മെസിയുടെ ഫ്രീകിക്കില്‍ സീസര്‍ ചാരമായി; നേടിയത് ക്ലബ്ബ് ലോകകപ്പിലെ തകര്‍പ്പന്‍ നേട്ടം!
Sports News
മെസിയുടെ ഫ്രീകിക്കില്‍ സീസര്‍ ചാരമായി; നേടിയത് ക്ലബ്ബ് ലോകകപ്പിലെ തകര്‍പ്പന്‍ നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th June 2025, 2:58 pm

ക്ലബ്ബ് ലോകകപ്പില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി. അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്.സി പോര്‍ട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയാമി പരാജയപ്പെടുത്തിയത്. വിജയത്തോടെ മയാമി നാല് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമാണ് ഇന്റര്‍ മയാമി രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. എട്ടാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ എഫ്.സി പോര്‍ട്ടോ ഗോള്‍ കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ ക്ലബ്ബിനായി സമു അഗെഹോവയാണ് മയാമിയുടെ വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മയാമിയുടെ വെനസ്വേല താരം ടെലസ്‌കോ സെഗോവിയ സമനില ഗോള്‍ നേടി. ആക്രമിച്ച് കളിച്ച് ഏഴ് മിനിറ്റുകള്‍ക്കകം തന്നെ മയാമി വീണ്ടും പോര്‍ട്ടോയുടെ വല കുലുക്കി. ബോക്സിന് അടുത്തുനിന്ന് ലഭിച്ച ഫ്രീകിക്ക്, പോസ്റ്റിലെ ലെഫ്റ്റ് ടോപ്പ് ബോട്ടം കോര്‍ണറില്‍ ഫിനിഷ് ചെയ്താണ് മെസി ടീമിന് വേണ്ടി വിജയ ഗോള്‍ നേടിക്കൊടുത്തത്.

വിജയഗോള്‍ നേടിയതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും അര്‍ജന്റൈന്‍ ഇതിഹാസത്തിന് സാധിച്ചിരിക്കുകയാണ്. ക്ലബ്ബ് വേള്‍ഡ് കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് മെസിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ കരീം ബെന്‍സെമ, ഗാരെത് ബെയ്ല്‍ എന്നിവര്‍ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു. മാത്രമല്ല മുന്‍ അര്‍ജന്റൈന്‍ താരം സീസര്‍ ഡെല്‍ഗാഡോയെ മറിക്കാനും മെസിക്ക് കഴിഞ്ഞു.

ക്ലബ്ബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 7

കരീം ബെന്‍സെമ – 6

ഗാരെത് ബെയില്‍ – 6

ലയണല്‍ മെസി – 6

സീസര്‍ ഡെല്‍ഗാഡോ – 5

അതേസമയം ക്ലബ്ബ് ലോകകപ്പില്‍ ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം ജൂണ്‍ 24നാണ്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മീറസുമായാണ് മത്സരം. ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ അല്‍ ആഹ്‌ലിയോട് സമനില വഴങ്ങിയതിനാല്‍ അടുത്ത മത്സരം പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ ഇന്റര്‍ മയാമിക്ക് നിര്‍ണായകമായിരിക്കും.

Content Highlight: Lionel Messi In Great Record Achievement In Club World Cup