47ാം കിരീടത്തിനൊപ്പം ബോണസ് റെക്കോഡും; സിംഹാസനം സ്വന്തമാക്കി മിശിഹ 
Football
47ാം കിരീടത്തിനൊപ്പം ബോണസ് റെക്കോഡും; സിംഹാസനം സ്വന്തമാക്കി മിശിഹ 
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th November 2025, 12:16 pm

ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് കപ്പില്‍ മെസിയുടെ ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. കലാശപ്പോരില്‍ ന്യൂയോര്‍ക്ക് സിറ്റിയെ തകര്‍ത്തായിരുന്നു ദി ഹെറോണ്‍സിന്റെ വിജയം. ഇന്ന് പുലര്‍ച്ചെ ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ജയിച്ചാണ് ടീം ആദ്യ കോണ്‍ഫറന്‍സ് കപ്പില്‍ മുത്തമിട്ടത്.

ഹാട്രിക് നേടിയ ടാഡിയോ അല്ലെന്‍ഡെയുടെ മികവാണ്  മയാമിയെ ജേതാക്കളായത്. ഈ ഫൈനലില്‍ മയാമി ജയിച്ചതോടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം തന്റെ കരിയറിലെ 47ാം കിരീടം സ്വന്തമാക്കി. എന്നാല്‍, ഈ നേട്ടത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും ഒരു ഗോളിന് അസിസ്റ്റ് നല്‍കിയത് താരമായിരുന്നു.

ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് കപ്പുമായി Photo: CGTN Sports Scene/X.com

ദി ഹെറോണ്‍സിന്റെ മൂന്നാം ഗോളിനാണ് മെസി വഴിയൊരുക്കിയത്. ടീമിനായി മറ്റെയോ സില്‍വെറ്റിയായിരുന്നു ഗോള്‍ കണ്ടെത്തിയത്. ഇതോടെ സൂപ്പര്‍ നേട്ടവും മെസിയ്ക്ക് സ്വന്തമാക്കാനായി. അര്‍ജന്റൈന്‍ ഇതിഹാസം ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടിയ താരമായിരിക്കുകയാണ്.

മത്സരത്തിനിടെ പന്തുമായി മുന്നേറുന്ന ലയണൽ മെസി Photo: Inter Miami CF/X.com

405 അസിസ്റ്റുമായാണ് മെസി ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഹംഗേറിയന്‍ ഫുട്ബോള്‍ ഇതിഹാസം ഫെറന്‍സ് പുസ്‌കാസിനെ മറികടന്നാണ് മിശിഹയുടെ ഈ നേട്ടം. പുസ്‌കാസ് 404 അസിസ്റ്റാണ് നേടിയത്.

ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരങ്ങള്‍, അസിസ്റ്റ്

ലയണല്‍ മെസി – 405

ഫെറന്‍സ് പുസ്‌കാസ് – 404

പെലെ – 369

അതേസമയം, കളി തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ മയാമി ഗോള്‍ നേടിയിരുന്നു. 14ാം മിനിട്ടില്‍ ടാഡിയോ അല്ലെന്‍ഡെയാണ് ആദ്യ ഗോള്‍ നേടിയത്. ഒമ്പത് മിനിട്ടുകള്‍ക്ക് അപ്പുറം താരം വീണ്ടും വലകുലുക്കി. ജോഡി ആല്‍ബ നല്‍കിയ പന്ത് സ്വീകരിച്ച് 23ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ നേട്ടം.

ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ന്യൂയോര്‍ക്ക് സിറ്റിയുടെ ഗോളുമെത്തി.  37ാം മിനിറ്റിലായിരുന്നു ടീമിന്റെ ഗോള്‍. ജസ്റ്റിന്‍ ഹാക്ക് ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ പിന്നീട് മൂന്ന് ഗോള്‍ കൂടി അടിച്ചാണ് മയാമി തങ്ങളുടെ മോഹകപ്പില്‍ മുത്തമിട്ടത്. 67ാം മിനിട്ടില്‍ മറ്റെയോ സില്‍വെറ്റിയാണ് രണ്ടാം പകുതിയിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. മെസിയുടെ അസിസ്റ്റിലായിരുന്നു ഈ ഗോള്‍.

ശേഷം 83ാം മിനിട്ടിലും 89ാം മിനിട്ടിലും ദി ഹെറോണ്‍സ് ഗോള്‍ നേടി ലീഡുയര്‍ത്തി. ടെലാസ്‌കോ സെഗോവിയയും അല്ലെന്‍ഡെയുമായിരുന്നു ഗോള്‍ അടിച്ചവര്‍. ആദ്യത്തെ ഗോളിന് ആല്‍ബ പന്ത് നല്‍കിയപ്പോള്‍ യാനിക്ക് ബ്രൈറ്റിന്റെ വകയായിരുന്നു രണ്ടാം ഗോളിന്റെ അസിസ്റ്റ്. ടീമിന്റെ അഞ്ചാം ഗോള്‍ നേടിയതിലൂടെ അല്ലെന്‍ഡെ ഹാട്രിക്കും പൂര്‍ത്തിയാക്കി. ഇവരുടെ പ്രകടനത്തിന്റെ കരുത്തില്‍ മയാമി ജയിക്കുകയായിരുന്നു.

Content Highlight: Lionel Messi became the player with most assists in Football  by Surpassing Ferenc Puskas