ന്യൂദൽഹി: മദ്യനയ അഴിമതി കേസുകളിൽ മുൻ ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കി ദൽഹി കോടതി.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എൻഡ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് പാലിക്കാത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അരവിന്ദ് കെജ്‌രിവാളിനെ കുറ്റവിമുക്തനാക്കിയത്.
ദൽഹിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
തുടർന്ന് ഭരണഘടന സ്ഥാനത്ത് ഇരുന്നിട്ടു പോലും സമൻസ് പാലിച്ചില്ലെന്ന് ആരോപിച്ച് ഇ.ഡി രണ്ട് ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുകയായിരുന്നു.
2020 ലെ മദ്യ എക്സൈസ് നയ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസുകളിൽ 2024 മാർച്ച് 21 നും ജൂൺ 26 നും ഇ.ഡിയും സി.ബി.ഐയും കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അരവിന്ദ് കേജരിവാളിന്റെ വസതിയിലെത്തിയായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നത്.
ആരോപണവിധേയമായ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തീയതികളിലായി അഞ്ച് സമൻസ് അയച്ചിട്ടും കെജ്‌രിവാൾ കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരാകാതിരുന്നുവെന്ന് ഇ.ഡി പറഞ്ഞു.
ഇ.ഡിയുടെയും സി.ബി.ഐയുടെയും പ്രധാനപ്പെട്ട കേസുകളിൽ അദ്ദേഹം ഇപ്പോഴും പ്രതിയാണ്. ഈ കേസുകളിൽ അദ്ദേഹമിപ്പോൾ സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന ജാമ്യത്തിലാണ്.
2022 ജൂലൈ 20 ന് ലെഫ്റ്റനന്റ് ഗവർണർ വി. കെ സക്‌സേന നൽകിയ പരാതിയിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.