ബാഴ്‌സയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി മത്സരത്തില്‍ സലാഹും ഫിര്‍മിനോയും കളിക്കില്ല
Football
ബാഴ്‌സയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി മത്സരത്തില്‍ സലാഹും ഫിര്‍മിനോയും കളിക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2019, 9:22 pm

ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍-ബാഴ്‌സലോണ രണ്ടാം പാദ സെമി മത്സരത്തില്‍ സലാഹും ഫിര്‍മിനോയും കളിക്കില്ലെന്ന് ഉറപ്പായി. ശനിയാഴ്ച ന്യൂകാസിലിനെതിരായി നടന്ന മത്സരത്തില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് സലാഹിന് തലയ്ക്ക് പരിക്കേറ്റിരുന്നു.

സലാഹിനെ കൂടാതെ സൂപ്പര്‍ താരം ഫിര്‍മിനോയും ബാഴ്‌സയ്‌ക്കെതിരായ രണ്ടാം പാദ മത്സരത്തില്‍ കളിയ്ക്കുന്നില്ല. പേശിയ്‌ക്കേറ്റ പരിക്കാണ് ഫിര്‍മിനോയ്ക്കും അവസരം നഷ്ടപ്പെടാന്‍ കാരണം. ന്യൂകാസിലിനെതിരായും ഫിര്‍മിനോ കളിച്ചിരുന്നില്ല. പകരം ഡാനിയല്‍ സ്റ്ററിഡ്ജാണ് കളിച്ചത്. ആ മത്സരത്തില്‍ സലാഹിന് പരിക്ക് പറ്റിയപ്പോള്‍ പകരക്കാരനായി ഇറങ്ങിയ ഒറിഗിയാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്.

ലോകത്തെ രണ്ട് മികച്ച സ്‌ട്രൈക്കര്‍മാര്‍ ഇല്ലാതെയാണ് കളിയ്ക്ക് ഇറങ്ങുന്നതെന്ന് ലിവര്‍പൂള്‍ കോച്ച് ക്ലോപ്പ് പറഞ്ഞു. ഞായറാഴ്ച വോള്‍വര്‍ഹാംപ്ടണെതിരായ മത്സരത്തില്‍ സലാഹ് ഇറങ്ങുമെന്നും ബാഴ്‌സയ്‌ക്കെതിരായ മത്സരത്തില്‍ അദ്ദേഹത്തെ കളിപ്പിക്കാനാവില്ലെന്നും ക്ലോപ്പ് പറഞ്ഞു.

ആദ്യ പാദത്തില്‍ 3-0 ത്തിനാണ് മെസ്സിയോടും സംഘത്തോടും ലിവര്‍പൂള്‍ തോറ്റത്. ഇനി ഫെനലില്‍ കടക്കണമെങ്കില്‍ നാലു ഗോളുകളുടെ ലീഡ് വേണം.