മേജര്‍ ലീഗ് സോക്കറില്‍ തകര്‍പ്പന്‍ വിജയവുമായി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെ ഒന്നിനെതിരെ അഞ്ച് ഗോളിന്റെ വിജയമാണ് മയാമി സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ച് വരവ് നടത്തിയാണ് മയാമി റെഡ് ബുള്ളിനെ തകര്‍ത്തത്.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസി മത്സരത്തില്‍ മയാമിക്കായി മിന്നും പ്രകടനമാണ് നടത്തിയത്. താരം റെഡ് ബുള്‍സിനെതിരെ ഇരട്ട ഗോള്‍ നേടിയാണ് മയാമിയുടെ വിജയത്തില്‍ നിര്‍ണായകമായത്. 60ാം മിനിട്ടിലായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍ എതിരാളികളുടെ വല കുലുക്കിയത്.
ഏറെ വൈകാതെ തന്നെ താരത്തിന്റെ രണ്ടാം ഗോളുമെത്തി. 75ാം മിനിട്ടിലായിരുന്നു മെസിയുടെ രണ്ടാം ഗോള്‍. ഇരട്ട ഗോളിന് പുറമെ, താരം മത്സരത്തില്‍ ഒരു അസിസ്റ്റും നല്‍കിയിരുന്നു. ആദ്യ പകുതി ജോര്‍ഡി ആല്‍ബയ്ക്ക് ഗോള്‍ നേടാന്‍ പന്തെത്തിച്ചത് അര്‍ജന്റൈന്‍ ഇതിഹാസമായിരുന്നു.
മത്സരത്തിലെ ഇരട്ട ഗോളിന് പിന്നാലെ മെസി ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഫുട്‌ബോള്‍ കരിയറില്‍ പെനാല്‍റ്റിയില്‍ നിന്നല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടമാണ് സ്വന്തമാക്കിയത്. തന്റെ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ത്താണ് താരം ഈ നേട്ടത്തിലെത്തിയത്.
ഓപ്പണ്‍ പ്ലേയിലൂടെ 764 ഗോളുകളാണ് മെസി തന്റെ കരിയറില്‍ നേടിയത്. അതേസമയം, റൊണാള്‍ഡോയ്ക്കും താരത്തിനുമിടയില്‍ ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണുള്ളത്. പോര്‍ച്ചുഗല്‍ ഇതിഹാസം ഓപ്പണ്‍ പ്ലേയിലൂടെ 763 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്.
അതേസമയം, റെഡ് ബുള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഹോം ടീമായിരുന്നു. 14ാം മിനിട്ടില്‍ അലക്‌സാണ്ടര്‍ ഹാക്കാണ് റെഡ് ബുള്‍സിനായി വല കുലുക്കിയത്. എന്നാല്‍ ലീഡ് ഏറെ നേരം നിലനിര്‍ത്താന്‍ ഹോം ടീമിന് സാധിച്ചില്ല. പത്ത് മിനിറ്റുകള്‍ക്കകം തന്നെ മയാമി ജോര്‍ഡി ആല്‍ബയിലൂടെ തിരിച്ചടിച്ചു.
സമനില പിടിച്ച് മൂന്നാം മിനിട്ടില്‍ തന്നെ മയാമി മുന്നിലെത്തി. ഇത്തവണ ടെലാസ്‌കോ സെഗോവിയയുടെ വകയായിരുന്നു ഗോള്‍. ഒന്നാം പകുതിയുടെ അവസാനം സെഗോവിയ ഒരിക്കല്‍ കൂടി റെഡ് ബുള്‍സിന്റെ പോസ്റ്റില്‍ പന്തെത്തിച്ചു. രണ്ടാം പകുതിയില്‍ മെസിയുടെ ഗോള്‍ കൂടി എത്തിയതോടെ മയാമിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.
റെഡ് ബുള്‍സിനെനെതിരെയുള്ള വിജയത്തോടെ ഇന്റര്‍ മയാമിയുടെ പോയിന്റ് 41 ആയി ഉയര്‍ന്നു. 21 മത്സരങ്ങളില്‍ നിന്നും 12 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമായാണ് മയാമി ഇത്രയും പോയിന്റ് നേടിയത്. നിലവില്‍ മയാമി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്.