കിരീടം നേടാന്‍ വേണ്ടിയിരുന്നത് കേവലം സമനില, എന്നാല്‍ വിജയിച്ചത് 5-1ന്; ഇംഗ്ലീഷ് ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി ലിവര്‍പൂള്‍
Sports News
കിരീടം നേടാന്‍ വേണ്ടിയിരുന്നത് കേവലം സമനില, എന്നാല്‍ വിജയിച്ചത് 5-1ന്; ഇംഗ്ലീഷ് ഫുട്‌ബോളിന്റെ രാജാക്കന്‍മാരായി ലിവര്‍പൂള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th April 2025, 11:15 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്. ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് വിജയിച്ചതിന് പിന്നാലെയാണ് ദി റെഡ്‌സ് കിരീടമണിഞ്ഞത്.

ലീഗ് ഘട്ടത്തില്‍ ഇനിയും നാല് മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കവെയാണ് ലിവര്‍പൂളിന്റെ കിരീടനേട്ടം. നിലവില്‍ 34 മത്സരത്തില്‍ നിന്നും 82 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. രണ്ടാമതുള്ള ആഴ്‌സണലിനാകട്ടെ 67 പോയിന്റ് മാത്രമാണുള്ളത്.

ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഹോട്‌സ്പറാണ് ആദ്യ ഗോള്‍ കണ്ടെത്തിയത്. ആദ്യ വിസില്‍ മുഴങ്ങി 12ാം മിനിട്ടില്‍ തന്നെ ഡൊമനിക് സോളങ്കിയാണ് ടോട്ടന്‍ഹാമിന് ലീഡ് സമ്മാനിച്ചത്.

എന്നാല്‍ ആദ്യ ഗോള്‍ വഴങ്ങി നാലാം മിനിട്ടില്‍ തന്നെ ഹോം ടീം തിരിച്ചിടിച്ചു. 16ാം മിനിട്ടില്‍ ലൂയീസ് ഡയസാണ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചത്.

24ാം മിനിട്ടില്‍ അലക്‌സിസ് മക്അലിസ്റ്ററും 34ാം മിനിട്ടില്‍ കോഡി ഗാഗ്‌പോയും ഗോളുകള്‍ കണ്ടെത്തിയതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ട് ഗോളിന്റെ ലീഡുമായി ഹോം ടീം ആധിപത്യമുറപ്പിച്ചു.

63ാം മിനിട്ടില്‍ മുഹമ്മദ് സലയിലൂടെ ഗോള്‍ നേട്ടം ലിവര്‍പൂള്‍ നാലാക്കി ഉയര്‍ത്തി. 69ാം മിനിട്ടില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ കൂടിയായതോടെ മത്സരത്തില്‍ ടോട്ടന്‍ഹാമിന്റെ സാധ്യതകള്‍ അവസാനിച്ചു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ദി റെഡ്‌സ് ജയിച്ചുകയറി.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ലിവര്‍പൂളിന്റെ 20ാം കിരീടമാണിത്. ഇതോടെ ഏറ്റവുമധികം ലീഗ് കിരീടങ്ങളെന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റെക്കോഡിനൊപ്പമെത്താനും ലിവര്‍പൂളിന് സാധിച്ചു.

 

Content Highlight: Liverpool FC won English Premier league title