ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ വിജയിച്ചിരുന്നു. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ബേണ്‍മൗത്തിനെതിരെ 4 – 2ന്റെ തകര്‍പ്പന്‍ വിജയമാണ് ദി റെഡ്‌സ് സ്വന്തമാക്കിയത്. ആദ്യം പിന്നിട്ട് നിന്ന് രണ്ട് ഗോള്‍ അടിച്ച് ബേണ്‍മൗത്ത് തിരിച്ച് വന്നിരുന്നെങ്കിലും ലിവര്‍പൂളിന്റെ ആക്രമണങ്ങളില്‍ മുങ്ങിത്താഴുകയായിരുന്നു.
ലീഗിലെ ആദ്യ മത്സരത്തിലെ ജയത്തോടൊപ്പം സൂപ്പര്‍ താരം മുഹമ്മദ് സല കഴിഞ്ഞ ദിവസം ഒരു സൂപ്പര്‍ നേട്ടം സ്വന്തം പേരില്‍ എഴുതിക്കുറിച്ചു. പ്രീമിയര്‍ ലീഗില്‍ ഓപ്പണിങ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടമാണ് ഈജിപ്ഷ്യന്‍ താരം നേടിയത്. ഇഞ്ചുറി ടീമിന്റെ നാലാം മിനിട്ടില്‍ ലിവര്‍പൂളിന്റെ നാലാം ഗോള്‍ കണ്ടെത്തിയാണ് താരം റെക്കോഡ് നേട്ടത്തിലെത്തിയത്.
സലയ്ക്ക് പുറമെ, ലീഗിലെ അരങ്ങേറ്റക്കാരന്‍ ഹ്യൂഗോ എകിറ്റികെ, കോഡി ഗാക്‌പോ, ഫെഡറിക്കോ ചീസ എന്നിവര്‍ ലിവര്‍പൂളിനായി ഗോള്‍ കണ്ടെത്തി. മറുവശത്ത് അന്റോയിന്‍ സെമാന്‍യോ ഇരട്ട ഗോളടിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ദി റെഡ്സിന്റെ സമ്പൂര്‍ണ ആധിപത്യത്തിനാണ് ആരാധകര്‍ സാക്ഷിയായത്.
എന്നാല്‍, രണ്ടാം പകുതിയില്‍ ബേണ്‍മൗത്ത് കൂടെ ഉണര്‍ന്ന് കളിച്ചതോടെ മത്സരത്തിന്റെ ആവേശം പതിന്മടങ്ങ് വര്‍ധിച്ചു. കളി അവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ, രണ്ട് ഗോള്‍ അടിച്ച് ലിവര്‍പൂള്‍ ഒരിക്കല്‍ കൈവിട്ടെന്ന് കരുതിയ വിജയം തിരിച്ച് പിടിക്കുകയായിരുന്നു.
അതേസമയം, കാറപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരം ഡിയാഗോ ജോട്ടക്കും സഹോദരന്‍ ആന്ദ്രേ സില്‍വക്കും ആദരമര്‍പ്പിച്ചാണ് പുതിയ സീസണിന് തുടക്കമായത്. മത്സരശേഷം സല അടക്കമുള്ള ലിവര്‍പൂള്‍ താരങ്ങള്‍ ജോട്ടയുടെ ഓര്‍മയില്‍ കണ്ണീരണിഞ്ഞിരുന്നു.
Content Highlight: Liverpool star Mohammed Salah tops the list of most goals in opening match in English Premier League