അടി, തിരിച്ചടി; സൂപ്പര്‍ ത്രില്ലറില്‍ ജയിച്ച് ലിവര്‍പൂള്‍
Football
അടി, തിരിച്ചടി; സൂപ്പര്‍ ത്രില്ലറില്‍ ജയിച്ച് ലിവര്‍പൂള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th August 2025, 8:15 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. ഇന്ന് പുലര്‍ച്ചെ സെന്റ് ജെയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ തകര്‍ത്താണ് ലിവര്‍പൂള്‍ രണ്ടാം മത്സരത്തിലും ജയിച്ച് കയറിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ വിജയം.

തുടക്കത്തില്‍ ലിവര്‍പൂളിനായിരുന്നു മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം. എങ്കിലും ന്യൂകാസില്‍ യുണൈറ്റഡ് വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. രണ്ട് ഗോള്‍ക്ക് പിന്നിട്ട് നിന്നതിന് ശേഷം രണ്ട് അടിച്ച് ന്യൂകാസില്‍ ഉഗ്രന്‍ തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാല്‍, കളിയുടെ അവസാന മിനിട്ടുകളില്‍ നേടിയ ഗോളില്‍ ദി റെഡ്‌സ് മൂന്ന് പോയിന്റും സ്വന്തമാക്കി.

ആദ്യ പകുതി തുടങ്ങിയത് ലിവര്‍പൂളിന്റെ മുന്നേറ്റത്തോടെയായായിരുന്നു. മത്സരം തുടങ്ങി ഒന്നിനും കാത്ത് നില്‍ക്കാതെ ലിവര്‍പൂള്‍ താരങ്ങള്‍ ന്യൂകാസില്‍ പോസ്റ്റിനെ ലക്ഷ്യമാക്കി പന്തുമായി കുതിച്ചു. മുന്നേറ്റങ്ങളുടെ തുടര്‍ച്ചയായി ആദ്യ ഗോളെത്തി.

35ാം മിനിട്ടില്‍ റയാന്‍ ഗ്രാവന്‍ബെര്‍ച്ചായിരുന്നു പന്ത് വലയിലെത്തിച്ചത്. ഗോളിനായി അസിസ്റ്റ് നല്‍കിയത് കോഡി ഗാക്‌പോയായിരുന്നു. ഗോള്‍ എത്തിയതോടെ മത്സരത്തിന് ആവേശമേറി. ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് പുറത്ത് വരും മുമ്പേ ന്യൂകാസില്‍ അടുത്ത തിരിച്ചടിയും നേരിട്ടു.

 

ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ ആന്തണി ഗോര്‍ഡന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. വിര്‍ജില്‍ വാന്‍ ജിക്കിനെ ചലഞ്ച് ചെയ്തതിനായിരുന്നു താരം ചുവപ്പ് കാര്‍ഡ് കണ്ട് തിരിച്ച് നടന്നത്. അതോടെ, ന്യൂകാസില്‍ പത്ത് പേരായി ചുരുങ്ങി.

രണ്ടാം പകുതി തുടങ്ങി ഒന്നാം മിനിട്ടില്‍ തന്നെ ലിവര്‍പൂളിന്റെ രണ്ടാം ഗോളെത്തി. ഇത്തവണ ഹ്യൂഗോ എകിറ്റികെയുടെ വകയായിരുന്നു ഗോള്‍. ഇതിനും അസിസ്റ്റ് നല്‍കിയത് ഗാക്‌പോ തന്നെയായിരുന്നു. രണ്ടാം ഗോളും വന്നതോടെ ദി മാഗ്പീസ് പതറിയെങ്കിലും പിന്നീട് കണ്ടത് അവരുടെ തിരിച്ച് വരവായിരുന്നു.

57ാം മിനിട്ടില്‍ ന്യൂകാസിലിന്റെ ആദ്യ ഗോളെത്തി. ബ്രൂണോ ഗുയിമറേസാണ് ടീമിനായി പന്ത് വലയിലെത്തിച്ചത്. പിന്നാലെ, ന്യൂകാസില്‍ സംഘം ഒന്ന് കൂടി ഉണര്‍ന്നു കളിച്ചു. അതിന്റെ ഫലമെന്നോളം സമനില ഗോളുമെത്തി.

വില്യം ഒസുലയായിരുന്നു ടീമിന്റെ രണ്ടാം ഗോള്‍ സമ്മാനിച്ചത്. 88ാം മിനിട്ടിലായിരുന്നു ലിവര്‍പൂളിന്റെ നെഞ്ച് തകര്‍ത്ത ഈ ഗോള്‍. ന്യൂകാസില്‍ ഒപ്പമെത്തിയതോടെ ദി റെഡ്‌സ് പ്രതിരോധത്തിലായി. പിന്നീട് ശേഷിക്കുന്ന ഓരോ നിമിഷവും ലീഡ് നേടാനായി ചാമ്പ്യന്മാരുടെ ശ്രമം.

അങ്ങനെ ഇഞ്ചുറി ടൈമിന്റെ 10ാം മിനിട്ടില്‍ വിജയഗോള്‍ പിറന്നു. 16കാരന്‍ റിയോ എന്‍ഗുമോഹയായിരുന്നു ഈ ഗോള്‍ നേടിയത്. ഇതിന് വഴിയൊരുക്കിയതാകട്ടെ സൂപ്പര്‍ താരം മുഹമ്മദ് സലയും. ഏറെ വൈകാതെ ലിവര്‍പൂളിന് മൂന്ന് പോയിന്റ്റും സമ്മാനിച്ച് ഫൈനല്‍ വിസിലെത്തി.

4 – 2 -3 -1 എന്ന ഫോര്‍മേഷനിലാണ് ലിവര്‍പൂള്‍ മത്സരത്തില്‍ ഇറങ്ങിയത്. അതേസമയം, ന്യൂകാസില്‍ അവലംബിച്ചത് 4-3-3 എന്ന ഫോര്‍മേഷനാണ്.

 

Content Highlight: Liverpool defeated Newcastle with late goal in English Premier League