എം.എല്‍.എസിന്റെ ചരിത്രം തിരുത്തി സാക്ഷാല്‍ മെസി; കൊണ്ടുപോയത് ഇരട്ട റെക്കോഡ്!
Sports News
എം.എല്‍.എസിന്റെ ചരിത്രം തിരുത്തി സാക്ഷാല്‍ മെസി; കൊണ്ടുപോയത് ഇരട്ട റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th May 2025, 1:02 pm

കഴിഞ്ഞ ദിവസം (ഞായര്‍) എം.എല്‍.എസില്‍ നടന്ന മത്സരത്തില്‍ എന്‍.വൈ ബുള്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്റര്‍ മയാമി സ്വന്തമാക്കിയത്. ചേസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മെസിപ്പട തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇതിഹാസ താരം ലയണല്‍ മെസി 67ാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോള്‍ നേടിയിരുന്നു. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് തൂക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. എം.എല്‍.എസിന്റെ ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ 44 ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിച്ചത്.

സീസണില്‍ 25 ഗോളുകളും 19 അസിസ്റ്റുമാണ് മെസി നേടിയത്. വെറും 29 മത്സരങ്ങളില്‍ നിന്നാണ് മെസി ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല ക്ലബ്ബിന് വേണ്ടി ഏറ്റവും വേഗത്തില്‍ 40+ ഗോള്‍ കോണ്‍ഡ്രിബ്യൂഷന്‍ നേടുന്ന താരമാകാനും മെസിക്ക് സാധിച്ചു.

നിലവില്‍ ഫുട്‌ബോള്‍ കരിയറില്‍ 859 ഗോളുകളുമായി കുതിക്കുകയാണ് ലയണല്‍ മെസി. മാത്രമല്ല 380 അസിസ്റ്റ് ഗോളുകളും മെസി സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. മെസി നേടിയതില്‍ 738 ഗോളുകളും ക്ലബ്ബുകള്‍ക്ക് വേണ്ടിയാണ്. നിലവില്‍ ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുല്‍ ഗോളുകളുമായി മുന്നേറുന്ന താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. 934 ഗോളുകളാണ് താരം നേടിയത്.

അതേസമയം എന്‍.വൈ ബുള്‍സിനെതിരെയുള്ള മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി ഫഫ പിക്കള്‍ട്ട് ഒമ്പതാം മിനിട്ടില്‍ ഗോള്‍ നേടിയപ്പോള്‍ മാര്‍സലോ വെയ്ഗാന്‍ണ്ട് 30ാം മിനിട്ടിലും ലൂയിസ് സുവാരസ് 39ാം മിനിട്ടിലും ഗോള്‍ നേടി. റെഡ് ബുള്‍സിന് വേണ്ടി എന്റിക് മാക്‌സിമം ചോപേ മോണ്ടിങ് 43ാം മിനിട്ടില്‍ അഭിമാന ഗോള്‍ നേടിയിരുന്നു.

Content Highlight: Lionel Messi In Great Record Achievement In MLS