| Wednesday, 2nd April 2025, 5:21 pm

പൃഥ്വിരാജിനെ എല്ലാവരും ഒറ്റപ്പെടുത്തുന്നതായി തോന്നുന്നുണ്ട്, അയാളെ മാത്രം ക്രൂശിക്കുന്നത് സ്വീകരിക്കാന്‍ പറ്റില്ല: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമ മലയാളം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം പിന്നിട്ടപ്പോഴേക്ക് 200 കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കി. എന്നാല്‍ ചിത്രത്തെച്ചൊല്ലി പല വിവാദങ്ങളും ഉടലെടുക്കുകയും 24 ഭാഗങ്ങള്‍ കട്ട് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാളസിനിമ കണ്ട ഏറ്റവും വലിയ വിജയമായി എമ്പുരാന്‍ മാറുകയാണെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. തന്റെ ഉടമസ്ഥതയിലുള്ള പല തിയേറ്ററുകളിലും എല്ലാ ഷോയും ഹൗസ്ഫുള്ളാണെന്നും അതെല്ലാം ചിത്രത്തിന്റെ വിജയത്തിന് തെളിവാണെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

സിനിമ ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ എമ്പുരാന്റെ കാര്യത്തില്‍ അതല്ല നടക്കുന്നതെന്നും ലിസ്റ്റിന്‍ പറയുന്നു. സിനിമയെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പലരും പൃഥ്വിരാജിനെ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യുന്നതായി തനിക്ക് തോന്നിയെന്നും അത് ശരിയായ കാര്യമല്ലെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവുമടുത്ത സുഹൃത്താണ് പൃഥ്വിരാജെന്നും കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ പൃഥ്വി മൂഡോഫ് ആയിരുന്നെന്നും ലിസ്റ്റിന്‍ പറഞ്ഞു. പൃഥ്വിരാജിനെ മാത്രം ഒറ്റപ്പെടുത്തുന്നതും ക്രൂശിക്കുന്നതും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍ സ്റ്റീഫന്‍.

‘എമ്പുരാന്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സിനിമയുടെ തിയേറ്റര്‍ ഷെയറെല്ലാം കാണിക്കുന്നത് അതാണ്. എന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെല്ലാം പടം ഹൗസ്ഫുള്ളാണ്. സിനിമ ഇഷ്ടമായില്ലെങ്കില്‍ അതിനെ വിമര്‍ശിക്കാന്‍ ഈ രാജ്യത്ത് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ എമ്പുരാനില്‍ നടക്കുന്നത് അതല്ല. പൃഥിയെ മാത്രമാണ് പലരും ടാര്‍ഗറ്റ് ചെയ്യുന്നത്.

എല്ലാവരുടെയും വിമര്‍ശനം വന്നപ്പോള്‍ പൃഥ്വിയെ പലരും ഒറ്റപ്പെടുത്തുന്നുണ്ട്. കഴിഞ്ഞദിവസം വിളിച്ചപ്പോള്‍ പൃഥ്വി കുറച്ച് മൂഡോഫായിരുന്നു. എന്റെ അറിവില്‍ നല്ലൊരു സിനിമാപ്രേമിയാണ് പൃഥ്വി. ആരെയും മനഃപൂര്‍വം കരിവാരിത്തേക്കാന്‍ അയാള്‍ ഒരിക്കലും ശ്രമിക്കില്ല. സിനിമയുടെ വിവാദത്തില്‍ എല്ലാവരും പൃഥ്വിരാജിനെ മാത്രം ക്രൂശിക്കുന്നത് അംഗീകരിക്കാനാകില്ല,’ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

Content Highlight: Listin Stephen says he can’t agree that everyone blaming Prithviraj in Empuraan controversy

We use cookies to give you the best possible experience. Learn more