഥാപാത്രത്തിന് ആ പേരിടാനുള്ള കാരണം വ്യക്തമാക്കുകയാണ് ലോകേഷ് കനകരാജ്. രജിനികാന്ത്, മമ്മൂട്ടി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ദളപതി എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ദേവ എന്ന പേര് ഇട്ടതെന്ന് ലോകേഷ് കനകരാജ് പറഞ്ഞു.

ആ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ദേവരാജ് എന്നാണെന്നും ആ പേര് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു. അതിന് കാരണം രജിനികാന്താണെന്നും ലോകേഷ് കനകരാജ് പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രത്തെ രജിനികാന്ത് ദേവാ എന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ നല്ല രസമാണെന്നും അത് തനിക്ക് വല്ലാതെ സ്‌ട്രൈക്ക് ചെയ്തിട്ടുണ്ടെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

ആ പേര് തന്റെ സിനിമകളില്‍ ഏതെങ്കിലും കഥാപാത്രത്തിന് ഇടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നെന്ന് ലോകേഷ് പറഞ്ഞു. ഒടുവില്‍ രജിനികാന്തിന്റെ സിനിമയില്‍ അദ്ദേഹത്തിന് തന്നെ ഇടാന്‍ സാധിക്കുമെന്ന് വിചാരിച്ചില്ലായിരുന്നെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു. രജിനികാന്തിന്റെ സിനിമകളില്‍ തന്റെ ഫേവറെറ്റ് ദളപതിയാണെന്നും ലോകേഷ് കനകരാജ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ലോകേഷ് കനകരാജ്.

‘ദേവ എന്ന പേര് രജിനി സാറിന്റെ ക്യാരക്ടറിന് ഇടാന്‍ കാരണം ദളപതി സിനിമയാണ്. ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ കഥാപാത്രത്തിന്റെ പേര് ദേവരാജ് എന്നാണ്. എനിക്ക് ആ പേര് ഒരുപാട് ഇഷ്ടമാണ്. എന്താണെന്ന് വെച്ചാല്‍ രജിനി സാര്‍ മമ്മൂട്ടി സാറിനെ ‘ദേവാ’ എന്ന് വിളിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. ആ സിനിമ കാണുമ്പോഴൊക്കെ ദേവ എന്ന പേര് എന്നെ ഒരുപാട് സ്‌ട്രൈക്ക് ചെയ്യാറുണ്ട്.

ഏതെങ്കിലും സിനിമയില്‍ ഒരു ഇംപോര്‍ട്ടന്റ് കഥാപാത്രത്തിന് ദേവ എന്ന പേര് ഇടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ഒടുവില്‍ രജിനി സാറിന്റെ സിനിമയില്‍ അദ്ദേഹത്തിന്റെ ക്യാരക്ടറിന് തന്നെ കൊടുക്കാന്‍ കഴിയുമെന്ന് വിചാരിച്ചില്ല. രജിനി സാറിന്റെ സിനിമകളില്‍ ദളപതി എന്റെ ഫേവറെറ്റുകളിലൊന്നാണ്,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj saying Mammootty’s character name in Thalapathi movie inspired him in Coolie movie

We use cookies to give you the best possible experience. Learn more