| Thursday, 25th June 2026, 9:53 am

'മിശിഹ കടാക്ഷം'; മലയാളിക്ക് നന്ദി പറഞ്ഞ് മെസി

ഫസീഹ പി.സി.

മലയാളി വ്‌ലോഗരുടെ വീഡിയോയില്‍ കമന്റ് ചെയ്ത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. മെസിയുടെ ജന്മദിനത്തില്‍ താരത്തിന് ആശംസകളറിയിച്ച് യാദില്‍ എം. ഇക്ബാല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലാണ് താരം കമന്റ് പങ്കുവെച്ചത്.

കടുത്ത മെസി ആരാധകനായ യാദില്‍ സ്പാനിഷില്‍ താരത്തിന് പിറന്നാളാശംസകള്‍ അറിയിച്ച് സംസാരിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ‘ലിയോയ്ക്ക് ജന്മദിനാശംസകള്‍. കേരളത്തില്‍ നിന്നും ഇന്ത്യയിലെ ഒരു ജനതയുടെ സ്‌നേഹം അറിയിക്കുന്നു’ എന്ന് പറഞ്ഞാണ് യാദില്‍ വീഡിയോ തുടങ്ങുന്നത്.

2021ല്‍ മാരക്കാനയില്‍ നടന്ന കോപ്പ അമേരിക്ക അര്‍ജന്റീന സ്വന്തമാക്കിയതിന് പിന്നാലെ കൊടുങ്ങല്ലൂരില്‍ താന്‍ വരച്ച ചുവര്‍ചിത്രവും യാദില്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. കൂടാതെ, 2022 ലോകകപ്പ് നേടിയതിന് പിന്നാലെ സ്ഥാപിച്ച മെസിയുടെ പ്രതിമയും ഇതിഹാസത്തിന്റെ ചിത്രം വരച്ച തന്റെ വാഹനവും യാദില്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘എന്റെ പരിശ്രമങ്ങള്‍ ഒരിക്കല്‍ ലിയോ നിങ്ങള്‍ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് യാദില്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. ഇതിന് താഴെയാണ് മെസി കമന്റ് ചെയ്തിരിക്കുന്നത്. നന്ദി യാദില്‍ (ഗ്രേഷ്യസ് യാദില്‍) എന്നാണ് മെസിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമായിരുന്നു ലയണല്‍ മെസിയുടെ ജന്മദിനം. തന്റെ ആറാം ലോകകപ്പില്‍ കളിക്കുന്ന താരത്തിന് 39 വയസാണ്.

അതേസമയം, 2026 ഫിഫ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി പുറത്തെടുക്കുന്നത്. ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരെ ഹാട്രിക്ക് അടിച്ചാണ് താരം വരവറിയിച്ചത്. ഇത് താരത്തിന്റെ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ്.

പിന്നാലെ ഓസ്ട്രിയ്‌ക്കെതിരെ അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ഇരട്ട ഗോളും നേടി. നിലവില്‍ അഞ്ച് ഗോളുമായി ഗോള്‍ഡന്‍ ബൂട്ടിനുള്ള റേസില്‍ താരം ഒന്നാമതാണ്. കൂടാതെ, ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന പട്ടവും മിശിഹ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlight: Lionel Messi commented Malayali Vlogger Adil M Iqbal’s  Birthday wishing post

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

Latest Stories

We use cookies to give you the best possible experience. Learn more