ലോക്ഡൗണ്‍ വലയ്ക്കുന്നുണ്ട് വല്ലാണ്ട്; ഡിപ്രഷനിലേക്ക് കൂപ്പുകുത്തുന്ന കേരളം
COVID-19
ലോക്ഡൗണ്‍ വലയ്ക്കുന്നുണ്ട് വല്ലാണ്ട്; ഡിപ്രഷനിലേക്ക് കൂപ്പുകുത്തുന്ന കേരളം
നിമിഷ ടോം
Tuesday, 30th June 2020, 10:45 pm

രാജ്യത്ത് കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് മൂന്നര മാസം പിന്നിടുകയാണ്. ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ദൈനംദിന ജീവിതത്തില്‍ പ്രതിസന്ധികള്‍ ഏറെയുണ്ടാക്കിയെങ്കിലും പതിയെ പതിയെ നിയന്ത്രണങ്ങളോട് കൂടിയ ദിനചര്യകളിലേക്ക് എല്ലാവരും കടന്നുകഴിഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാനും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വീട്ടിലിരുന്ന് പഠിക്കാനും യാത്രകളോട് തല്‍ക്കാലം വിട പറയാനും ജീവിത രീതികളില്‍ മാറ്റം വരുത്താനും പഠിച്ചു.

എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യവും പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ചില വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം. വീട്ടില്‍ അടഞ്ഞ നിലയില്‍ കഴിയേണ്ടി വരുന്നതും സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യ പ്രശ്‌നങ്ങളും വിചാരിച്ച കാര്യങ്ങളൊന്നും നടക്കാത്തതും തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ പകുതി വഴിയില്‍ നിര്‍ത്തേണ്ടി വന്നതും പഠനം മുടങ്ങിയതും ജോലി ലഭിക്കാത്തതും, രോഗത്തെക്കുറിച്ചുള്ള പേടിയും മരണസംഖ്യയിലെ ഉയര്‍ച്ചയും തുടങ്ങി നൂറുകണക്കിന് പ്രതിസന്ധികളാണ് ഈ ലോക്ഡൗണ്‍ സമയത്ത് പലരെയും അലട്ടിക്കൊണ്ടിരിക്കുന്നത്.

കുട്ടികളെയും യുവാക്കളെയും സ്ത്രീകളെയുമാണ് ലോക്ഡൗണ്‍ സമയത്തെ മാനസിക പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ 35 വയസിന് മുകളിലുള്ള പുരുഷന്മാരെയും വാര്‍ധക്യത്തിലെത്തിയവരെയും ഈ പ്രശ്‌നങ്ങള്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.

വിഷാദ രോഗം അഥവാ ഡിപ്രഷന്‍ എന്ന അവസ്ഥയാണ് ഇതില്‍ ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കുന്നത്. ലോക്ഡൗണ്‍ തുടങ്ങിയ സമയത്തുതന്നെ ഇത്തരം പ്രശ്‌നങ്ങളുയരുന്നുണ്ടെന്ന് ശ്രദ്ധയില്‍പെട്ട കേരള സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുടുംബശ്രീ വഴിയും മറ്റും കൗണ്‍സിലിങ് സംവിധാനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെ, പ്രതീക്ഷിക്കാത്തത്ര ഇടങ്ങളില്‍നിന്നാണ് സഹായമാവശ്യപ്പെട്ട് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തങ്ങള്‍ക്ക് ഫോണ്‍കോളുകളെത്തുന്നതെന്ന് മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് നിരീക്ഷണത്തിലിരുന്ന രണ്ടു പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്തത്. കൊവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണിത്. നിരീക്ഷണ കാലയളവില്‍ നേരിടുന്ന ഒറ്റപ്പെടലും രോഗത്തെക്കുറിച്ചുള്ള ഭീതിയും സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുമെന്ന ഭീതിയും സമൂഹത്തെയും കുടുംബത്തെയും ഇനി എങ്ങനെ നേരിടുമെന്ന ആശങ്കയുമാണ് നിരീക്ഷണത്തിലിരിക്കുന്നവരെ ഏറ്റവുമധികം ബാധിക്കുന്നത്.

പ്രവാസികളെ കേരളത്തിലേക്ക് എത്തിക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം നൂറ് കടക്കുന്നു. ഇതോടെ പ്രവാസികള്‍ വൈറസുമായി എത്തുന്നു എന്ന ധാരണയും അവരോടുള്ള രോഷയും കൂടാന്‍ കാരണമാവുന്നുണ്ട്.

മടങ്ങിയെത്തുന്ന പ്രവാസികളെ സ്വന്തം വീട്ടില്‍ കയറുന്നതില്‍നിന്നും നാട്ടുകാര്‍ തടയുകയും ഫ്‌ലാറ്റില്‍ ഒറ്റപ്പെടുത്തുകയും മോശം വാക്കുകള്‍ അവര്‍ക്കുമേല്‍ പ്രയോഗിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

‘പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് നാട്ടുകാരെ ബോധവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഇത് ഏറ്റുവാങ്ങേണ്ടിവരുന്നവരുടെ അവസ്ഥ വളരെ ഭീകരമാണ്. നാട്ടില്‍നിന്നും ഒറ്റപ്പെടുന്നതിന് പുറമെ താന്‍ എന്തോ തെറ്റ് ചെയ്തു, അല്ലെങ്കില്‍ ഒരു വൈറസ് ആയാണ് പ്രിയപ്പെട്ടവര്‍ തന്നെ കാണുന്നതെന്ന തോന്നല്‍ അവരില്‍ പലരിലും ശക്തിപ്പെടും. തുടര്‍ന്നുള്ള നിരീക്ഷണ ദിവസങ്ങളില്‍ ഈ തോന്നല്‍ ശക്തമാവുകയും ഇവരില്‍ പലരും മാനസികമായി തളര്‍ന്ന് പോവുകയും ചെയ്യുന്നുണ്ട്’, സൈക്കോളജിസ്റ്റ് ഡോ സലാം മുഹമ്മദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വെള്ളിയാഴ്ച ഖത്തറില്‍നിന്നും നാട്ടില്‍ തിരിച്ചെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശിക്ക് സംഭവിച്ചത് ഇതിന് ഉദാഹരണമാണ്. കൊവിഡ് പരത്താന്‍ വന്നവരാണെന്ന് ആരോപിച്ച് മടങ്ങിയെത്തിയ അര്‍ഷദിനെയും അദ്ദേഹത്തെ വീട്ടിലെക്കാന്‍ കൂടെ വന്ന പിതാവിനെയും നാട്ടുകാര്‍ മര്‍ദ്ദിച്ചു. ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തി ലോക്ഡൗണിനെത്തുടര്‍ന്ന് അവിടെ കുടുങ്ങിയതായിരുന്നു അര്‍ഷദ്. വന്ദേഭാരതിലൂടെ മടക്കയാത്ര സാധിക്കാതെ വന്ന ഇദ്ദേഹം മലപ്പുറം ജില്ല കെ.എം.സി.സിയുടെ ചാര്‍ട്ടേട് വിമാനത്തിലാണ് തിരികെയെത്തിയത്.

കുടുംബാംഗങ്ങള്‍ മറ്റൊരു സ്ഥലത്തേക്ക് മാറി അര്‍ഷദിന് വീട് ഹോം ക്വാറന്റീനിനായി മാറ്റിവെക്കുകയും ചെയ്തു. നാട്ടിലെത്തി കാറില്‍ നിന്നും ലഗേജ് പുറത്തിറക്കുന്നതിനിടെയാണ് നാട്ടുകാര്‍ സംഘം ചേര്‍ന്നെത്തി ഇദ്ദേഹത്തെയും പിതാവിനെയും മര്‍ദ്ദിച്ചത്.

‘ഒരു പ്രവാസിക്കും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിദേശത്ത് അത്രയധികം ബുദ്ധിമുട്ടും ദുരിതവും നേരിട്ടിട്ടാണ് നാട്ടിലേക്ക് വരുന്നത്. ഇവിടെ വന്നപ്പോള്‍ അതിനേക്കാള്‍ ഭീകരമായ അവസ്ഥ. എന്നെ എന്റെ വീട്ടിലേക്ക് കയറാന്‍ അവര്‍ അനുവദിച്ചില്ല. ഞാനിവിടെ നില്‍ക്കാന്‍ പാടില്ല, തിരിച്ചുപോണം എന്നാണ് അവര്‍ പറഞ്ഞത്. എന്റെ മുമ്പില്‍ വെച്ച് എന്റെ പിതാവിനെ അവര് മര്‍ദ്ദിച്ചു. എന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കേണ്ടി വന്നു എനിക്ക്. എനിക്ക് പിടിച്ചുമാറ്റാനോ ഒന്നും കഴിയില്ലല്ലോ. ഞാന്‍ നിരീക്ഷണത്തിലല്ലേ. അത് നോക്കിനില്‍ക്കേണ്ടി വരിക എന്നത് ഭീകര അവസ്ഥയാണ്’, അര്‍ഷദ് പറയുന്നു’

കഴിഞ്ഞയാഴ്ച വില്യാംപള്ളിയില്‍ മടങ്ങിയെത്തിയ പ്രവാസിയെ ഒരു സംഘമാളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.

മടങ്ങിയെത്തുന്ന പ്രവാസികളോട് നാട്ടുകാര്‍ ക്രൂരമായാണ് പെരുമാറുന്നതെന്ന് പലരും പരാതി പറയുന്നുമുണ്ട്. കൊവിഡ് കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്നര്‍ക്ക് നാട്ടില്‍നിന്നും നേരിടേണ്ടി വരുന്ന ഇത്തരം ദുരനുഭവങ്ങള്‍ വലി മാനസികാഘാതം സൃഷ്ടിക്കുന്നുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

‘ക്വാറന്റീനില്‍ ഇരിക്കുന്നവരും അവരോട് ഇടപഴകേണ്ടി വരുന്നവരും അടുത്ത വീടുകളില്‍ താമസിക്കുന്നവരുമൊക്കെ മാനസിക സംഘര്‍ഷം നേരിടുന്നുണ്ട്. പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്ടുകള്‍, വിദേശത്തുനിന്നും വരുന്നവര്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. കൊവിഡ് ആശങ്ക പരന്ന സാഹചര്യത്തില്‍ ഏത് വിധേനയും നാട്ടിലെത്താന്‍ ആഗ്രഹിച്ച് വിമാനത്തില്‍ മൂന്നോ നാലോ മണിക്കൂര്‍ അതിഭീകര ടെന്‍ഷന്‍ അനുഭവിച്ച് ഒടുവില്‍ നാട്ടിലെത്തി വീണ്ടും നിരീക്ഷണത്തില്‍ കഴിയുന്നതുവരെ മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്നത് വലിയ ട്രോമയാണ് ഉണ്ടാക്കുന്നത്’, കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ ജോസ്റ്റിന്‍ ഫ്രാന്‍സിസ് പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസുകളും കുട്ടികളും

ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നത് കേരളത്തില്‍ ഒട്ടും പരിചയമില്ലാത്ത രീതിയാണ്. ജൂണ്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ക്ലാസിലിരിക്കുന്ന കുട്ടികള്‍ അസ്വസ്ഥരാണെന്നാണ് മലപ്പുറം സ്വദേശിയായ അധ്യാപകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘കുട്ടികള്‍ ഏറ്റവുമധികം സംവദിച്ചിരുന്നത് കൂട്ടുകാരോടും അധ്യാപകരോടുമായിരുന്നു. വീട്ടിലുള്ളവരോട് പറയാന്‍ മടിക്കുന്ന പലതും അവര്‍ കൂട്ടുകാരോടും അധ്യാപകരോടും പങ്കുവെച്ചിരുന്നു. അത് നഷ്ടമാകുന്നത് കുട്ടികളെ വളരെയധികം പ്രശ്‌നത്തിലാക്കുന്നുണ്ട്. സ്‌കൂള്‍ അന്തരീക്ഷം നഷ്ടപ്പെടുന്നതോടുകൂടി അവരുടെ സംസാരമടക്കം കുറയുന്നുണ്ട്. സ്‌കൂള്‍ എന്നത് കെട്ടിടങ്ങള്‍ക്കപ്പുറം മറ്റൊരു ലോകമാണ്. അവിടെ അവരുടെ ഇണക്കങ്ങള്‍ക്കും പിണക്കങങ്ങള്‍ക്കും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനും കഴിവുകള്‍ മൂര്‍ച്ചപ്പെടുത്തുന്നതിനുമൊക്കെ സ്ഥാനമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവര്‍ ഒരു തരത്തില്‍ അടച്ചിട്ട അവസ്ഥയിലാവുകയാണ്’, പേര് വെളിപ്പെടുത്താത്ത അധ്യാപകന്‍ ചൂണ്ടിക്കാട്ടി.

ജോലിക്ക് പോകുന്ന മാതാപിതാക്കളും വീട്ടുജോലിക്കൊപ്പം കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്ന മാതാപിതാക്കളും കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്ന് അറിയില്ലാത്തവരും അടക്കം രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളിയും വലുതാണെന്ന് സൈക്കോളജിസ്റ്റ് ഡോ സലാം മുഹമ്മദ് പറയുന്നു. നിരവധി രക്ഷിതാക്കളാണ് ഇദ്ദേഹത്തെ നിരന്തരം വിളിക്കുന്നത്. തങ്ങളുടെ അറിവില്ലായ്മ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കില്ലേ എന്ന ആശങ്കയാണ് ഇവരില്‍ ഭൂരിഭാഗവും പങ്കുവെക്കുന്നത്.

കര്‍ഷകരും ചെറുകിട വ്യവസായികളും നേരിടുന്ന പ്രതിസന്ധി

‘രണ്ട് പ്രളയത്തിലും മുങ്ങിപ്പോയതാണ് ഞങ്ങള്‍. കൃഷി ഭൂമിയുടെ ഘടനയിലടക്കം പ്രളയം ബാധിച്ചിരുന്നു. എല്ലാം മടുത്ത് ഇനി കൃഷി ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, നിവൃത്തിയില്ലാതെ വീണ്ടും കൃഷിയിലേക്ക് തന്നെ തിരിഞ്ഞു. കടമെടുത്താണ് കൃഷി ചെയ്
തത്. നേന്ത്രവാഴയാണ് ഈ സമയത്ത് ഇവിടുത്തെ പ്രധാന വരുമാനം. ഇത്തവണ നല്ല വിളവുണ്ടായിരുന്നു. അതിന്റെ പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. പക്ഷേ, കൊറോണ വന്നതോടെ ആ പ്രതീക്ഷയും പോയി’, വയനാട് പേരിയ സ്വദേശി മാത്യു ജോര്‍ജിന്റെ വാക്കുകളാണിത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിളവെടുപ്പ് പൂര്‍ണമായും നിലച്ചു. പിന്നീട് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും അപ്പോഴേക്കും കൃഷിയില്‍ ചിലത് വിളവെടുപ്പിന് കഴിയാത്ത അവസ്ഥയിലായി. ഇപ്പോഴുള്ളതിന് വില തീരെ കുറവും. മുടക്കിയ പണംപോലും തിരികെ കിട്ടില്ലെന്ന അവസ്ഥയിലാണ് ഇവര്‍. ഇതോടെ കൃഷിയെ മുന്‍നിര്‍ത്തിയുള്ള എല്ലാ പദ്ധതികളും തെറ്റി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണ് പല കര്‍ഷക കുടുംബങ്ങളും. ഇത് സാമ്പത്തികമായി മാത്രമല്ല, മാനസികമായും ഇവരെ തളര്‍ത്തുന്നുണ്ട്.

ബാങ്ക് വായ്പയെടുത്തിട്ടുള്ള പലരും മോറട്ടോറിയം പ്രഖ്യാപിച്ചതിന്റെ കാലാവധി കഴിയുന്നതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലുമാണ്.

ചെറുകിട വ്യവസായികളുടെ സ്ഥിതിയും മറ്റൊന്നല്ല. മാര്‍ക്കറ്റില്‍ പണമെത്താതായതോടെ ഇവരുടെ ദൈനംദിന ജീവിതം തന്നെ പരുങ്ങലിലായിരിക്കുകയാണ്. ‘കൊവിഡിന് മുമ്പേയുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു ഞങ്ങള്‍. ഇപ്പോള്‍ ഇത് കൂടി വന്നതോടെ ജീവിതം വഴിമുട്ടി. ആരും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നില്ല. പലതും കടയില്‍ കെട്ടിക്കിടന്ന് നാശമായി അതിന്റെ നഷ്ടംകൂടി സഹിക്കേണ്ട അവസ്ഥയാണ്. എന്ത് ചെയ്യുമെന്ന് അറിയില്ല. മുന്നോട്ട് എങ്ങനെ പോകണമെന്ന് മനസിലാവുന്നില്ല’, കോഴിക്കോട് നഗരത്തിലെ ഒരു വസ്ത്ര വ്യാപാരി ടെലി കൗണ്‍സിലിങ് സംവിധാനത്തിലേക്ക് വിളിച്ചുപറഞ്ഞതാണിത്.

വര്‍ക്ക് ഫ്രം ഹോം ഉണ്ടാക്കുന്ന പ്രതിസന്ധി

കൊവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് ഓഫീസുകളില്‍ ഭൂരിഭാഗവും തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സര്‍ക്കാര്‍ ഓഫീസുകളും മാധ്യമ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ മേഖലയിലെ പല ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

എന്നാല്‍ വലിയ വിഭാഗം ഐ.ടി കമ്പനികളും മറ്റ് ചില മേഖലകളും വീട്ടിലിരുന്ന് ജോലി എന്ന രീതി തുടരുകയാണ്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ വീട്ടിലിരുന്നുള്ള ജോലി മതി എന്ന് പല കമ്പനികളും തീരുമാനിച്ചുകഴിഞ്ഞു. ഇത് സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നം ചെറുതല്ല.

വീട്ടിലിരുന്ന് സ്ഥിരമായി ജോലിചെയ്യുന്നവര്‍ പെട്ടന്നുതന്നെ വിഷാദരോഗത്തിലേക്ക് വഴുതി വീഴുന്നെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വീട്ടിലെ പ്രതികൂല സാഹചര്യങ്ങളും ഒറ്റപ്പെടലും ജോലി ചെയ്യുന്ന അന്തരീക്ഷത്തിലെ പ്രതിസന്ധികളും ശരീരത്തെയും മനസിനെയും ഒരു
പോലെ തളര്‍ന്നുണ്ടെന്നാണ് എറണാകുളം സ്വദേശിയായ ഐ.ടി കമ്പനിയിലെ ജീവനക്കാരന്‍ അരുണ്‍ ജോര്‍ജ്ജ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ജോലിയില്‍ പ്രവേശിച്ച് അധികമാവത്തവരെ സംബന്ധിച്ചിടടത്തോളം ഈ പ്രതിസന്ധി രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ലോക്ഡൗണ്‍ സമയത്ത് ഐ.ടി കമ്പനികള്‍ക്ക് പ്രൊജക്ടുകള്‍ ലഭിക്കുന്നില്ല. ഇത് ശമ്പളം വെട്ടിക്കുറയ്ക്കുന്നതിലേക്കാണ് എത്തിച്ചിരിക്കുന്നത്. പല കമ്പനികളും പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സമയത്ത് ജോലി ഇല്ലാതാവുക എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പല സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിളിച്ച് ഈ ആശങ്കയാണ് എന്നും പങ്കുവെക്കുന്നത്. ഒറ്റപ്പെട്ട അവസ്ഥയില്‍ ഈ കാലത്തെ നേരിടേണ്ടി വരുന്നത് പലരെയും തളര്‍ത്തുന്നുണ്ട്. സ്‌ട്രെസ് കൂടി ചികിത്സ തേടുകയാണ് പലരുമെന്നും അരുണ്‍ പറയുന്നു.

‘കൊവിഡ് ഭീതി മാത്രമല്ല, അതിന്റെ സാമൂഹിക പ്രത്യാഘാതവും പ്രധാനമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാതെയായി. തൊഴിലാളികള്‍ക്ക് തൊഴില്‍ ഇല്ലാതായി, അവരുടെ ജീവിതം താറുമാറാകുന്ന അവസ്ഥ വന്നു. സ്ഥിരവരുമാനം ഇല്ലാത്ത, സര്‍ക്കാര്‍ ജോലി ഇല്ലാത്ത ജനവിഭാഗത്തിന് ജീവിതം ദുസഹമായി തോന്നുന്ന അവസ്ഥ വന്നു. ഇനിയെന്ത് എന്നുള്ള ഒരു പ്രതിസന്ധിയിലാണ് അവരില്‍ പലരും ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇത് വലിയ സമ്മര്‍ദ്ദമാണ് ആണ് സമൂഹത്തില്‍ ഉണ്ടാക്കുന്നത്’, ഡോ ജോസ്റ്റിന്‍ സെബാസ്റ്റിയന്‍ പറയുന്നു.

ദിവസ വരുമാനം കൂട്ടി വച്ചാണ് ഒരു വലിയ വിഭാഗം മനുഷ്യര്‍ ജീവിക്കുന്നത്. ഇത് പെട്ടെന്നു നിന്നുപോകുമ്പോള്‍ മാനസിക സംഘര്‍ഷം ഉണ്ടാവുകയും മാനസിക രോഗം പുറത്തുവരികയും ചെയ്യുന്നു. ഒരിക്കല്‍ മാനസിക രോഗം പ്രകടമായി ചികില്‍സിച്ചു ഭേദമായ ആളിന് രണ്ടാമത്തെ എപ്പിസോഡ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂന്നാമത് ഒരു സാധ്യത മരുന്നു കഴിച്ചു കൊണ്ടിരിക്കുകയാണ്. കുഴപ്പമൊന്നുമില്ല എന്ന് വിചാരിച്ചിരുന്ന ആളുകള്‍ക്ക് വളരെ പെട്ടെന്ന് പുതിയ ഒരു എപ്പിസോഡ് വരുന്നു. ഇങ്ങനെയുള്ള മൂന്നു സാഹചര്യങ്ങളാണ് കൊറോണയുമായി ബന്ധപ്പെട്ട് പ്രധാനമായും ഉണ്ടായതെന്നും ഡോ ജസ്റ്റിന്‍ സെബാസ്റ്റ്യന്‍ വ്യക്തമാക്കി.

പകര്‍ച്ചവ്യാധികള്‍ എന്നും മനുഷ്യനെ ഭീതിയില്‍ ആഴ്ത്തിയിട്ടുണ്ട്. വേഗത്തില്‍ പടരുന്ന രോഗവും, ആവശ്യത്തിന് പരിചരണം ലഭിക്കാതെ വരുന്നതും ഒറ്റപ്പെടലും പട്ടിണിയും മരണങ്ങളും ഒക്കെ ഏതൊരു വ്യക്തിയുടെയും മനസ്സിനെ മുറിപ്പെടുത്തും. അതുകൊണ്ട് തന്നെ ശാരീരികമായ ചികിത്സകളും പരിചരണവും പോലെതന്നെ പ്രധാനമാണ് ഈ കാലയളവിലെ മാനസികാരോഗ്യ സംരക്ഷണം.

ഇത്തരം വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിക്കുന്നത് അവരുടെ മികച്ച മാനസികാരോഗ്യമാണ്. പെട്ടന്നുള്ള പകര്‍ച്ചവ്യാധികള്‍ ഏതൊരു വ്യക്തിയുടെയും മാനസികാരോഗ്യം തകര്‍ക്കാം. അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്ന മെഡിക്കല്‍ ടീമുകളുടെ ഒരു പ്രധാന ചുമതല ഇതില്‍ പെടുന്നവരെ മാനസികാരോഗ്യ സംരക്ഷണമാണ് എന്ന് ഡോ. ജിതിന്‍ ടി ജോസഫ് പറയുന്നു.

വളരെ പെട്ടന്നുള്ള ഏതൊരു ദുരന്തങ്ങളും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാം. അതിജീവിക്കാനുള്ള കഴിവ് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെയാണ് ഒരേ ദുരന്തങ്ങളില്‍ പെടുന്നവരില്‍ ചിലരില്‍ മാത്രം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുക. ഒറ്റപ്പെടല്‍, രോഗത്തിന്റെ ദുരിതങ്ങളും കഷ്ടതയും, മരിക്കുമോ എന്ന പേടി, ഇനി എന്ത് ചെയ്യും എന്ന ഉത്കണ്ഠ, തന്റെ ഉറ്റവരെ കുറിച്ചുള്ള ചിന്തകള്‍, രോഗം പകരുമോ എന്ന പേടി, പട്ടിണി , സാമ്പത്തികമായ ഞെരുക്കങ്ങള്‍ ഇവയൊക്കെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.

‘മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പ്രധാന കാരണം രോഗബാധിതരോടും അവരുടെ ബന്ധുക്കളോടും ആരോഗ്യ പ്രവര്‍ത്തകരോടും സമൂഹം കാണിക്കുന്ന വേര്‍തിരിവും മാറ്റി നിര്‍ത്തലുമാണ്. തൃശൂര് അത്തരത്തില്‍ ഒരു കുടുംബത്തെ വീട്ടില്‍ അയല്‍ക്കാര്‍ പൂട്ടിയിട്ട വാര്‍ത്ത ശ്രദ്ധിച്ചിരിക്കുമല്ലോ. അതുപോലെ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരെ വീട്ടില്‍ നിന്നും ഇറക്കിവിടുന്ന കാഴ്ചയും നമ്മള്‍ കണ്ടു. എബോള രോഗം ആഫ്രിക്കയില്‍ പടര്‍ന്ന സമയത്തും ഇത്തരം ഒറ്റപ്പെടുത്തലും സമൂഹഭ്രഷ്ട്ടും ഉണ്ടായിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളെ മാസങ്ങളോളം ഗ്രാമത്തില്‍ പ്രവേശിപ്പിക്കാത്ത സാഹചര്യവും ഉണ്ടായി. ചിലര്‍ക്ക് ഗ്രാമങ്ങള്‍ വിട്ടുപോകേണ്ടിയും വന്നു. ഇത്തരം വേര്‍തിരിവുകളും ഒറ്റപ്പെടുത്തലും ആരെയും മാനസികമായി തളര്‍ത്താം’, ജിതിന്‍ ടി ജോസഫ് വ്യക്തമാക്കി.

ആര്‍ക്കാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലെന്നും മറ്റും ഡോ ജിതിന്‍ ടി ജോസഫ് പറയുന്നതിങ്ങനെ

രോഗികളായവര്‍ക്ക്

പെട്ടന്ന് രോഗാവസ്ഥയില്‍ ആകുന്നത്, പ്രത്യേകിച്ച് ചികിത്സ ഒക്കെ കൃത്യമായി ഇല്ലാത്ത രോഗങ്ങള്‍ വരുന്നത്, മരിക്കുമോ എന്ന ഭയം ഇവയൊക്കെ വളരെ ഭീതിജനകമായ ഒരു കാര്യമാണ്. രോഗികളോട് സമൂഹം കാണിക്കുന്ന വേര്‍തിരിവുകള്‍ , അവജ്ഞ , ഐസൊലേഷനില്‍ ഉള്ള ചികിത്സ ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം.

രോഗികളുടെ അടുത്ത ബന്ധുക്കള്‍

പകരുന്ന അസുഖങ്ങള്‍ ആയതിനാല്‍ സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. രോഗം നിങ്ങള്‍ മൂലം വന്നതാണ് എന്നുള്ള സംസാരവും മറ്റും മനസ്സിനെ മുറിപ്പെടുത്തും. ബന്ധുവിനെ പരിചരിച്ചത് വഴിയായി തങ്ങള്‍ക്കും രോഗം വരുമോ എന്ന പേടിയും ആകുലതയും
ബന്ധുക്കള്‍ക്ക് ഉണ്ടാകും

Quarantine/ ioslation ചെയ്യപെട്ടവര്‍

രോഗം ഇല്ലെങ്കില്‍കൂടിയും ഒറ്റക്ക് ആകുന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. രോഗം ഉണ്ടോ ഇല്ലെയോ എന്ന പേടി എല്ലാവര്‍ക്കും ഉണ്ടാകും. ഉറ്റവരെയും ബന്ധുക്കളെയും കാണാന്‍ പറ്റാതെ വരുന്നതും സംഘര്‍ഷം കൂട്ടും. സാമൂഹികമായ വേര്‍തിരിവും ഒറ്റപ്പെടലും ഇവരും സഹിക്കേണ്ടി വരും

ആരോഗ്യ പ്രവര്‍ത്തകര്‍

ഏതുതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വന്നാലും അവരെ പരിചരിക്കുക എന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ ചുമതലയാണ്. പെട്ടന്ന് പടരുന്നതും മരണ ശേഷി കൂടുതല്‍ ഉള്ളതുമായ രോഗങ്ങളുള്ളവരെ പരിചരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. രോഗത്തെ കുറിച്ചുള്ള അറിവ് കുറവും, രോഗത്തിന് കൃത്യമായ ചികിത്സ ഇല്ല എന്നുള്ള ബോധ്യവും സംഘര്‍ഷം വര്‍ദ്ധിപ്പിക്കാം.

തനിക്ക് അസുഖം പകരുമോ എന്ന പേടിയും അവര്‍ക്ക് ഉണ്ടാകും. താന്‍ വഴി തന്റെ കുടുംബത്തില്‍ ഉള്ളവര്‍ക്കും അസുഖം വരാന്‍ സാധ്യത ഉണ്ടെന്ന് അറിയുന്നത് ആകുലതകള്‍ കൂട്ടും. തുടര്‍ച്ചയായി മരണങ്ങള്‍ കാണുകയും കൈകാര്യം ചെയ്യേണ്ടിയും വരിക, തുടര്‍ച്ചയായ ജോലി, ആവശ്യത്തിന് വിശ്രമം ലഭിക്കാതെ വരുന്നത് ഇവയൊക്കെ മാനസികാരോഗ്യത്തെ ബാധിക്കാം

നിലവില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍

ഇതോടൊപ്പം പ്രത്യേക കരുതല്‍ വേണ്ടത് നിലവില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും അതിനായി ചികിത്സ എടുക്കുന്നവരുടെയും കാര്യത്തിലാണ്. തുടര്‍ചികിത്സ ആവശ്യമായി വരുന്ന ഇത്തരം ആളുകള്‍ക്കുള്ള സേവനങ്ങള്‍ എങ്ങനെ നല്‍കും എന്നതില്‍ കൃത്യമായ മാര്‍ഗ്ഗനിദ്ദേശങ്ങള്‍ ഉണ്ടാവണം.

നിലവില്‍ ചികിത്സ എടുക്കുന്നവര്‍ അവരുടെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

ആവശ്യത്തിന് മരുന്ന് മുന്‍കൂറായി കരുതി വെക്കണം.

അത്യാവശ്യഘട്ടങ്ങളില്‍ ഒഴിച്ച് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.

മരുന്ന് ചികിത്സയുടെ കൂടെ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റു കാര്യങ്ങളും കൃത്യമായി പാലിക്കണം.

ഇവരെ പരിചരിക്കുന്ന ആളുകളും ,ബന്ധുക്കളും ഇവര്‍ക്ക് പ്രത്യക പരിഗണനയും കരുതലും നല്‍കണം.

മാനസികാരോഗ്യപ്രശ്‌നങ്ങള്‍ എങ്ങനെയൊക്കെ പ്രത്യക്ഷപ്പെടാം ?

ഉറക്കക്കുറവ്
അമിതമായ ഉത്കണ്ഠ
വിഷാദം
പെട്ടന്നുള്ള ദേഷ്യം
ലഹരി ഉപയോഗം കൂടുന്നത്
ജോലിസ്ഥലത്തും മറ്റും തുടര്‍ച്ചയായി തെറ്റുകള്‍ വരുത്തുക
ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറുക
ജഠടഉ (Post traumatic stress diosrder) തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ഇതില്‍ വിഷാദം, അമിതമായ ഉത്ക്കണ്ഠ, ലഹരി ഉപയോഗം, ജഠടഉ എന്നിവ കാര്യമായി വ്യക്തിയെ ബാധിക്കാം. ആഫ്രിക്കയിലും മറ്റും പടര്‍ന്നുപിടിച്ച എബോള രോഗത്തെ തുടര്‍ന്ന് ഏകദേശം 50% രോഗത്തെ അതിജീവിച്ചവരിലും അവരുടെ ബന്ധുക്കളിലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടിരുന്നു എന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിഷാദം, ജഠടഉ എന്നിവ രോഗം മാറിയതിനു ശേഷവും കാലങ്ങള്‍ നിലനില്‍ക്കും.

പരിഹാരം എങ്ങനെ?

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള ആദ്യ നീക്കങ്ങള്‍ തൊട്ടു മാനസികാരോഗ്യ സംരക്ഷണത്തിന് ഉള്ള നടപടികള്‍ എടുക്കണം.

ആവശ്യത്തിനു മാനസികാരോഗ്യ വിദഗ്ധരെ ഇത്തരം ടീമില്‍ ഉള്‍പ്പെടുത്തണം

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലുള്ളവരെ കണ്ടെത്തുകയും അവര്‍ക്കു പ്രഥമ പരിഗണന നല്‍കുകയും വേണം.

മുന്‍പ് മാനസികരോഗങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ , നിലവില്‍ മാനസിക പ്രശ്നങ്ങള്‍ക്കു ചികിത്സ എടുക്കുന്നവര്‍ , ഗുരുതരമായ രോഗം ഉണ്ടായവര്‍ ,

അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടവര്‍ , നീണ്ട കാലം ഐസൊലേഷന്‍ ചെയ്യേണ്ടി വന്നവര്‍ ഇവര്‍ക്ക് ഒക്കെ പ്രത്യേക ശ്രദ്ധ വേണ്ടിവരും.

ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നിര്‍ബന്ധമായും മാനസികാരോഗ്യ ശുശ്രുഷ ഉറപ്പാക്കണം .

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും , മറ്റു ജീവനക്കാര്‍ക്കും വേണ്ട കരുതല്‍ നല്‍കേണ്ടതുണ്ട്

ആവശ്യമാവര്‍ക്കു എത്രയും വേഗത്തില്‍ മനഃശാസ്ത്ര പരമായതോ , മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയോ ലഭ്യമാക്കണം.

മുന്‍കരുതലുകള്‍

ആവശ്യമായ മാനസികാരോഗ്യ സേവനങ്ങള്‍ നല്കാന്‍ പറ്റുന്നവരെ കണ്ടെത്തി തയ്യാറാക്കുക.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു വേണ്ട പരിശീലനം നല്‍കുക .

രോഗത്തെ കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍കരണം നല്‍കുക .

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലുള്ളവരെ കണ്ടെത്തി പ്രത്യേക പരിഗണന നല്‍കുക
കൗണ്‍സിലിംഗ് അടക്കമുള്ള സേവനങ്ങള്‍ ഉറപ്പാക്കുക.

മാനസിക സംഘര്‍ഷങ്ങള്‍ കുറക്കാന്‍ സഹായിക്കുന്ന വ്യായാമ മുറകള്‍ പഠിപ്പിക്കുക , പരിശീലിപ്പിക്കുക.

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാനസികാരോഗ്യ പ്രഥമ ശിശ്രുഷ നല്‍കുക .
സാമൂഹികമായും , വ്യക്തിതലത്തിലും നല്‍കേണ്ട സേവനങ്ങള്‍ കണ്ടെത്തുക.
പൊതു നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ