| Sunday, 11th May 2025, 6:11 pm

വിജയ് സാറിന്റെ ആ കഥാപാത്രത്തിന് ഒരു പൂര്‍ണതയില്ലാത്തതായി തോന്നിയിട്ടുണ്ട്, ആ സിനിമയുടെ രണ്ടാം ഭാഗം ചെയ്യണമെന്ന് ആഗ്രഹമുണ്ട്: ലോകേഷ് കനകരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാനഗരം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്കുള്ള തന്റെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. പിന്നീട് കാര്‍ത്തിയെ നായകനാക്കി അണിയിച്ചൊരുക്കിയ കൈതി സിനിമാലോകത്ത് വലിയ ചര്‍ച്ചയായി. വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടംപിടിച്ച ലോകേഷ് തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഒരുക്കിയതോടുകൂടെ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറി.

ലോകേഷിന്റെ കരിയറില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ് ലിയോ. തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രം 600 കോടിക്ക് മുകളില്‍ സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റായി മാറി. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്‌സില്‍ ഉള്‍പ്പെട്ട ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതിയിരുന്നപ്പോഴായിരുന്നു വിജയ് തന്റെ രാഷ്ട്രീയപ്രഖ്യാപനം നടത്തിയത്.

ലിയോക്ക് ഇനി രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ലോകേഷ് കനകരാജ്. പലരും തന്നോട് ചോദിക്കുന്നത് ലിയോ 2വിനെക്കുറിച്ചാണെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. എന്നാല്‍ ലിയോയുടെ രണ്ടാം ഭാഗത്തെക്കാള്‍ താന്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നത് മാസ്റ്ററിന്റെ രണ്ടാം ഭാഗമാണെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു.

ആ കഥാപാത്രത്തിന് പൂര്‍ണതയില്ലാത്തതായി തോന്നിയിട്ടുണ്ടെന്നും അതുകൊണ്ട് മാസ്റ്ററിന് ഒരു രണ്ടാം ഭാഗം വേണമെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ലോകേഷ് പറയുന്നു. ജെ.ഡി എന്ന കഥാപാത്രമായി വിജയ്‌യെ കാണുന്നത് താന്‍ ഒരുപാട് എന്‍ജോയ് ചെയ്തിട്ടുണ്ടെന്നും രണ്ടാം ഭാഗത്തിനുള്ള ഐഡിയ തന്റെ മനസിലുണ്ടെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം വിജയ്ക്കും അറിയാമെന്നും എന്നാല്‍ അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ അദ്ദേഹത്തിന് അച്ചീവ് ചെയ്യാനുണ്ടെന്നും ലോകേഷ് പറഞ്ഞു. സുധീര്‍ പോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു ലോകേഷ്.

‘എല്ലാവര്‍ക്കും അറിയേണ്ടത് ലിയോക്ക് സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാകുമോ എന്നാണ്. പക്ഷേ, ഞാന്‍ ചിന്തിക്കുന്നത് മാസ്റ്ററിന്റെ സെക്കന്‍ഡ് പാര്‍ട്ടിനെക്കുറിച്ചാണ്. എല്ലാവരും ലിയോ 2വിനായി കാത്തിരിക്കുമ്പോള്‍ മാസ്റ്റര്‍ 2 വന്നാല്‍ എങ്ങനെയുണ്ടാകും. ആ കഥാപാത്രത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. ഒരു പൂര്‍ണതയില്ലാത്തതുപോലെയാണ് ആ കഥാപാത്രത്തെ പ്രസന്റ് ചെയ്തത്.

എനിക്കാണെങ്കില്‍ ജെ.ഡി എന്ന കഥാപാത്രത്തോട് കുറച്ചധികം ഇഷ്ടമുണ്ട്. ആ ക്യാരക്ടറിന്റെ വൈബ് അടിപൊളിയാണ്. പ്രേക്ഷകര്‍ക്ക് ലിയോയെയാണ് ഇഷ്ടം. കാരണം, എല്‍.സി.യുവിലെ ഏറ്റവും പവര്‍ഫുള്ളായിട്ടുള്ള കഥാപാത്രമാണത്. മാസ്റ്ററിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് എനിക്ക് ഒരു ഐഡിയയുണ്ട്. അത് വിജയ് സാറിനും അറിയാം. പക്ഷേ, അദ്ദേഹത്തിന് അതിനെക്കാള്‍ വലിയ കാര്യങ്ങള്‍ അച്ചീവ് ചെയ്യാനുണ്ട്,’ ലോകേഷ് കനകരാജ് പറയുന്നു.

Content Highlight: Lokesh Kanagaraj saying he has plans to do the sequel of Master movie

Latest Stories

We use cookies to give you the best possible experience. Learn more