| Wednesday, 25th June 2025, 3:47 pm

ഇത് ഇന്റര്‍ മയാമിക്കും എം.എല്‍.എസിനും ചരിത്ര നിമിഷം; വമ്പന്‍ പ്രതികരണവുമായി മെസി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ ക്ലബ്ബായ പാല്‍മീറസിനോട് സമനില വഴങ്ങിയതിന് പിന്നാലെ ഇന്റര്‍ മയാമി അടുത്ത ഘട്ടത്തിനുള്ള യോഗ്യതയുറപ്പിച്ചിരുന്നു. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ വീതമടിച്ചാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്.

മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു മെസിപ്പട സമനില വഴങ്ങിയത്.

മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് മയാമി റൗണ്ട് ഓഫ് സിക്സ്റ്റീനിന് ടിക്കറ്റെടുത്തത്. പാല്‍മീറസ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതായും അടുത്ത റൗണ്ടിന് യോഗ്യത നേടി. മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റാണ് പാല്‍മീറസിനുമുള്ളത്.

ഇപ്പോള്‍ മയാമി റൗണ്ട് ഓഫ് സിക്‌സറ്റീനിലേക്ക് യോഗ്യത നേടിയതിനെ കുറിച്ച് പ്രതികരിക്കുകയാണ് മെസി. ഈ നേട്ടം ഇന്റര്‍ മയാമിയെയും മേജര്‍ ലീഗ് സോക്കറിനെയും സംബന്ധിച്ച് ചരിത്ര നിമിഷമാണെന്നായിരുന്നു മെസി പറഞ്ഞത്.

‘ഇന്നലെ നടന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും റൗണ്ട് ഓഫ് സിക്സ്റ്റിനില്‍ ഇടം പിടിക്കാന്‍ നമുക്ക് സാധിച്ചു. ഇത് ക്ലബ്ബിനെ സംബന്ധിച്ച് ഏറെ വലുതാണ്. ഇന്റര്‍ മയാമിയെയും എം.എല്‍.എസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്,’ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മെസി കുറിച്ചു.

ബ്രസീലിയന്‍ സൂപ്പര്‍ ടീമിനെതിരെ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ടീം അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാന്‍ മെസിക്ക് സാധിച്ചു. കളിച്ച ഒരു മേജര്‍ ടൂര്‍ണമെന്റിലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടില്ല എന്ന സ്വന്തം റെക്കോഡാണ് മെസി കാത്തുസൂക്ഷിച്ചത്.

റൗണ്ട് ഓഫ് സിക്‌സ്റ്റീനില്‍ തന്റെ പഴയ ക്ലബ്ബായ പി.എസ്.ജിയെയാണ് മെസിക്ക് നേരിടാനുള്ളത്. ജൂണ്‍ 29നാണ് ഇന്റര്‍ മയാമി – പി.എസ്.ജി മത്സരം. മെഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയമാണ് വേദി.

റൗണ്ട് ഓഫ് സിക്സ്റ്റീനിലെ എട്ട് മത്സരത്തില്‍ നാലെണ്ണമാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ടത്. ജൂലൈ രണ്ടോടെ റൗണ്ട് ഓഫ് സിക്സറ്റീന്‍ മത്സരങ്ങള്‍ അവസാനിക്കും.

ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, റൗണ്ട് ഓഫ് 16

ജൂണ്‍ 28: പാല്‍മീറസ് vs ബൊട്ടഫോഗോ, ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ്

ജൂണ്‍ 29: ബെന്‍ഫിക്ക vs ചെല്‍സി, ബാങ്ക് ഓഫ് അരീന സ്റ്റേഡിയം

ജൂണ്‍ 29: പി.എസ്.ജി vs ഇന്റര്‍ മയാമി, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം

ജൂണ്‍ 30: ഫ്ളമെംഗോ vs ബയേണ്‍ മ്യൂണിക്, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 1: TBD vs TBD, ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം

ജൂലൈ 1: TBD vs TBD, ക്യാമ്പിങ് വേള്‍ഡ് സ്റ്റേഡിയം

ജൂലൈ 2: TBD vs TBD, ഹാര്‍ഡ് റോക്ക് സ്റ്റേഡിയം

ജൂലൈ 2: TBD vs TBD, മെഴ്സിഡെസ് ബെന്‍സ് സ്റ്റേഡിയം

Content Highlight: Lionel Messi reacts on Inter Miami qualified for round of 16

We use cookies to give you the best possible experience. Learn more