| Tuesday, 22nd April 2025, 1:47 pm

ഫോര്‍ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ ബീച്ച് റേസിങ് ചിത്രം, സൗബിന്‍- ദുല്‍ഖര്‍ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ആറ് വര്‍ഷത്തോളം ഇടവേളയെടുത്ത ക്യാമറാമാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മലയാളത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരിലൊരാളായ ദുല്‍ഖര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അന്യഭാഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോഴിതാ മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

രണ്ട് സിനിമകളാണ് നിലവില്‍ ദുല്‍ഖറിന്റെ ലൈനപ്പിലുള്ളത്. ഇതില്‍ സൗബിനൊപ്പം ദുല്‍ഖര്‍ കൈകോര്‍ക്കുന്ന പ്രൊജക്ടാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. സൗബിന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥിവേഷത്തിലെത്തിയിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം ഇതേ കോമ്പോ ഒന്നിക്കുമ്പോള്‍ മികച്ച പ്രൊജക്ടാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മലയാളത്തില്‍ ആദ്യമായി ബീച്ച് റേസിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോര്‍ട് കൊച്ചി, ദുബായ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടെന്നാണ് റൂമറുകള്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2026ല്‍ ചിത്രം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ലിറ്റില്‍ സ്വയംപാണ്. സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവയിലൂടെയാണ് ലിറ്റില്‍ സ്വയംപ് സ്വതന്ത്ര ഛായാഗ്രഹകനായത്. ചിത്രത്തില്‍ സ്വയംപ് ഒരുക്കിയ ഫ്രെയിമുകളെ ഒരുപാട് പേര്‍ പ്രശംസിച്ചിരുന്നു. തുടര്‍ന്ന് അഞ്ജലി മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ കൂടെ, അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്കും ലിറ്റില്‍ സ്വയംപ് ക്യാമറ ചലിപ്പിച്ചു.

പിന്നീട് ഇത്രയും കാലം സിനിമയില്‍ നിന്ന് സ്വയംപ് ഇടവേളയെടുക്കുകയായിരുന്നു. അമല്‍ നീരദിന്റെ കരിയര്‍ ഹൈപ്പ് ചിത്രമായ ബിലാലിന് ലിറ്റില്‍ സ്വയംപും ആനന്ദ് സി. ചന്ദ്രനും ഛായാഗ്രഹണം നിര്‍വഹിക്കുമെന്ന് അറിയിച്ചെങ്കിലും ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോവുകയായിരുന്നു. ദുല്‍ഖര്‍- സൗബിന്‍ ചിത്രത്തില്‍ ലിറ്റില്‍ സ്വയംപ് കൂടി ചേരുന്നതോടെ ആരാധകര്‍ ഇരട്ടി ആവേശത്തിലാണ്.

ആര്‍.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമും അണിയറയില്‍ ഒരുങ്ങുകയാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം സ്‌പോര്‍ട്‌സും ഫാന്റസിയുമെല്ലാം ചേര്‍ന്ന ഒന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുവരവില്‍ ഇരട്ടി ഇംപാക്ട് ബോക്‌സ് ഓഫീസില്‍ ദുല്‍ഖര്‍ സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Little Swayamp on board for Dulquer Salman Soubin Project

We use cookies to give you the best possible experience. Learn more