മെസി പി.എസ്.ജിയിൽ തുടരുമോ?
സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി ക്ലബ്ബുമായുള്ള തന്റെ കരാര്‍ പുതുക്കുന്ന കാര്യത്തില്‍ നിലപാട് മാറ്റിയെന്നും താരം പി.എസ്.ജിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സ്പാനിഷ് ജേണലിസ്റ്റ് ജെരാര്‍ഡ് റൊമേറോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും മെസിയുടെ കാര്യത്തില്‍ മാറ്റമൊന്നുമില്ലെന്നും പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സപേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോ.

‘ലിയോ മെസിയുടെ നിലപാടില്‍ മാറ്റമില്ല. കരാര്‍ പുതുക്കുന്നതിന് വേണ്ടി മെസി ഉടന്‍ പി.എസ്.ജിയുമായി ചര്‍ച്ച നടത്തും. ലിയോ പാരീസില്‍ തന്നെ തുടരും. ഇക്കാര്യത്തില്‍ വാക്കാലുള്ള ഉടമ്പടി ഡിസംബറില്‍ തന്നെ നടന്നിട്ടുണ്ട്,’ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

ലോകകപ്പിന് ശേഷം ലയണല്‍ മെസി കരാര്‍ പുതുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇതുവരെയും അക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ലോകകപ്പ് വിജയം നേടിയ ലയണല്‍ മെസിയെ ഒരു വര്‍ഷത്തെ കരാര്‍ കൂടി നല്‍കി ക്ലബിനൊപ്പം നിലനിര്‍ത്താനാണ് പി.എസ്.ജി ഒരുങ്ങുന്നത്.

നേരത്തെ ബാഴ്സലോണ താരത്തെ തിരിച്ച് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതിലും വാസ്തവമില്ലെന്ന് ഫാബ്രിസിയോ റൊമാനോ പറഞ്ഞു.

മെസിയുടെ കരാര്‍ 2024 വരെ നീട്ടാനും ഈ കാലയളവില്‍ താരം മറ്റ് ക്ലബ്ബുകളില്‍ പോകുന്നത് തടയാനും നടപടി സ്വീകരിക്കാന്‍ പി.എസ്.ജി മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Content Highlights: Lionel Messi will continue in PSG, tweets Fabrizio Romano