അയര്‍ലാന്‍ഡിനെതിരായ രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടി ബംഗ്ലാദേശ് സൂപ്പര്‍ താരം ലിട്ടണ്‍ ദാസ്. തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ച്വറിയാണ് ലിട്ടണ്‍ ദാസ് സ്വന്തമാക്കിയത്. 192 പന്തില്‍ നിന്ന് നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഇതോടെ ടെസ്റ്റില്‍ ഒരു തകര്‍പ്പന്‍ മൈല്‍ സ്റ്റോണ്‍ നേടിയെടുക്കാനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് സാധിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ 3000 റണ്‍സ് നേടാനാണ് താരത്തിന് സാധിച്ചത്. നിലവില്‍ 52 മത്സരങ്ങളിലെ 90 ഇന്നിങ്‌സില്‍ നിന്ന് 3117 റണ്‍സാണ് താരം സ്വന്തമാക്കിയത്.
മത്സരത്തില്‍ ലിട്ടണ്‍ ദാസിന് പുറമെ തകര്‍പ്പന്‍ സെഞ്ച്വറി നേടി മുഷ്ഫിഖര്‍ റഹീമും തിളങ്ങി.
താരം 214 പന്തില്‍ 106 റണ്‍സാണ് എടുത്തത്. അഞ്ച് ഫോര്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ബംഗ്ലാദേശിനായി 100ാം മത്സരത്തിലാണ് താരം സെഞ്ച്വറി നേടിയത്. ടെസ്റ്റില്‍ തന്റെ 13ാം സെഞ്ച്വറിയാണ് മുഷ്ഫിഖര്‍ സ്വന്തമാക്കിയത്.
അതേസമയം ഷെര്‍-ഇ-ബംഗ്ലയില്‍ മത്സരത്തിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് 18 റണ്‍സ് നേടിയ ഇബദോത് ഹൊസൈനും ഏഴ് റണ്‍സ് നേടിയ ഖലീല്‍ അഹമ്മദുമാണ്.
ടീമിന് വേണ്ടി മൂന്നാമനായി ഇറങ്ങിയ മൊനീമുല്‍ ഹഖ് 128 പന്തില്‍ 63 റണ്‍സ് നേടി. മധ്യ നിരയില്‍ മെഹ്ദി ഹസന്‍ മിര്‍സ് 47 റണ്‍സും നേടിയാണ് കളം വിട്ടത്.
അതേയമയം അയര്‍ലാന്‍ഡിനായി നിലവില്‍ അഞ്ച് വിക്കറ്റ് നേടി ആന്‍ഡി മെക്‌ബ്രൈന്‍ മിന്നും പ്രകടനം കാഴ്ചവെച്ചു. മുഹമ്മദുള്‍ ഹസന്‍ (34), ഷദ്മന്‍ ഇസ്‌ലാം (35), മൊനീമുള്‍ ഹഖ് (63), നജ്മല്‍ ഹൊസൈന്‍ ഷാന്റോ (8), ഹസന്‍ മൗറാദ് (11) എന്നിവരെയാണ് താരം മടക്കിയയച്ചത്. താരത്തിന് പുറമെ മാത്യു ഹംഫ്രെയ്‌സ്, ഗവിന്‍ ഹോയ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മിന്നും ബൗളിങ് കാഴ്ചവെച്ചു.
Content Highlight: Litton Das Complete 3000 Runs In Test Cricket