| Friday, 15th August 2025, 6:11 pm

മെസി ഇന്ത്യയിലെത്തുന്ന തീയ്യതി പ്രഖ്യാപിച്ചു; പ്രധാനമന്ത്രിയെയും സന്ദര്‍ശിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒടുവില്‍ അനുമതി. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലാണ് മെസി തന്റെ ഇന്ത്യന്‍ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു.

‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ എന്നാണ് മെസിയുടെ ഇന്ത്യ സന്ദര്‍ശനത്തിന് പേരിട്ടിരിക്കുന്നത്. കൊല്‍ക്കത്തയ്ക്ക് ശേഷം അഹമ്മദാബാദ്, മുംബൈ, ദല്‍ഹി എന്നിവിടങ്ങളിലും മെസിയെത്തും.

ഡിസംബര്‍ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മെസി അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കും. ഇതോടെയാണ് ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025 അവസാനിക്കുന്നത്.

2011ന് ശേഷമുള്ള മെസിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനായിരുന്നു മെസി ഇന്ത്യയിലെത്തിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയമാണ് അര്‍ജന്റീന – വെനസ്വലെ മത്സരത്തിന് വേദിയായത്.

മെസി കൊല്‍ക്കത്തയില്‍ തുടരവെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മെസിയെ ആദരിക്കും.

സൗരവ് ഗാംഗുലി, ലിയാണ്ടര്‍ പേസ്, ജോണ്‍ എബ്രഹാം, ബൈചുങ് ബൂട്ടിയ എന്നിവര്‍ക്കൊപ്പം കൊല്‍ക്കത്തയില്‍ കളിക്കും.

മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ഒരു ‘ഗോട്ട് മൊമെന്റ്’ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതില്‍ ‘ഗോട്ട് ക്യാപ്റ്റന്‍സ് മൊമെന്റി’ന്റെ ഭാഗമായി മെസി സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പം കളത്തിലിറങ്ങും. ഇതിന് ശേഷമാണ് താരം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുക.

Content highlight: Lionel Messi’s India arrival date announced

We use cookies to give you the best possible experience. Learn more