‘അനന്തന്കാട്’: തിരക്കഥ മുരളിഗോപി’ ഈ ഒരു ടൈറ്റിൽ തന്നെയാണ് അനന്തന്കാട് എന്ന ചിത്രം കാണാൻ പ്രേക്ഷകരെ തിയേറ്ററുകളിൽ എത്തിച്ചത്. എന്നാൽ സിനിമയുടെ കഥാഗതിയിലും കഥാപാത്രസൃഷ്ടിയിലും സംഭവിച്ച ചില വിരോധാഭാസങ്ങൾ ചിത്രത്തെ ചോദ്യമുനയിൽ നിർത്തുന്നു.
സഹോദരൻ, അച്ഛൻ, കാമുകൻ തുടങ്ങി കുടുംബത്തിലെ പുരുഷന്മാർക്ക് വേണ്ടി ത്യാഗം സഹിക്കാൻ വിധിക്കപ്പെട്ട മാതൃകാ സ്ത്രീരൂപങ്ങൾ. അത് കൺമുന്നിൽ കണ്ടാലും തന്റെ ആദർശം വിട്ടുകൊടുക്കാത്ത നേതാവിന്റെ വിശ്വസ്തനും നന്ദിയുള്ളവനുമായ നായകൻ. നായകന്റെ വീട്ടിലെ അമ്മയെയും പെങ്ങളെയും ഉപദ്രവിച്ച് പ്രതികാരം തീർക്കുന്ന സ്ഥിരം വില്ലൻ. ലൈംഗിക ഉപദ്രവമാണ് സാറേ ഇവരുടെ മെയിൻ!
അത് കണ്ട് ചോര തിളച്ച്, പ്രതികാരദാഹിയായി വില്ലനെ തീർക്കാൻ നടക്കുന്ന ഒരു തമിഴ് പുലി. ഇത് താൻടാ അന്തവും കുന്തവുമില്ലാത്ത ‘അനന്തൻകാട്’!’
സിനിമയുടെ തുടക്കത്തിൽ ആര്യയുടെ ‘വെട്രിവേൽ കുമരൻ’ എന്ന തമിഴ് പുലിയെ തേടി ശ്രീലങ്കൻ പട്ടാളം എത്തുന്നു. പിന്നെ കണ്ണുംപൂട്ടി ചറപറാ വെടിവെപ്പാണ്; അടി, ഇടി, വെട്ട്, കുത്ത്, പുക! ഒടുവിൽ അടിവാങ്ങി പടമായി കിടക്കുന്ന നായകൻ, അമ്മയെ തൊടുമ്പോൾ ബോധോദയം ഉണ്ടായി വില്ലന്റെ മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു.
തുടർന്ന് വില്ലനുമായി സാറ്റ് കളിച്ച്, വില്ലനെ ചൊറിഞ്ഞ് അടിവാങ്ങി, കൈയും കാലും കെട്ടിയിട്ട അവസ്ഥയിൽ നിൽക്കുമ്പോഴും മുഖത്ത് പ്രതികാര ഭാവം ഇട്ടാണ് നായകൻ രോഷം തീർക്കുന്നത്. ഇതിനിടയിൽ നായകന്റെ പെങ്ങളെ അവന്റെ കൺമുന്നിലിട്ട് ലൈംഗികമായി ഉപദ്രവിച്ച് ആനന്ദനിർവൃതിയടയുന്ന ശ്രീലങ്കൻ പട്ടാള കമാൻഡോ! അത് കണ്ട് സ്വന്തം പെങ്ങളെ ഓർത്ത് വിലപിക്കുന്ന നായകനെയും നമുക്കിവിടെ കാണാം.
വേണ്ടപ്പെട്ടവരെല്ലാം പരലോകത്തെത്തിക്കഴിയുമ്പോൾ, ഒടുവിൽ നായകനെ രക്ഷിക്കാൻ തമിഴ് പുലികളുടെ തലവൻ തന്നെ എത്തുന്നു. അവിടെനിന്നും തന്റെ കുടുംബത്തിന്റെ നാശത്തിന് കാരണക്കാരനായ പ്രധാന തലവനെ കൊല്ലണമെന്ന പ്രതികാരമോഹവുമായി ഒളിച്ചുകഴിയാൻ ആ തമിഴ് പുലി കേരളത്തിലെത്തുന്നു.
തുടർന്ന് ‘മണി’ എന്ന പുതിയ പേരിൽ അവൻ അഭയം തേടിയെത്തുന്നത്, അധികാരികൾക്ക് വേണ്ടി വെട്ടും കുത്തും കൊലയുമായി നടക്കുന്ന മുരളി ഗോപിയുടെ ഗുണ്ടാസംഘത്തിന്റെ അടുത്തേക്കാണ്.”
ഇനിയാണ് കഥ ആരംഭിക്കുന്നത്. ഇവിടെയാണ് ആ ‘വെറൈറ്റി പെങ്ങൾ പാസം’. ഒരേ അമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും കൂടപ്പിറപ്പുകളാണെന്ന് കണ്ണിൽ കാണുന്നവരോടെല്ലാം പറഞ്ഞുനടക്കുന്ന ഒരു ആങ്ങളയും പെങ്ങളും. മുരളി ഗോപി അവതരിപ്പിച്ച തങ്കരാജും ശാന്തി ബാലചന്ദ്രന്റെ കാർത്തികയുമാണ് ഈ മാതൃകാ സഹോദരങ്ങൾ.
ഒടപ്പെറന്നോളായ കാർത്തികയെ വില്ലനായ പോലീസുകാരന് ലൈംഗികമായി ഉപദ്രവിക്കാൻ വിട്ടുകൊടുത്ത ശേഷം, ‘കാർത്തി, നിനക്ക് സുഖമല്ലേടി?’ എന്ന് ചോദിക്കുന്ന ‘ദി റിയൽ ഒടപ്പിറന്നവൻ’ തങ്കരാജ്!
‘പ്രതികാരദാഹിയായ തമിഴ് പുലിയെ ഒളിച്ചുതാമസിപ്പിക്കാൻ കൊണ്ടുവിടുന്നതാകട്ടെ, ഇതേ കാർത്തികയുടെ വീട്ടിൽ. ഒരു പരിചയവുമില്ലാത്ത ഒരാളെ ആങ്ങള വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുമ്പോൾ ഉള്ളിലെ രോഷമെല്ലാം അടക്കിപ്പിടിച്ച്, ആ തമിഴ് പുലിക്ക് ഭക്ഷണവും അഭയവും നൽകി കൂടെ താമസിപ്പിക്കുന്ന നന്മരൂപിയായ കാർത്തിക!
അനന്തൻകാട്.Photo:Screengrab/Youtube
ലൈംഗിക ചൂഷണത്തോടൊപ്പം തന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കി ആനന്ദം കണ്ടെത്തുന്ന വില്ലന്റെ ക്രൂരതയെക്കുറിച്ച് തങ്കനോട് പറയുമ്പോൾ, ‘സാർ അവളെ വെച്ചോ, അതിന് കുഴപ്പമില്ല; പക്ഷേ ഉപദ്രവിക്കരുത്’ എന്ന് വില്ലനോട് പോയി പറയുന്ന ‘ദി റിയൽ ഒടപ്പിറന്നവൻ’. സഹോദരധർമത്തിന് ഒരു മുഖമുണ്ടെങ്കിൽ അത് മുരളി ഗോപിയുടെ തങ്കരാജൻ ആണെന്ന് സിനിമ കണ്ടവർ ഒരേ സ്വരത്തിൽ പറയുന്നു.
‘അവിടെയും തീർന്നില്ല, കാർത്തികയുടെ ശരീരത്തിലെ മുറിപ്പാടുകൾ കാണുന്നതോടെ ആര്യയുടെ ‘മണി’ എന്ന കഥാപാത്രം സ്വയം രക്ഷകന്റെ പരിവേഷം ഏറ്റെടുക്കുകയാണ്. അങ്ങനെ മറ്റുള്ളവരുടെ പ്രതികാരവും സ്വന്തം തോളിലേറ്റി അതിന്റെ എണ്ണം കൂട്ടാൻ അവൻ തീരുമാനിക്കുന്നു.
വില്ലനായ പോലീസുകാരനെ തന്റെ കൺമുന്നിലിട്ട്, രക്തബന്ധമില്ലാത്ത മണിയണ്ണൻ അതേ രീതിയിൽ തന്നെ തിരിച്ച് ഉപദ്രവിക്കുന്നത് കണ്ട് അഭിമാനം കൊള്ളുന്ന പെങ്ങൾ കാർത്തിക! ഒടുവിൽ, ഉപദ്രവിക്കപ്പെട്ട കാർത്തികയുടെ വസ്ത്രം ശരിയായ രീതിയിൽ വൃത്തിയാക്കി ഇട്ടുകൊടുക്കുന്ന ആ ‘കൂടെപ്പിറക്കാത്ത കൂടപ്പിറപ്പും’. ബാക്ക്ഗ്രൗണ്ടിൽ ‘ഉൻ കൂടവേ പൊറക്കണം… എന്ന തമിഴ് പാട്ടുകൂടി ഇട്ടാൽ സീൻ കംപ്ലീറ്റ് സെറ്റ്!
തന്റെ കുടുംബം ഇല്ലാതാക്കാൻ കാരണക്കാരനായ അതേ അധികാര തലവൻ തന്നെയാണ് തങ്കരാജിന്റെയും ശത്രുവെന്ന് ആര്യയുടെ കഥാപാത്രം മനസിലാക്കുന്നു അവൻ അവർക്ക് വേണ്ടിയും തനിക്ക് വേണ്ടിയും ആ ശത്രുവിനെ അങ്ങ് തീർക്കുന്നു. സ്വന്തം പ്രതികാരം പൂർത്തിയാക്കിയ ശേഷവും മറ്റുള്ളവരുടെ പ്രതികാരഭാരവും കൂടി സ്വന്തം തോളിലേറ്റി, പ്രതികാരങ്ങളുടെ എണ്ണം കൂട്ടി, അതും തീർത്ത് ആനന്ദം കണ്ടെത്തുന്ന വെട്രിവേൽ കുമരൻ! ഒരു മുരളി ഗോപി ചിത്രം… പടം കഴിഞ്ഞു!
Content Highlights: Logical Flaws in Ananthankaadu Written by Murali Gopy