കരിയറില്‍ മറ്റൊരു കിരീടം ലക്ഷ്യമിട്ട് സൂപ്പര്‍ താരം ലയണല്‍ മെസി നാളെ കളത്തിലേക്ക്. ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ഫൈനലില്‍ ന്യൂയോര്‍ക് സിറ്റിയാണ് എതിരാളികള്‍. മയാമിയുടെ തട്ടകമായ ചെയ്‌സ് സ്‌റ്റേഡിയമാണ് വേദി.
കരിയറിലെ 47ാം കിരീടമാണ് സ്വന്തം തട്ടകത്തില്‍ മെസി ലക്ഷ്യമിടുന്നത്. ഇന്റര്‍ മയാമിക്കൊപ്പം മൂന്നാം കിരീടവും. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ താരമെന്ന സ്വന്തം റെക്കോഡ് തകര്‍ക്കാനാണ് മെസി ഒരുങ്ങുന്നത്.
Eastern Final. Miami ready. 🌴🔥
Get ready to pink out the stadium with 21,500 rally towels! 💗🏟️
താന്‍ പന്തുതട്ടി കളിയടവ് പഠിച്ച കറ്റാലന്‍മാര്‍ക്ക് വേണ്ടിയാണ് മെസി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയത്. ലാ ലിഗയും ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലബ്ബ് വേള്‍ഡ് കപ്പുമടക്കം 35 തവണ മെസി ബ്ലൂഗ്രാനയ്‌ക്കൊപ്പം വിജയമധുരം നുകര്‍ന്നു.
ലയണല്‍ മെസി | Photo: Inter Miami X.com
അര്‍ജന്റൈന്‍ ദേശീയ ടീമിനൊപ്പം ആറ് തവണയാണ് മെസി പോഡിയത്തിലേറിയത്. 2022 ലോകകപ്പും രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.
പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടം നേടിയ മെസി ഇന്റര്‍ മയാമിക്കൊപ്പം രണ്ട് കിരീടവും സ്വന്തമാക്കി. മയാമിയുടെ ചരിത്രത്തിലെ രണ്ട് കിരീടങ്ങളും മെസിയാണ് ഹെറോണ്‍സിന് സമ്മാനിച്ചത്.
ഈ വര്‍ഷം സെപ്റ്റംബറില്‍ മെസിക്ക് കരിയറിലെ 47ാം കിരീടം സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നു. ലീഗ്‌സ് കപ്പ് ഫൈനലില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനോട് പരാജയപ്പെട്ടതോടെയാണ് 47ാം കിരീടമെന്ന മോഹം അന്ന് നടക്കാതെ പോയത്.
ഇപ്പോള്‍ കരിയറിലെ മറ്റൊരു സ്വപ്‌ന നേട്ടമാണ് മെസിക്കും മെസിയിലൂടെ ഇന്റര്‍ മയാമിക്കും മുമ്പിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ 4.30ന് സ്വന്തം തട്ടകത്തില്‍ പിങ്ക് കുപ്പായക്കാര്‍ തങ്ങളുടെ മൂന്നാം കിരീടത്തിലേക്ക് നടന്നടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlight: Lionel Messi is aiming for the 47th title of his career