കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചത്. നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ നായകനാക്കി 15 അംഗ സ്‌ക്വാഡാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം ലിട്ടണ്‍ ദാസ്. തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാലാണ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത് എന്നാണ് ദാസ് പറഞ്ഞത്.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ദര്‍ബാര്‍ രാജ്ഷാഹിയ്‌ക്കെതിരായ സെഞ്ച്വറിക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള സെലക്ഷന്‍ എന്റെ കണ്‍ട്രോളിലല്ല. സെലക്ടര്‍മാരാണ് ഈ തീരുമാനമെടുത്തത്. അവരാണ് ആര് കളിക്കണം എന്ന് തീരുമാനിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് എന്റെ ചുമതല, എന്നാല്‍ എനിക്ക് അതിന് സാധിച്ചിരുന്നില്ല.
ഞാന്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തതിനാലാണ് എനിക്ക് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയത്. ഇതിനെ കുറിച്ച് ഒന്നും മറച്ചുവെയ്ക്കാനില്ല. ഇത് സാധാരണമാണ്. ഇക്കാര്യമോര്‍ത്ത് ഞാന്‍ കുറച്ച് നിരാശനായി. ഇതേ മനോഭാവമാണ് എനിക്ക് ഈ മത്സരത്തിന് (ബി.പി.എല്‍) മുമ്പും ശേഷവും ഉണ്ടായിരുന്നത്.
ഈ ദിവസം ഇതിനോടകം തന്നെ കടന്നുപോയി. ഞാന്‍ മികച്ച പ്രകടനങ്ങള്‍ പലതും പുറത്തെടുത്തിട്ടുണ്ട്, എന്നാല്‍ അതെല്ലാം കഴിഞ്ഞുപോയി. ഞാന്‍ പൂജ്യത്തില്‍ നിന്നും ആരംഭിക്കുകയാണ്. ഞാന്‍ കഠിന പ്രയത്‌നം തന്നെ നടത്തും, എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം,’ ദാസ് പറഞ്ഞു.
2023 ഏകദിന ലോകകപ്പില്‍ എട്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് കഷ്ടിച്ച് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് ശ്രീലങ്കയെ മറികടന്ന് മുമ്പോട്ട് കുതിച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ബംഗ്ലാദേശ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവരാണ് ബംഗ്ലാദേശിനൊപ്പം ഗ്രൂപ്പ് എ-യിലുള്ള മറ്റ് ടീമുകള്‍.
ഫെബ്രുവരി 20നാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഇന്ത്യയാണ് എതിരാളികള്‍.