2026 ലോകകപ്പിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിഹാസ താരം ലയണല്‍ മെസിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും 2026 ലോകകപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പിന് പിന്നാലെ മെസി അന്താരാഷ്ട്ര കരിയറിനും വിരാമമിട്ടേക്കും.
2022ല്‍ ലോകകപ്പ് സ്വന്തമാക്കി തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയ മെസി 2026ലും ആ നേട്ടം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ലോകകപ്പിന് അര്‍ജന്റീന ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു.
എന്നാല്‍ മെസിയുടെ പടിയിറക്കത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ അദ്ദേഹം കളിക്കളത്തിലുള്ളിടത്തോളം കാലം താരത്തിന്റെ ഫുട്‌ബോള്‍ ആസ്വദിക്കാനാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി ആവശ്യപ്പെടുന്നത്.
‘നമുക്ക് ഇപ്പോള്‍ അവന്റെ കളി ആസ്വദിക്കാം. എത്രത്തോളം സാധിക്കുമോ അത്രത്തോളം അവന്റെ ഫുട്‌ബോള്‍ ആസ്വദിക്കാം. ഇനിയെത്ര മത്സരങ്ങള്‍ കളിക്കാനാകും എന്നതിനെ കുറിച്ചെല്ലാം ഭാവിയില്‍ നമുക്ക് ചിന്തിക്കാം.
ഒരു പോയിന്റില്‍ അവന്‍ അര്‍ജന്റൈന്‍ നാഷണല്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ടീം തീര്‍ച്ചയായും മുമ്പോട്ട് പോവുകയും ചെയ്യും. പക്ഷേ അവസാനിപ്പിക്കാം എന്ന് അവന് തോന്നുന്ന നിമിഷം അത് ടീമിലുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും.
അത് കേവലം അര്‍ജന്റൈന്‍ ഫുട്‌ബോളിന് മാത്രമല്ല, ലോക ഫുട്‌ബോളിനും കനത്ത നഷ്ടമാണ്. ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മെസിയെയും ഇഷ്ടമാകും. ഇപ്പോള്‍ അവന്റെ മത്സരങ്ങള്‍ ആസ്വദിക്കാം,’ ഫ്‌ളാഷ്‌കോറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.