അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ (എം.എല്‍.എസ്) ഇന്റര്‍ മയാമിയുടെ അടുത്ത മത്സരത്തിലും സൂപ്പര്‍ താരം ലയണല്‍ മെസി കളിക്കില്ല. എം.എല്‍.എസില്‍ തിങ്കളാഴ്ച ഒര്‍ലാന്‍ഡ സിറ്റിക്കെതിരെ ഷെഡ്യൂള്‍ ചെയ്ത മത്സരമാണ് താരത്തിന് നഷ്ടമാവുക. കഴിഞ്ഞ ആഴ്ച വലതുകാലിന്റെ തുടക്കേറ്റ പരിക്കാണ് താരത്തിന് വിനയായത്.
ഒര്‍ലാന്‍ഡ സിറ്റിക്കെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കോച്ച് ജാവിയര്‍ മഷെറാനോയാണ് മെസി കളിക്കില്ലെന്ന വിവരം അറിയിച്ചത്. താരം എത്രയും പെട്ടെന്ന് ടീമിനൊപ്പം തിരിച്ച് വരുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. എന്നാല്‍ താരം ഇന്റര്‍ മയാമിക്കൊപ്പം എന്ന് തിരിച്ച് കളിക്കളത്തില്‍ ഇറങ്ങുമെന്ന് മയാമി പരിശീലകന്‍ വ്യക്തമാക്കിയിട്ടില്ല.
‘ഇല്ല, മെസി നാളെ കളിക്കില്ല. അദ്ദേഹത്തിന് കുഴപ്പമില്ല, പക്ഷേ സീസണിന്റെ ഭൂരിഭാഗവും ബാക്കിയിരിക്കെ ലിയോയെ ഇപ്പോള്‍ ഒര്‍ലാന്‍ഡോയിലേക്ക് കൊണ്ടുപോകുന്നത് വളരെ അപകടകരമാണ്. അദ്ദേഹം ഉടന്‍ തന്നെ ഞങ്ങളോടൊപ്പം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ മഷെറാനോ പറഞ്ഞു.
മെക്‌സിക്കന്‍ ക്ലബ് നെകാക്‌സയ്ക്കെതിരായ ലീഗ്‌സ് കപ്പ് മത്സരത്തിലായിരുന്നു താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ എട്ടാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയ്ക്ക് സമീപം നെകാക്‌സ ഡിഫന്‍ഡേഴ്‌സ് മെസിയുടെ മുന്നേറ്റം തടയാന്‍ ശ്രമിക്കവെയായിരുന്നു താരം വീണ് പരിക്കേല്‍ക്കുകയും കളം വിടുകയും ചെയ്തത്. ഈ മത്സരത്തില്‍ മയാമി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയം സ്വന്തമാക്കിയിരുന്നു.
പരിക്ക് കാരണം ലീഗ്സ് കപ്പിലെ പ്യൂമാസിനെതിരെ നടന്ന മയാമിയുടെ അവസാന മത്സരത്തിലും മെസി കളിച്ചിരുന്നില്ല. ഈ മത്സരത്തില്‍ മയാമി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. കൂടാതെ, ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.
Content Highlight: Lionel Messi to miss MLS clash of Inter Miami against Orlando City