ലയണല്‍ മെസി അര്‍ജന്റൈന്‍ ടീമില്‍ നിന്ന് എപ്പോള്‍ വിരമിക്കും? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി സ്‌കലോണി
Football
ലയണല്‍ മെസി അര്‍ജന്റൈന്‍ ടീമില്‍ നിന്ന് എപ്പോള്‍ വിരമിക്കും? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി സ്‌കലോണി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd March 2023, 7:16 pm

അര്‍ജന്റൈന്‍ ദേശീയ ടീമില്‍ നിന്ന് ഇതിഹാസ താരം ലയണല്‍ മെസി എപ്പോള്‍ വിരമിക്കും എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കോച്ച് ലയണല്‍ സ്‌കലോണി. മെസിക്ക് എത്രകാലം വേണമെങ്കിലും ടീമിനൊപ്പം കളിക്കാമെന്നും എപ്പോള്‍ വിരമിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്നത് വരെ ദേശീയ ജേഴ്‌സിയില്‍ തുടരാമെന്നും സ്‌കലോണി പറഞ്ഞു. ആല്‍ബിസെലസ്റ്റ ടോക് ആണ് സ്‌കലോണിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ലിയോക്ക് എത്രകാലം വേണമെങ്കിലും ടീമില്‍ തുടരാം. അദ്ദേഹം കളത്തിലും ദേശീയ ടീമിലും സന്തോഷവാനാണ്,’ സ്‌കലോണി പറഞ്ഞു.

രാജ്യത്തിനായി വിശ്വകിരീടമുയര്‍ത്താനായാല്‍ ഇനിയൊരു ലോകകപ്പ് കളിക്കില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ 2026 ലോകകപ്പിലും മെസി അര്‍ജന്റീന ദേശീയ ടീമിനൊപ്പമുണ്ടാകുമെന്ന് കോച്ച് ലയണല്‍ സ്‌കലോണി പറഞ്ഞു.

‘അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അര്‍ജന്റീനക്ക് വേണ്ടി ഇനി കളിക്കണോ വേണ്ടയോ എന്നത് തീര്‍ത്തും അദ്ദേഹത്തിന്റെ തീരുമാനമാണ്. പ്രായവും ഫിറ്റ്നെസും എല്ലാ താരങ്ങളെയും പോലെ മെസിയെയും ബാധിക്കുന്ന കാര്യമാണ്. അത് ബുദ്ധിമുട്ടല്ലാത്തിടത്തോളം മെസിക്ക് അര്‍ജന്റീനയില്‍ തുടരാനാകും. മെസി ദേശീയ ജേഴിസിയില്‍ തുടരുന്നത് കാണുന്നതും അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ സാധിക്കുന്നതും എന്നില്‍ അത്രമേല്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

എന്നെപ്പോലെ തന്നെ മുഴുവന്‍ അര്‍ജന്റൈന്‍ ടീമും ഇതുതന്നെയാവും ആഗ്രഹിക്കുന്നുണ്ടാവുക. കാരണം കളത്തില്‍ സഹതാരങ്ങള്‍ക്ക് വേണ്ടതെല്ലാം നല്‍കുന്ന മറ്റൊരു താരത്തെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്താണെന്ന് കാട്ടിത്തരുന്നതാണ് മെസിയുടെ പ്രകടനം,’ സ്‌കലോണി പറഞ്ഞു.

കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവുമടക്കം ഒട്ടുമിക്ക വമ്പന്‍ നേട്ടങ്ങളും സ്വന്തമാക്കിയ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിക്ക് വിശ്വകിരീടം മാത്രമായിരുന്നു അകന്ന് നിന്നിരുന്നത്.

എന്നാല്‍ ഖത്തറില്‍ കഴിഞ്ഞ മാസം സമാപിച്ച ഫിഫ ലോകകപ്പില്‍ മുത്തമിട്ടതോടെ മെസിയുടെ സ്വപ്നം പൂവണിയുകയായിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ദേശീയ ജേഴ്‌സി അണിഞ്ഞ് കുറച്ചുകാലം കൂടി കളിക്കണമെന്ന ആഗ്രഹം മെസി പ്രകടിപ്പിച്ചിരുന്നു. ഫുട്ബോളിനെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളുകളും നാല് അസിസ്റ്റുകളും താരം നേടിയിരുന്നു. അഞ്ച് തുടര്‍ ലോകകപ്പുകളില്‍ അസിസ്റ്റ് ചെയ്യുന്ന ആദ്യ താരം കൂടിയാണ് മെസി.

Content Highlights: Lionel Scaloni talking about Lionel Messi