| Sunday, 11th May 2025, 3:08 pm

അഭ്യൂഹങ്ങള്‍ക്ക് വിട; ബേബി ഗേളില്‍ തിരിച്ചെത്തി നിവിന്‍ പോളി; വീഡിയോ പങ്കുവെച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെയ് മൂന്നിന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ കൊച്ചിയില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടെ പേരോ കുറ്റമോ പരാമര്‍ശിക്കാതെ ഒരു നടനെതിരെ പരസ്യ പ്രതികരണം നടത്തിയിരുന്നു. ‘മലയാള സിനിമയിലെ പ്രമുഖനടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട്’ എന്നായിരുന്നു ലിസ്റ്റിന്റെ പ്രതികരണം. ഇതിനുപിന്നാലെ ലിസ്റ്റിനെതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

ലിസ്റ്റിന്‍ പ്രസ്താവന ഉന്നയിച്ചതിനുപിന്നാലെ ആ നടന്‍ ആരാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നടന്‍ നിവിന്‍ പോളിയാണ് ലിസ്റ്റിന്‍ പറഞ്ഞ പ്രമുഖനടന്‍ എന്നരീതിയില്‍ ആരോപണങ്ങള്‍ പുറത്ത് വന്നിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബേബി ഗേളില്‍ നായകന്‍ നിവിന്‍ പോളിയാണ്. ഇതാണ് അഭ്യുഹങ്ങള്‍ക്ക് തിരികൊളുത്തിയത്.

എന്നാല്‍ താന്‍ നിവിന്‍ പോളിയുടെ പേര് പറഞ്ഞിട്ടില്ലെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവര്‍ പറയുന്നതിന് തനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നും താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും ബോധ്യത്തോട് കൂടിയാണ് പറഞ്ഞതെന്നും ലിസ്റ്റിന്‍ പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ ബേബി ഗേള്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഉള്‍കൊള്ളുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. വൈക്കത്ത് വെച്ച് നടക്കുന്ന ബേബി ഗേളിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് നിവിന്‍ പോളി വരുന്നതടക്കമുള്ളവ വീഡിയോയില്‍ കാണാം.

ബോബി- സഞ്ജയ് കൂട്ടുകെട്ടിലെ തിരക്കഥയില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേള്‍. നിവിന്‍ പോളിയും ലിജോമോള്‍ ജോസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യം കുഞ്ചോക്കോ ബോബനായിരുന്നു ചിത്രത്തിലെ നായകനെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ കുഞ്ചാക്കോ ബോബന് പകരം നിവിന്‍ പോളി ചിത്രത്തിലേക്ക് എത്തുകയായിരുന്നു. ബേബി ഗേള്‍ നിര്‍മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണ്.

Content Highlight: Listin Stephan Shares Location Video Of Baby Girl

We use cookies to give you the best possible experience. Learn more