| Monday, 8th December 2025, 9:53 pm

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളില്‍ നാളെ വിധിയെഴുത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞൈടുപ്പ് വോട്ടെടുപ്പിന്റെ ആദ്യഘട്ടം നാളെ (ചൊവ്വാഴ്ച)നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. രണ്ട് ഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനൊന്നിന് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ടം. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ് നടക്കുക.

തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം അവധി പ്രഖ്യാപിച്ചു. പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 നും അവധി ആയിരിക്കും.

നാളെ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 7 ന് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.

അദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്, ഇതില്‍ 471 ഗ്രാമപഞ്ചായത്തുകളും 75 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 39 മുന്‍സിപ്പാലിറ്റികളും മൂന്ന് കോര്‍പ്പറേഷനുകളും ഉള്‍പ്പെടുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളിലേക്കായി ആകെ 11168 വാര്‍ഡുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 164, മുനിസിപ്പാലിറ്റി വാര്‍ഡ് – 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് – 233).

ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന 11168 വാര്‍ഡുകളിലായി ആകെ 1,32,83,789 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ (പുരുഷന്‍മാര്‍ – 62,51,219, സ്ത്രീകള്‍ – 70,32,444, ട്രാന്‍സ്ജെന്‍ഡര്‍ – 126). 456 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും സ്ത്രീകളാണ് മുന്നില്‍. ജനവിധി തേടുന്ന ആകെ 36630 സ്ഥാനാര്‍ത്ഥികളില്‍ 17056 പേര്‍ പുരുഷന്മാരും, 19573 സ്ത്രീകളുമാണുള്ളത്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയും നാളെ ജനവിധി തേടുന്നു.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയക്ക് 27141ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3366 ഉം, ജില്ലാപഞ്ചായത്തിലേയ്ക്ക് 594 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 4480 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 1049 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Content Highlight:  Local body elections: Verdict to be written in seven districts tomorrow

We use cookies to give you the best possible experience. Learn more