ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള ഊര്‍ജ പ്രതിസന്ധി മറിക്കടക്കാന്‍ ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍.
ഇത്തരത്തില്‍ ഒരു നടപടിയും ഇല്ലെന്നും കിംവദന്തികള്‍ തെറ്റാണെന്നും കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു.
‘ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പൂര്‍ണമായും തെറ്റാണ്. ഞാന്‍ വ്യക്തമായി പറയട്ടെ, അത്തരമൊരു നിര്‍ദേശം ഇന്ത്യാ ഗവണ്‍മെന്റിന്റെ പരിഗണനയിലില്ല.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പൗരന്മാര്‍ക്ക് ഇന്ധനം, ഊര്‍ജം, മറ്റ് അടിസ്ഥാന വസ്തുക്കള്‍ എന്നിവയുടെ തടസമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ പൂര്‍ണമായും തയ്യാറാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രാജ്യത്ത് ലോക്ക്ഡൗണ്‍ ഉണ്ടായേക്കാമെന്ന ആശങ്ക പരസ്യമായി പ്രകടിപ്പിച്ചിരുന്നു. പാചക വാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് ലഭിക്കാന്‍ 35 ദിവസം വരെ വൈകുന്നുവെന്ന് ആരോപിച്ച അവര്‍, ഇതാണോ ബി.ജെ.പിയുടെ പദ്ധതിയെന്നും ജനങ്ങളെ വീടിനുള്ളില്‍ പൂട്ടിയിടാന്‍ ശ്രമിക്കുകയാണോ എന്നും ചോദിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ലോക്ക്ഡൗണിനെ അനുസ്മരിച്ച മമത, അത്തരം സാഹചര്യം വന്നാലും തങ്ങള്‍ പോരാടുമെന്നും വ്യക്തമാക്കിയിരുന്നു.
Content Highlight: Lockdown is just a rumor; Centre asks people not to spread rumors
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.