എം.എല്‍.എസില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് മോൺട്രിയലിനെതിരെ മിന്നും വിജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മയാമിയുടെ വിജയം. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടേയും ലൂയിസ് സുവാരസിന്റെയും ഇരട്ട ഗോളിലാണ് മയാമി വിജയിച്ചുകയറിയത്.
ഇരട്ട ഗോള്‍ നേട്ടത്തോടെ 862 കരിയര്‍ ഗോളുകളാണ് മെസി സ്വന്തമാക്കിയത്. ഇതോടെ കരിയറില്‍ 862 ഗോള്‍ നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമാകാനും മെസിക്ക് സാധിച്ചിരിക്കുകയാണ്. തന്റെ 37ാം വയസിലാണ് മെസി ഗോള്‍ വേട്ട തുടരുന്നത്.
മത്സരത്തില്‍ ലൂയിസ് 68ാം മിനിട്ടിലും 71ാം മിനിട്ടിലും ഗോള്‍ നേടി മയാമിയെ വമ്പന്‍ ലീഡില്‍ എത്തിച്ചു. മാത്രമല്ല കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായ സുവാരസിന് ഈ ഗോള്‍ നേട്ടം കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. 20 ഗോളുകളാണ് സുവാരസ് കഴിഞ്ഞ സീസണില്‍ നേടിയത്.
മാത്രമല്ല മയാമിയുടെ പ്രതിരോധത്തെ മറികടന്ന് ആറ് തവണ എതിരാളികള്‍ ഗോളിന് ലക്ഷ്യംവെച്ചിരുന്നെങ്കിലും രണ്ട് ഗോള്‍ മാത്രമാണ് മയാമി വഴങ്ങിയത്. മാത്രമല്ല വിജയത്തോടെ തുടര്‍ പരാജയങ്ങള്‍ക്ക് വിരാമമിടാനും മയാമിക്ക് സാധിച്ചു.
മെയ് മൂന്നിനാണ് ഇന്റര്‍ മയാമി അവസാനമായി ലീഗില്‍ വിജയിച്ചത്. മാത്രമല്ല ഈസ്റ്റേണ്‍ കോണ്‍കാഫില്‍ ആറാം സ്ഥാനത്തേക്കും മയാമി പിന്തള്ളപ്പെട്ടിരുന്നു. ക്ലബ്ബ് ലോകകപ്പ് നടക്കാനിരിക്കുമ്പോള്‍ മികച്ച ഫോമില്‍ തുടരുകയാണ് മെസി.
Content Highlight: Lionel Messi had two goals and one assist for Inter Miami against Montreal