പവര്‍ കാണിച്ച് മമ്മൂക്ക, ബഹുദൂരം പിന്നില്‍ ഭ ഭ ബ; ഒ.ടി.ടി ഡീലില്‍ ടോപ് 5 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് സിനിമാ പേജുകള്‍
Malayalam Cinema
പവര്‍ കാണിച്ച് മമ്മൂക്ക, ബഹുദൂരം പിന്നില്‍ ഭ ഭ ബ; ഒ.ടി.ടി ഡീലില്‍ ടോപ് 5 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് സിനിമാ പേജുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Monday, 26th January 2026, 10:47 pm

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഏറെ ആവേശം നിറച്ച വര്‍ഷമായിരുന്നു 2025. മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ച് വരവും മമ്മൂട്ടിയുടെ പ്രതിനായക വേഷവും ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയും മലയാള സിനിമയെ പുതിയ ഒരു തലത്തിലേക്കാണ് കൈ പിടിച്ചുയര്‍ത്തിയത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഡീയസ് ഈറെയുടെയും നിവിന്‍ പോളി നായകനായ ഫീല്‍ ഗുഡ് ചിത്രം സര്‍വ്വം മായയുടെയും തിയേറ്ററിലെ വിജയം മലയാളി പ്രേക്ഷകരുടെ വേഴ്‌സറ്റാലിറ്റി തെളിയിക്കുന്നതായിരുന്നു.

Photo: Night shift studios

കഴിഞ്ഞ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങിയ ചിത്രങ്ങളുടെ തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒ.ടി.ടി സാറ്റലൈറ്റ് ഇടപാടില്‍ നേടിയ തുകയാണ് ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലിസ്റ്റില്‍ ടോപ് ഫൈവിലുള്ള ചിത്രങ്ങളുടെ കണക്കാണ് മോളിവുഡ് ബോക്‌സ് ഓഫീസ് എന്ന എക്‌സിലെ സിനിമാ പേജ് പുറത്തുവിട്ടിരിക്കുന്നത്.

ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളത് മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തിയ ജിതിന്‍.കെ.ജോസ് സംവിധാനം ചെയ്ത കളങ്കാവലാണ്. പതിനേഴ് കോടി രൂപക്കാണ് മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായ കളങ്കാവല്‍ ഒ.ടി.ടി ഭീമന്മാരായ സോണി ലിവ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് മാത്രമാണിതെന്നും സാറ്റലൈറ്റ് റൈറ്റ്‌സ് കൂടെയാകുമ്പോള്‍ ഇതിലും കൂടുതല്‍ തുക ചിത്രത്തിന് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെയാണ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. കണ്ടുമടുത്ത മലയാളത്തിലെ പതിവ് പ്രേതസിനിമകളില്‍ നിന്നും മാറിചിന്തിച്ച രാഹുല്‍ സദാശിവന്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് ചിത്രം ഒരുക്കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 9 കോടി രൂപയാണ് വമ്പന്മാരായ ജിയോ ഹോട്ട്സ്റ്റാര്‍ ചിത്രത്തിനായി മുടക്കിയത്.

ജിയോ ഹോട്ട്‌സ്റ്റാര്‍ തന്നെ റൈറ്റ്‌സ് സ്വന്തമാക്കിയ നിവിന്‍ പോളിയുടെ ഹിറ്റ് ചിത്രം സര്‍വ്വം മായയാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 8.5 കോടി മുടക്കിയാണ് ഹോട്ട്‌സ്റ്റാര്‍ ചിത്രത്തെ സ്വന്തമാക്കിയത്. വലിയ ഇടവേളക്ക് ശേഷം ബോക്‌സ് ഓഫീസില്‍ നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു സര്‍വ്വം മായയില്‍ കണ്ടത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും 145 കോടിയോളം രൂപ സ്വന്തമാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Photo: Nowrunning

ബാഹുല്‍ രമേശ്-ദിന്‍ജിത്ത് അയ്യത്താന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കോയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ ശേഷം ചിത്രം വലിയ രീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. 6.5 കോടിയാണ് ചിത്രത്തിനായി നെറ്റ്ഫ്‌ളിക്‌സ് മുടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലിസ്റ്റില്‍ അവസാന സ്ഥാനത്തുള്ളത് ഹൈപ്പ് കൊണ്ട് മാത്രം തിയേറ്ററില്‍ ഓളമുണ്ടാക്കിയ ദിലീപ് ചിത്രം ഭ ഭ ബയാണ്. റിലീസ് ചെയ്ത് ആദ്യ ദിവസത്തിനുശേഷം വലിയ രീതിയില്‍ പ്രേക്ഷകരില്‍ നിന്നും വിമര്‍ശനം നേരിട്ട ചിത്രം ബോക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം പരാജയമായിരുന്നു. മോഹന്‍ലാല്‍ അടക്കം വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന് 4.8 കോടി രൂപ നല്‍കിയാണ് ഒ.ടി.ടി റൈറ്റ്‌സും സാറ്റലൈറ്റ് റൈറ്റ്‌സും സീ ഫൈവ് സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Content Highlight: List of top five recent malayalam film which got highest ott deal

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.