മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് തോല്‍വി. നാഷ്‌വിൽ എഫ്.സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മയാമിയെ തകര്‍ത്തത്. എതിരാളികളുടെ തട്ടകമായ ജിയോഡിസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമി നായകന്‍ ലയണല്‍ മെസിയുടെ തിരിച്ചുവരവ് കാണാനാവുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ ഒന്നടങ്കം നിരാശരായി. പിതാവിന്റെ വിയോഗത്തിന് ശേഷം മെസിക്ക് കളിക്കളത്തില്‍ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
മത്സരത്തില്‍ മായാമിക്ക് ലീഡ് നേടാനായി ലഭിച്ച പെനാല്‍റ്റി ലയണല്‍ മെസി പാഴാക്കിയിരുന്നു. മത്സരത്തിന്റെ 23ാം മിനിട്ടില്‍ മെസിയെടുത്ത പെനാല്‍ട്ടി കിക്ക് നാഷ്‌വിൽ ഗോള്‍ കീപ്പര്‍ ബ്രയാന്‍ ഷ്വാക്ക് സേവ് ചെയ്യുകയായിരുന്നു. എന്നാല്‍ റീബൗണ്ടിലൂടെ മയാമി ഗോള്‍ നേടി. പക്ഷെ വാര്‍ പരിശോധിക്കുകയും എന്‍ക്രോച്‌മെന്റ് കാരണം ഗോള്‍ റഫറി നല്‍കിയില്ല.
ചരിത്രത്തില്‍ ആദ്യമായാണ് മെസി കളിക്കളത്തില്‍ തുടര്‍ച്ചയായി മൂന്ന് പെനാല്‍റ്റികള്‍ നഷ്ടമാകുന്നത്. 2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രിയക്കെതിരെയും പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരയെയും മെസി പെനാല്‍റ്റികള്‍ നഷ്ടമാക്കിയിരുന്നു.
തന്റെ 22 വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ് മെസി ഹാട്രിക് പെനാല്‍റ്റികള്‍ നഷ്ടമാകുന്ന ഇത്തരത്തിലൊരു നിര്‍ഭാഗ്യ ഘട്ടത്തിലൂടെ കടന്നുപോവുന്നത്.
അടുത്തിടെ മെസി മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരുന്നു. ലീഗ്സ് കപ്പില്‍ നിന്നും ഇന്റര്‍ മയാമി പുറത്തായിരുന്നു. എം.എക്‌സ് ടീം ക്ലബ്ബ് ലിയോണിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് മയാമി മടങ്ങിയത്.
ചരിത്രത്തില്‍ ആദ്യമായായിട്ടിയിരുന്നു മെസി തന്റെ കരിയറില്‍ ഒരു ഒഫീഷ്യല്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താവുന്നത്. ഇതിന് മുമ്പ് കളിച്ച എല്ലാ ടൂര്‍ണമെന്റുകളിലും മെസി അടുത്ത ഘട്ടത്തിലേക്ക് കടന്നിരുന്നു. ഈ റെക്കോഡും അര്‍ജന്റൈന്‍ നായകന് നഷ്ടമായിരിക്കുകയാണ്.
അതേസമയം നാഷ്‌വില്ലിനെതിരായ മത്സരത്തില്‍ ഇന്റര്‍ മയാമി നേടിയ ഏക ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു. ആദ്യ പകുതിയുടെ ആഡ് ഓൺ ടൈമില്‍ ടെലാസ്‌കോ സെഗോവിയയാണ് മയാമിക്കായി ഗോള്‍ നേടിയത്.
17ാം മിനിട്ടില്‍ ആന്‍ഡി നജാറിന്റെ ഗോളിലൂടെ ഹോം ടീം ആണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മയാമിയുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടിയാണ് നാഷ്‌വിൽ വിജയം പിടിച്ചെടുത്തത്. ഹാനി മുഖാര്‍ ഇരട്ട ഗോളും സാം സുറിഡ് ഒരു ഗോളും സ്വന്തമാക്കിയാണ് മയമിയുടെ പതനം പൂര്‍ത്തിയാക്കിയത്.
എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 19 മത്സരങ്ങളില്‍ നിന്നും 11 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്.
എം.എല്‍.എസില്‍ ഓഗസ്റ്റ് 20നാണ് മയാമി അടുത്ത മത്സരത്തിനിറങ്ങുന്നത്. ഫിലാഡല്‍ഫിയയാണ് ഹെറോണ്‍സിന്റെ എതിരാളികള്‍.
Content Highlight: Lionel Messi has missed three consecutive penalties for the first time in his football career