| Monday, 25th May 2026, 9:20 am

മെസിക്ക് പരിക്ക്; ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീനക്ക് കനത്ത തിരിച്ചടി

Sudev A

2026 ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് പരിക്ക്. മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയക്കെതിരെയുള്ള മത്സരത്തിലാണ് ഇന്റര്‍ മയാമി താരമായ മെസിക്ക് പരിക്കേറ്റത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പരിക്കേറ്റ മെസി സ്വയം കളം വിടുകയായിരുന്നു.

ഇടത് കാലിന് പരിക്കേറ്റ മെസി പകരക്കാരനെ ഇറക്കാന്‍ പരിശീലകനോട് ആവശ്യപ്പെടുകയായിരുന്നു. മാറ്റിയോ സില്‍വെറ്റിയാണ് മെസിയുടെ പകരക്കാരനായി ഇറങ്ങിയത്. മെസിയുടെ പരിക്കിന്റെ അപ്‌ഡേറ്റുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

ലോകകപ്പ് തുടങ്ങാനിരിക്കെ അര്‍ജന്റീനക്ക് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. താരത്തിന്റെ പരിക്ക് ആരാധകര്‍ക്കിടയിലും കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

മത്സരത്തില്‍ 6-4 എന്ന ത്രില്ലര്‍ സ്‌കോറിനായിരുന്നു മയാമി വിജയിച്ചത്. മയാമിക്ക് വേണ്ടി ലൂയി സുവാരസ് ഹാട്രിക് നേടി തിളങ്ങി. ജര്‍മന്‍ ബെര്‍ട്ടറാം ഇരട്ട ഗോളും റോഡ്രിഗോ ഡി പോള്‍ ഒരു ഗോളും സ്വന്തമാക്കി മയാമിയുടെ വിജയത്തില്‍ നിര്‍ണായകമായി.

2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി-യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്.

2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് അര്‍ജന്റീന 2026 ലോകകപ്പിനൊരുങ്ങുന്നത്. 2026 ലോകകപ്പ്  സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും.

അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്. 1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം നേടിയ അര്‍ജന്റീന ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.

Content Highlight: Lionel Messi injury Argentina Big Setback in 2026 world cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more