ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ ക്ലബ്ബായ പാല്‍മീറസിനോട് സമനില വഴങ്ങിയതിന് പിന്നാലെ ഇന്റര്‍ മയാമി അടുത്ത ഘട്ടത്തിനുള്ള യോഗ്യതയുറപ്പിച്ചിരുന്നു. ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ വീതമടിച്ചാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്.
മത്സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു മെസിപ്പട സമനില വഴങ്ങിയത്.
മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റുമായി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് മയാമി റൗണ്ട് ഓഫ് സിക്സ്റ്റീനിന് ടിക്കറ്റെടുത്തത്. പാല്‍മീറസ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതായും അടുത്ത റൗണ്ടിന് യോഗ്യത നേടി. മൂന്ന് മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റാണ് പാല്‍മീറസിനുമുള്ളത്.
ഇപ്പോള്‍ മയാമി റൗണ്ട് ഓഫ് സിക്‌സറ്റീനിലേക്ക് യോഗ്യത നേടിയതിനെ കുറിച്ച് പ്രതികരിക്കുകയാണ് മെസി. ഈ നേട്ടം ഇന്റര്‍ മയാമിയെയും മേജര്‍ ലീഗ് സോക്കറിനെയും സംബന്ധിച്ച് ചരിത്ര നിമിഷമാണെന്നായിരുന്നു മെസി പറഞ്ഞത്.
‘ഇന്നലെ നടന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും റൗണ്ട് ഓഫ് സിക്സ്റ്റിനില്‍ ഇടം പിടിക്കാന്‍ നമുക്ക് സാധിച്ചു. ഇത് ക്ലബ്ബിനെ സംബന്ധിച്ച് ഏറെ വലുതാണ്. ഇന്റര്‍ മയാമിയെയും എം.എല്‍.എസിനെയും സംബന്ധിച്ച് ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്,’ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ മെസി കുറിച്ചു.
